എം.എസ്.എഫ് നേതാവിന്‍െറ പേരില്‍ സമസ്ത നേതാക്കള്‍ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റ്; ബന്ധമില്ലെന്ന് അഷ്റഫലി
text_fieldsമലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി. അഷ്റഫലിയുടെ പേരില്‍ സമസ്ത നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിനെച്ചൊല്ലി വിവാദം. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമസ്ത നേതാക്കളും അഷ്റഫലിയും തമ്മിലുണ്ടായ പോരിന്‍െറ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ വിവാദവും. ലീഗിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വാധീനം ചെലുത്താനുള്ള ചില സമസ്ത നേതാക്കളുടെ നീക്കം പരാജയപ്പെട്ടതിനെ പരിഹസിച്ചാണ് അഷ്റഫലിയുടെ പേരില്‍ പോസ്റ്റ് പ്രചരിച്ചത്. ഇതിനെതിരെ സമസ്ത പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തുവരികയും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ നയം വ്യക്തമാക്കുകയും ചെയ്യുകയാണിപ്പോള്‍. അതേസമയം, പോസ്റ്റുമായി തനിക്ക് ബന്ധമില്ളെന്നും തന്‍െറ പേരില്‍ മറ്റാരോ ചെയ്ത വേലയാണിതെന്നും അഷ്റഫലി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ടെന്നും അഷ്റഫലി കൂട്ടിച്ചേര്‍ത്തു.
‘സമസ്തയിലെ അഭിനവ കാന്തപുരം അമ്പലക്കടവും ഫേസ്ബുക്ക് ദീനിപോരാളികളും ലീഗിലെ ബാക്കിയുള്ള നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി ഇറങ്ങിയിട്ടുണ്ടെന്ന്’ പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ജൂനിയര്‍ കാന്തപുരവും കൂട്ടാളികളായ കൂടത്തായി, മുണ്ടുപാറ, ഓണമ്പള്ളി, പന്തല്ലൂര്‍ തുടങ്ങിയ സ്ഥലപ്പേരുകളും രണ്ട് ഹാജിമാര്‍ക്ക് സീറ്റ് കിട്ടാന്‍ രംഗത്തിറങ്ങിയെങ്കിലും പാണക്കാട് തങ്ങള്‍ വഴങ്ങാത്തതിനാല്‍ നിരാശരായെന്നും ലീഗിന്‍െറ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ നോക്കേണ്ടെന്നും പോസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു. ഞങ്ങളാണ് ഉത്തരം താങ്ങുന്ന പല്ലികള്‍ എന്ന നിലയില്‍ ഇനിയാരും പാണക്കാട്ടേക്ക് പായേണ്ട. ആരൊക്കെ മത്സരിക്കണം, ആരൊക്കെ പാര്‍ട്ടി സ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന് പാണക്കാട് തങ്ങള്‍ക്കും ലീഗ് നേതാക്കള്‍ക്കും നന്നായി അറിയാം. ലീഗ് കേരളത്തിലെ മുസ്ലിം സംഘടനകളുടെ പൊതു പ്ളാറ്റ്ഫോമാണെന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നയം പാര്‍ട്ടി തുടരുമെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു.
പോസ്റ്റ് പ്രചരിച്ചതോടെ അതില്‍ പരാമര്‍ശിക്കപ്പെട്ട എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ എന്നിവരുടെ സംയുക്ത പ്രസ്താവനയും സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തി. തങ്ങളെ പരിഹാസ്യമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുമായി ബന്ധപ്പെട്ട് അഷ്റഫലിയോട് ആരാഞ്ഞപ്പോള്‍ നിഷേധിച്ചെങ്കിലും അദ്ദേഹത്തിന്‍െറ പ്രൊഫൈല്‍ ചിത്രം ഉള്‍പ്പെടെയുള്ള സ്ക്രീന്‍ ഷോട്ട് പുറത്തുവന്നതും തുടര്‍ന്ന് അദ്ദേഹം പ്രൊഫൈല്‍ ചിത്രം പൊടുന്നനെ മാറ്റിയതും സംശയത്തിന് അടിവരയിടുന്നതാണെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്വന്തം സംഘടനക്കും സമുദായത്തിനും അനുഗുണമായ സ്ഥാനാര്‍ഥികള്‍ വരണമെന്നും അവര്‍ വിജയിക്കണമെന്നും ആഗ്രഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമൊന്നുമല്ല. തീരുമാനം അനുകൂലവും പ്രതികൂലവുമാകുന്നത് സ്വാഭാവികം മാത്രം. ഞങ്ങളാരും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ വന്നിട്ടില്ല. എന്നാല്‍, സമസ്തയോടും കീഴ്ഘടകങ്ങളോടും ലീഗ് നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അഭിപ്രായം തേടുന്നത് ശാസ്ത്രീയ സര്‍വേ മാത്രം മതിയാവില്ളെന്ന് ഉന്നത നേതൃത്വത്തിന് ബോധ്യമുള്ളതുകൊണ്ടാണ്. അപ്പോഴും അള്‍ട്രാ സെക്യുലര്‍ യുവ കോമളന്മാരോട് അഭിപ്രായം തേടാത്തതിന് മറ്റുള്ളവരോട് കയര്‍ത്തിട്ടെന്തു കാര്യമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ സമസ്ത പ്രവര്‍ത്തകരുടെ ചര്‍ച്ച സജീവമാകുകയാണ്. അഷ്റഫലിക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കാന്‍ ആലോചനയുള്ളതായും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
