ക്രൈസ്തവർ ഓശാന ഞായര്‍ ആചരിച്ചു
text_fieldsകോഴിക്കോട്: കുരിശുമരണത്തിന് മുന്നോടിയായി യേശു കഴുതപ്പുറത്തേറി ജറൂസലം നഗരത്തിലേക്ക് പ്രവേശിച്ചതിന്‍റെ ഓര്‍മ പുതുക്കി ക്രൈസ്തവർ ഓശാന ഞായര്‍ ആചരിച്ചു. ഓശാന ആചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ യേശുവിന്‍റെ ജറൂസലം യാത്രയെ അനുസ്മരിപ്പിക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുകര്‍മങ്ങളും നടന്നു. ഒലിവ് ചില്ലകളേന്തി സ്വീകരിച്ചതിന്‍റെ ഓര്‍മയിൽ തെങ്ങിന്‍ കുരുത്തോലകള്‍ പ്രദക്ഷിണത്തിന് ഉപയോഗിച്ചു.

ഇതോടെ, അമ്പതു നോമ്പിലെ വിശുദ്ധദിനങ്ങളായ കഷ്ടാനുഭവയാഴ്ചക്കും തുടക്കമായി. ക്രിസ്തീയ വിശ്വാസികള്‍ക്ക് ഇനി കഠിന പ്രാര്‍ഥനയുടെ ദിനങ്ങള്‍. ക്ഷമയുടെയും സഹനത്തിന്‍റെയും എളിമയുടെയും പര്യായമായി കഴുതപ്പുറത്തെത്തിയ യേശുവിനെ വെള്ള വിരിച്ചും ഒലിവ് ചില്ലകളേന്തിയും ആനന്ദനൃത്തം ചെയ്തും ആയിരങ്ങള്‍ എതിരേറ്റതിന്‍റെ അനുസ്മരണമാണ് ഓശാന.

യേശുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ പുതുക്കുന്ന പെസഹ വ്യാഴാഴ്ച ആചരിക്കും. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും ഭവനങ്ങളില്‍ അപ്പം മുറിക്കലും നടക്കും. കുരിശുമരണത്തിന്‍റെ ഓര്‍മ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പീഡാനുഭവ തിരുകര്‍മങ്ങളും പ്രദക്ഷിണവുമുണ്ടാകും. ശനിയാഴ്ച അര്‍ധരാത്രിയിലും ഞായറാഴ്ച പുലര്‍ച്ചയുമായി നടക്കുന്ന ഈസ്റ്റര്‍ ശുശ്രൂഷയോടെ 50 ദിവസം നീണ്ട നോമ്പിനും അവസാനമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
