വയനാട്ടിലും ബോസ്റ്റണ്‍ ടീ പാര്‍ട്ടി മോഡല്‍ സമരം
text_fieldsമേപ്പാടി: അമേരിക്കന്‍ വിപ്ളവത്തിലേക്ക് നയിച്ച ബോസ്റ്റണ്‍ ടീ പാര്‍ട്ടി മോഡല്‍ സമരം വയനാട്ടില്‍. വെള്ളിയാഴ്ച വൈകീട്ട് സമരക്കാരുടെ നേതൃത്വത്തില്‍ തേയിലച്ചപ്പ് കയറ്റിക്കൊണ്ടുവന്ന വാഹനം തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ പിടിച്ചെടുത്ത് റോഡില്‍ വിതറുകയായിരുന്നു. എച്ച്.എം.എല്‍ നെടുങ്കരണ ഡിവിഷനില്‍നിന്ന് അരപ്പറ്റ ഫാക്ടറിയിലേക്ക് തേയിലച്ചപ്പ് കയറ്റിവന്ന വാഹനമാണ് സി.പി.എം, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടഞ്ഞത്. ചപ്പ് നിറച്ച ചാക്കുകള്‍ കെട്ടഴിച്ച് റോഡില്‍ വിതറിയശേഷം വാഹനം തിരികെ പറഞ്ഞുവിട്ടു. പൊലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു സംഭവം. 12 ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
1773 ഡിസംബര്‍ 16നായിരുന്നു ബോസ്റ്റണില്‍ പ്രസിദ്ധമായ ടീ പാര്‍ട്ടി സമരം നടന്നത്. 1773 മേയ് 10ന് വന്ന ടീ ആക്ടിനെതിരെയാണ് അമേരിക്കന്‍ തൊഴിലാളികള്‍ അന്ന് സമരം നടത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനി അയച്ച വലിയ തേയിലക്കപ്പല്‍ പിടിച്ചെടുത്ത് അതിലുള്ള വലിയ തേയിലപ്പെട്ടികള്‍ ബോസ്റ്റണ്‍ തുറമുഖത്തേക്ക് വലിച്ചെറിയുകയായിരുന്നു. അന്ന് അമേരിക്കയില്‍ നടന്ന സമരം വെള്ളിയാഴ്ച വയനാട്ടിലും മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു.
സി.ഐ.ടി.യു നേതൃത്വത്തില്‍ വയനാട്ടില്‍ ഫെബ്രുവരി അഞ്ചുമുതല്‍ തേയിലത്തോട്ടം തൊഴിലാളികള്‍ സമരത്തിലാണ്. 20 ശതമാനം ബോണസ് ആവശ്യപ്പെട്ടാണ് എച്ച്.എം.എല്ലിന്‍െറ അച്ചൂര്‍, ചൂരല്‍മല, ചുണ്ടേല്‍, അരപ്പറ്റ ഡിവിഷനുകളില്‍ സമരം നടക്കുന്നത്. ആദ്യദിനങ്ങളില്‍ ഓഫിസുകള്‍ക്കു മുന്നില്‍ ഉപവാസമിരുന്നു. മാര്‍ച്ച് ഒന്നുമുതല്‍ തൊഴില്‍ ബഹിഷ്കരിച്ചാണ് തൊഴിലാളികളുടെ സമരം. കഴിഞ്ഞ ദിവസങ്ങളില്‍ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.
കോടതി ഉത്തരവിലെ മാനദണ്ഡങ്ങള്‍ അംഗീകരിച്ച് സമാധാനപരമായി സമരം നടത്തിവന്ന തങ്ങളെ പ്രകോപിപ്പിക്കാനും തൊഴിലാളികളെ തമ്മിലടിപ്പിക്കാനുമുള്ള മാനേജ്മെന്‍റിന്‍െറ ഗൂഢ നീക്കമാണ് സംഭവത്തിനു പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു. ഫാക്ടറിയും ഓഫിസും പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ ചപ്പ് കയറ്റിവന്ന് പ്രകോപനമുണ്ടാക്കുകയാണ് മാനേജ്മെന്‍റ് ചെയ്തതെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
