കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഗള്‍ഫില്‍ മലയാളി സ്ത്രീയെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലുമായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവന്‍ മുമ്പും നിരവധി ഭൂമിയിടപാടുകള്‍ നടത്തിയിട്ടുണ്ട്. ആള്‍ദൈവമായി നടന്ന ഇയാളെ 2008ല്‍ അറസ്റ്റ് ചെയ്തപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടത്തെിയത്.
എറണാകുളം നഗരത്തില്‍ വിവാദ സ്വാമിയുടെ പോണേക്കരയിലെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയ പൊലീസ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ അന്ന് കണ്ടത്തെിയിരുന്നു. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ 2002 വരെ ദുബൈയിലായിരുന്നു. 2002ല്‍ നാട്ടിലത്തെിയ ഇയാള്‍ പിന്നീടാണ് ആള്‍ദൈവമാകുന്നത്. തന്‍െറയും മാതാപിതാക്കളുടെയും പേരില്‍ ശാന്തിതീരം ട്രസ്റ്റും പോണേക്കരയില്‍ ആശ്രമവും സ്ഥാപിച്ചു. 16 സ്യൂട്ടുകളുള്ള ആശ്രമത്തില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, സിനിമാതാരങ്ങള്‍, പ്രവാസി ഉന്നതര്‍, വന്‍കിട വ്യാപാരികള്‍ എന്നിവര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു.
തന്നെ വഞ്ചിച്ച് 45 ലക്ഷവുമായി സന്തോഷ് മാധവന്‍ മുങ്ങിയെന്ന് ദുബൈയിലെ മലയാളി സ്ത്രീ സെറാഫിന്‍ എഡ്വിന്‍െറ പരാതിയാണ് ആള്‍ദൈവത്തിന്‍െറ തലക്കുറി മാറ്റിയത്. യു.എ.ഇയില്‍ സന്തോഷ് മാധവനെതിരെ വഞ്ചനക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സന്തോഷ് മാധവനുവേണ്ടി അന്വേഷണം നടത്തിയ ഇന്‍റര്‍പോള്‍ 2004ല്‍ ലുക്കൗട്ട് നോട്ടീസിറക്കി. ഈ കേസില്‍ 2008 മേയ് 18 ന് കൊച്ചിയില്‍ അറസ്റ്റിലായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പല വസ്തുകളും പുറത്തായത്.
ആശ്രമത്തിന് കീഴില്‍ അനാഥശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇവയുടെ മറവിലായിരുന്നു ഇടപാടുകള്‍. വിദ്യാഭ്യാസചെലവും മറ്റും സ്പോണ്‍സര്‍ ചെയ്ത് അനാഥശാലയിലത്തെിച്ച പ്രായപൂത്തിയാകാത്ത പെണ്‍കുട്ടികളെ ഇയാള്‍ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചു. മറ്റ് പലര്‍ക്കും കാഴ്ചവെക്കുകയും ഇതിന്‍െറയെല്ലാം നീലച്ചിത്രം നിര്‍മിക്കുകയും ചെയ്തു.
പൊലീസ് പിന്നീട് ഈ സീഡികളും കണ്ടെടുത്തു. കോടതിയില്‍ ഇത് ഇയാള്‍ക്കെതിരെ നിര്‍ണായക തെളിവായി. 2009 മേയ് 16ന് കീഴ്കോടതി സന്തോഷ് മാധവനെ 16 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പിന്നീട് ഹൈകോടതി ചെറിയ ഇളവോടെ ശിക്ഷ ശരിവെച്ചു. 2006ല്‍ ഇയാള്‍ 22 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസുണ്ടായിരുന്നു.
കോടികളുടെ ഹവാല ഇടപാടിലും സെക്സ് റാക്കറ്റിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ‘ആള്‍ദൈവം’ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. നിരവധി ബിനാമി ഇടപാടുകള്‍ ഉണ്ടായിരുന്നതായും ഭൂമിയിടപാടുകളില്‍ ഇടനിലക്കാരനായിരുന്നതായും അന്നുതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.