വി.ഡി. രാജപ്പൻ അന്തരിച്ചു
text_fieldsകോട്ടയം: പ്രമുഖ ഹാസ്യകലാകാരനും കാഥികനും ചലച്ചിത്ര താരവുമായ വി.ഡി. രാജപ്പൻ (70) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളുമായിരുന്നു അടുത്തുണ്ടായിരുന്നത്. വിവരമറിഞ്ഞ് കോട്ടയത്തെ ആശുപത്രിയിൽ നിരവധി ആരാധകർ എത്തിയിട്ടുണ്ട്.
ഹാസ്യകഥാപ്രസംഗത്തിലൂടെയാണ് ഇദ്ദേഹം ജനശ്രദ്ധ നേടിയത്. പാരഡി ഗാനങ്ങളിലൂടെ കഥാപ്രസംഗം എന്ന കലയെ മറ്റൊരു തലത്തിലെത്തിച്ച കലാകാരനായിരുന്നു വി.ഡി. രാജപ്പൻ. മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയിലൂടെ കഥാപ്രസംഗ രംഗത്ത് പുതിയ പാത പിന്തുടർന്നയാളാണ് ഇദ്ദേഹം. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്‍റെ മിക്ക കഥകളിലെയും കഥാപാത്രങ്ങൾ. ഇവരുടെ പ്രണയവും പ്രതികാരവും നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച് ശ്രോതാക്കളെ ആകർഷിക്കാൻ രാജപ്പന് കഴിഞ്ഞു.
മലയാള സിനിമാഗാനങ്ങളുടെ പാരഡികൾ അടങ്ങിയ കഥാപ്രസംഗങ്ങൾ ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. പ്രിയേ നിന്‍റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്‍റെ തുടങ്ങിയ കഥാപ്രസംഗങ്ങൾ കേരളത്തിലും ഗൾഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ കാസറ്റുകളും അക്കാലത്ത് വൻതോതിൽ വിറ്റഴിക്കപ്പെട്ടിരുന്നു.
കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. അവസാനകാലത്ത് ആരോഗ്യപരമായും സാമ്പത്തികമായും ഇദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
