പി.സി ജോർജിനെ അയോഗ്യനാക്കിയ നടപടി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: കേരളാ കോൺഗ്രസ് നേതാവ് പി.സി ജോർജിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നിയമസഭാ സ്പീക്കറുടെ നടപടി ഹൈകോടതി റദ്ദാക്കി. എം.എൽ.എ സ്ഥാനം രാജിവെച്ച ജോർജിനെ അയോഗ്യനാക്കി സ്പീക്കർ പുറപ്പെടുവിച്ച ഉത്തരവ് നിയമപരമല്ല. അയോഗ്യനാക്കുന്നതിന് മുമ്പ് ജോർജിന്‍റെ ഭാഗം കൂടി സ്പീക്കർക്ക് കേൾക്കാമായിരുന്നു. ജോർജിന്‍റെ വാദം കൂടി പരിഗണിച്ച് രാജി അപേക്ഷ സ്പീക്കർക്ക് നിയമാനുസൃതം പുനഃപരിശോധിക്കാമെന്നും ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി. കൂറുമാറ്റ നിരോധ നിയമപ്രകാരം അയോഗ്യനാക്കാനുള്ള കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി പി.സി ജോർജ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
അയോഗ്യനാക്കിയ സ്പീക്കറുടെ നടപടിയിലുണ്ടായ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയിൽ നിന്ന് പി.സി ജോർജ് അനുകൂല വിധി സമ്പാദിച്ചത്. 2015 ജൂൺ മൂന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയായിരുന്നു ജോർജിനെ സ്പീക്കർ അയോഗ്യനാക്കിയത്. എന്നാൽ, തീരുമാനം വരുന്നതിന് തലേദിവസം വരെ എം.എൽ.എ പദവിയിലുള്ള ജോർജിന്‍റെ എല്ലാ നടപടികൾക്ക് അംഗീകാരമുണ്ടെന്നും ആനുകൂല്യങ്ങൾ പിൻവലിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ പരസ്പര വിരുദ്ധമാണെന്ന ജോർജിന്‍റെ വാദം ഹൈകോടതി അംഗീകരിക്കുകയായിരുന്നു.
ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നൽകിയ അപേക്ഷ ചട്ടപ്പടിയല്ലെന്ന വാദവും കോടതി പരിഗണിച്ചു. അപേക്ഷയെ കുറിച്ചുള്ള നിയമപ്രശ്നം സ്പീക്കറുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അദ്ദേഹം തെളിവ് നൽകിയില്ല. പുതിയ പാർട്ടി രൂപീകരിച്ചെന്ന വാദം തെറ്റാണെന്നും ജോർജ് കോടതിയിൽ വാദിക്കുകയും ചെയ്തു.
സത്യം ജയിച്ചെന്നാണ് ഹൈകോടതിയിലെ അനുകൂല വിധിയോട് പി.സി ജോർജ് പ്രതികരിച്ചത്. നിയമം സത്യത്തിന്‍റെയും നീതിയുടെയും വഴിക്കാണ്. തന്നെ പുറത്താക്കുക എന്ന കെ.എം മാണി, ഉമ്മൻചാണ്ടി, എൻ. ശക്തൻ എന്നിവരുടെ ആഗ്രഹമാണ് കോടതി വിധിയോടെ പൊളിഞ്ഞതെന്നും ജോർജ് പറഞ്ഞു.
2015 നവംബർ 13നാണ് പതിമൂന്നാം നിയമസഭയുടെ കാലാവധി തീരുന്നതുവരെ കൂറുമാറ്റ നിരോധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 191-2ലെ പത്താം ഷെഡ്യൂള്‍ പ്രകാരം പി.സി ജോർജിനെ അയോഗ്യനാക്കിയത്. 3.6.2015 മുതൽ മുൻകാല പ്രാബല്യത്തോടെയായിരുന്നു അയോഗ്യത. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പി.സി ജോർജിന് അയോഗ്യതയില്ലെന്നും സ്പീക്കർ എൻ. ശക്തൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
