സംസ്ഥാനം ജലക്ഷാമത്തിന്‍െറ പിടിയില്‍
text_fieldsതിരുവനന്തപുരം: കൊടുംവേനലില്‍ ചുട്ടുപൊള്ളുന്ന സംസ്ഥാനത്തിന്‍െറ മിക്ക ഭാഗങ്ങളും രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്‍െറ പിടിയില്‍. പാലക്കാട് ജില്ലയിലെ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടുണ്ട്. എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അസഹനീയമായ ചൂടിനെതുടര്‍ന്ന് വൈദ്യുതി ഉപയോഗം വ്യാഴാഴ്ച സര്‍വകാല റെക്കോഡ് കുറിച്ചു. 74.77 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഒറ്റ ദിവസം എരിച്ചുതീര്‍ത്തത്. ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചും പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങിയുമാണ് നിയന്ത്രണം ഇല്ലാതെ പിടിച്ചുനിന്നത്.
ജലക്ഷാമത്തില്‍ ജനം നട്ടംതിരിയുമ്പോഴും ജലവിതരണത്തിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ആവശ്യത്തിന് മഴ നേരത്തേ ലഭിച്ചതിനാല്‍ സംസ്ഥാനത്തെവിടെയും വരള്‍ച്ച ബാധിച്ചതായി പറയാനാവില്ളെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പക്ഷം. ഇപ്പോഴത്തേത് വേനല്‍ മാത്രമാണെന്നും വരള്‍ച്ച അല്ളെന്നുമാണ് ഇവരുടെ നിലപാട്. അധികൃതരുടെ വിശദീകരണത്തിനിടെ, ജനം കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. കര്‍ഷകരാണ് കൂടുതല്‍ വിഷമിക്കുന്നത്.പലയിടത്തും ചൂടുമൂലം കാലികള്‍ ചത്ത സംഭവങ്ങളുമുണ്ടായി. കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന വിലയിരുത്തല്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തിലുണ്ടായിരുന്നു. ജില്ലാ കലക്ടര്‍മാര്‍ക്ക് നടപടികള്‍ക്കായി ഒരുകോടി വീതം അനുവദിക്കാനും തീരുമാനിച്ചു. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളോ സര്‍ക്കാറോ ഇതുവരെ കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല.
അസാധാരണ താപവര്‍ധനയാണ് കണ്ണൂരും കോഴിക്കോടും രേഖപ്പെടുത്തിയത്. കണ്ണൂരില്‍ 38ഉം കോഴിക്കോട്, പുനലൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ 37ഉം കോട്ടയത്ത് 36ഉം ഡിഗ്രിയാണ് അനുഭവപ്പെട്ടത്. കുറഞ്ഞ താപനില 27 ഡിഗ്രിയായും ഉയര്‍ന്നുനില്‍ക്കുന്നു. മിക്കവാറും ജലസ്രോതസ്സുകളൊക്കെ വറ്റിവരണ്ടു. പല ആറുകളിലെയും തോടുകളിലെയും ശേഷിക്കുന്ന ജലം ഉപയോഗിക്കാന്‍ കഴിയാത്തവിധം മലിനവുമാണ്. സ്വകാര്യ ടാങ്കറുകളും കച്ചവടക്കാരും വന്‍ വിലയ്ക്ക് ഇപ്പോള്‍ കുടിവെള്ളവില്‍പന നടത്തിവരുകയാണ്. കാട്ടുമൃഗങ്ങള്‍ കുടിവെള്ളം കിട്ടാതെ നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിതിയുണ്ട്.
വൈദ്യുതിബോര്‍ഡിന്‍െറ അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞുവരുകയാണ്. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് എന്തെങ്കിലും തടസ്സം നേരിട്ടാന്‍ വലിയ പ്രയാസത്തിലേക്ക് സംസ്ഥാനം പോകും. ബുധനാഴ്ച വേണ്ടിവന്ന 74.77 ദശലക്ഷം യൂനിറ്റില്‍ 52.70 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് കൊണ്ടുവന്നതാണ്. സംസ്ഥാനത്തെ ജലസംഭരണികളില്‍ ആകെ 48 ശതമാനം വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ.
വേവും ചൂടില്‍ പാലക്കാട്
തുടര്‍ച്ചയായി രണ്ടാം ദിവസവും 40 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ ജില്ല വേവുന്ന ചൂടില്‍ പൊരിയുന്നു. അഞ്ച് വര്‍ഷം മുമ്പ് വേനലില്‍ ഒരുനാള്‍ 41.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നുവെങ്കിലും തുടര്‍ച്ചയായി രണ്ട് ദിവസവും താപനില ഉയര്‍ന്നത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 15 ദിവസത്തോളം താപനില 40 ഡിഗ്രി മുതല്‍ 40.5 വരെ എത്തിയ അനുഭവം കഴിഞ്ഞ രണ്ട് വേനലിലും മാര്‍ച്ച് മാസത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് മുണ്ടൂരിലെ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍റര്‍ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ചൂട് വര്‍ധിക്കാനാണ് സാധ്യത.
ഇതുവരെ വേനല്‍മഴ ലഭിക്കാത്ത ജില്ലയില്‍ ഇതിനകം ഒരാള്‍ സൂര്യാതപം മൂലം മരണമടയുകയും ഏതാനും പേര്‍ തൊലിക്ക് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. മലമ്പുഴ ഉള്‍പ്പെടെയുള്ള ഒമ്പത് ഡാമുകളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മലമ്പുഴ ഡാം തുറന്നത് അടച്ചു. ഡാമുകളില്‍ നിന്നുള്ള വെള്ളം പ്രധാന സ്രോതസ്സായ കുടിവെള്ള പദ്ധതികളെല്ലാം പ്രതിസന്ധി നേരിടുകയാണ്. വെള്ളമില്ലാത്തത് കൃഷിയേയും വല്ലാതെ ബാധിച്ചു. ഭാരതപ്പുഴയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളില്‍ പലതും പ്രവര്‍ത്തനം നിര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
