ബസില്‍ ന്യൂമാറ്റിക് വാതില്‍: കോടതി നിര്‍ദേശം അട്ടിമറിക്കാന്‍ പുതിയ വിജ്ഞാപനം
text_fieldsകോഴിക്കോട്: സ്വകാര്യ ബസുകളില്‍ ന്യൂമാറ്റിക് വാതിലുകള്‍ വേണമെന്ന ഹൈകോടതി നിര്‍ദേശത്തെ അട്ടിമറിക്കാന്‍ ഗതാഗതവകുപ്പിന്‍െറ പുതിയ വിജ്ഞാപനം. വാതിലുകളില്ലാതെ ചീറിപ്പായുന്ന സ്വകാര്യ ബസുകള്‍ വരുത്തുന്ന അപകടത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ന്യൂമാറ്റിക് വാതിലുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. ഡ്രൈവര്‍ പ്രവര്‍ത്തിപ്പിച്ചാല്‍മാത്രം തുറക്കുന്ന സംവിധാനമായ ന്യൂമാറ്റിക് വാതില്‍ തനിയെ തുറന്ന് അപകടമുണ്ടാവില്ല. എന്നാല്‍, മോട്ടോര്‍ വാഹനവകുപ്പ് നിയമത്തിലെ 280 (2) വകുപ്പില്‍ ഭേദഗതി വരുത്തി എല്ലാ ബസുകളിലും ഡോര്‍ ഷട്ടര്‍ (വാതില്‍ പൊളി) സ്ഥാപിക്കണമെന്നാണ് ജനുവരി 29ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനം. ഇതില്‍ ആക്ഷേപവും അഭിപ്രായവുമുള്ളവര്‍ 30 ദിവസത്തിനകം ഗതാഗത സെക്രട്ടറിയെ അറിയിക്കണം. 2016 ജൂലൈ ഒന്നുമുതല്‍ ചട്ടം നിലവില്‍ വരും.
എല്ലാ ബസുകളിലും ന്യൂമാറ്റിക് വാതിലുകള്‍ സ്ഥാപിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്‍െറ 2011ലെ വിജ്ഞാപനം അട്ടിമറിച്ചതിന്‍െറ തുടര്‍ച്ചയാണ് സിറ്റി ബസിലുള്‍പ്പെടെ ഡോര്‍ ഷട്ടര്‍ വേണമെന്ന് നിഷ്കര്‍ഷിക്കുന്ന പുതിയ കരട്. നിലവിലെ നിയമപ്രകാരം സിറ്റി, ടൗണ്‍ ബസുകള്‍ ഒഴികെ എല്ലാ സ്റ്റേജ് കാരേജുകളിലും ഡോര്‍ ഷട്ടര്‍ വേണം. സിറ്റിബസുകളെ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയത് ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. യാത്രക്കാര്‍ സിറ്റി ബസുകളില്‍നിന്ന് തെറിച്ചുവീണ് അപകടമുണ്ടായതിനെ തുടര്‍ന്ന് ഹൈകോടതിയും സംസ്ഥാന മനുഷ്യാവകാശ കമീഷനും ന്യൂമാറ്റിക് വാതിലുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. ഡോര്‍ ഷട്ടര്‍ നിര്‍ബന്ധമാക്കിയതോടെ ന്യൂമാറ്റിക് വാതിലുകള്‍ നിര്‍ബന്ധമാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതിന് സമമാണ്.
പുതിയ വിജ്ഞാപനം നിയമമായാല്‍ സ്വകാര്യ ബസുകള്‍ക്ക് അപകടരഹിതമായ ന്യൂമാറ്റിക് വാതിലുകളെന്ന ശിപാര്‍ശ വെള്ളത്തിലാകും. ന്യൂമാറ്റിക് വാതിലുകള്‍ സുരക്ഷ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ചെലവ് കൂടുതലാണെന്നതാണ് ബസുടമകളെ പിന്തിരിപ്പിക്കുന്നത്. കൂടാതെ, ബസ് നിര്‍ത്തുന്നതിനുമുമ്പ് ആളുകളെ ഇറക്കിയും കയറ്റിയും ചീറിപ്പായുന്നതും നിര്‍ത്തേണ്ടിവരും. ഇത് കലക്ഷനെ ബാധിക്കുമെന്നും ജീവനക്കാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
