കോഴിക്കോട് കാർ മറിഞ്ഞ് ഒരു മരണം
text_fieldsകോഴിക്കോട്: കൊയിലാണ്ടി ദേശീയപാത ബൈപാസില്‍ വെങ്ങളത്ത് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. കാസർകോട് കൊന്നക്കാട് ശ്രീപുരംപറമ്പ് ചിറക്കരപറമ്പിൽ മാധവൻ നായർ (66) ആണ് മരിച്ചത്. ഡ്രൈവര്‍ കാസര്‍കോട് നാട്ടക്കല് പരപ്പയില്‍ സുരേഷ് ബാബു, രാമകൃഷ്ണൻ, ശ്രീനിവാസൻ, ഷിബു, വേണുനായർ, പ്രസാദ്, പ്രമോദ് എന്നിവർക്കാണ് പരിക്കേറ്റത്. രാമകൃഷ്ണൻ, ശ്രീനിവാസൻ എന്നിവരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധവൻ നായരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുലര്‍ച്ചെ രണ്ട് മണിയോടെ തിരുവങ്ങൂരിലായിരുന്നു അപകടം.
കാസര്‍കോട്ട് ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹികളാണ് അപകടത്തിൽപ്പെട്ടവർ. ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന് ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ധനസഹായം വാങ്ങാൻ പോയതായിരുന്നു സംഘം.
ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ ബൈപാസില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് ക്രെയിൻ ഉപയോഗിച്ച് കാറിനുള്ളിലെ യാത്രക്കാരെ പുറത്തെടുത്തത്.
