ജേക്കബ് വിഭാഗം പിളരില്ലെന്ന് ഡെയ്സി ജേക്കബ്
text_fieldsമുവാറ്റപുഴ: കേരളാ കോൺഗ്രസ് ജേക്കബ് പിളരില്ലെന്ന് വൈസ് ചെയർമാൻ ഡെയ്സി ജേക്കബ്. അങ്കമാലി സീറ്റ് നൽകില്ലെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല. ജോണി നെല്ലൂർ ഔഷധി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിയിരുന്നില്ല. പിറവം സീറ്റിൽ താൻ മത്സരിക്കില്ലെന്നും ഡെയ്സി ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
അങ്കമാലി സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ചർച്ച ചെയ്യാൻ പാർട്ടിയുടെ നിര്‍ണായക നേതൃയോഗം ഇന്ന് കോട്ടയത്ത് നടക്കാനിരിക്കെയാണ് പാർട്ടി സ്ഥാപകൻ ടി.എം ജേക്കബിന്റെ ഭാര്യ കൂടിയായ ഡെയ്സി ജേക്കബ് രംഗത്തെത്തിയത്. സീറ്റ് വിഭജനത്തില്‍ യു.ഡി.എഫ് പാര്‍ട്ടിയെ അവഗണിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യോഗത്തില്‍ ഒരു വിഭാഗം പിളര്‍പ്പെന്ന തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. നേതൃയോഗത്തിന് ശേഷം കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കും.
പാര്‍ട്ടിയില്‍ ജോണി നെല്ലൂരും അനൂപ് ജേക്കബും തമ്മില്‍ മാസങ്ങളായി അനൈക്യത്തിലാണ്. ഉഭയകക്ഷി ചര്‍ച്ചകളില്‍ അങ്കമാലി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് ഭിന്നത പരസ്യമായത്. സീറ്റ് നിഷേധിക്കുന്നതിലെ അതൃപ്തി ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയപ്പോള്‍ ഉഭയകക്ഷി ചര്‍ച്ച പോസിറ്റീവാണെന്ന നിലപാടാണ് മന്ത്രികൂടിയായ അനൂപ് ജേക്കബ് കൈക്കൊണ്ടത്.
