പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിക്കേണ്ട ബാധ്യത പൗരനില്ല –ഹൈകോടതി
text_fieldsകൊച്ചി: പ്രതിയെ പിടികൂടാന്‍ സഹായം തേടിയപ്പോള്‍ നിരസിച്ചതിന്‍െറ പേരില്‍ ബൈക്ക് യാത്രികനെതിരെ എടുത്ത ക്രിമിനല്‍ കേസ് ഹൈകോടതി റദ്ദാക്കി. പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍പോലും പ്രതികളെ പിടികൂടാന്‍ ഗതാഗത സൗകര്യമൊരുക്കി നല്‍കാനുള്ള ബാധ്യത ഒരു സാധാരണ പൗരന് ഇല്ളെന്നും പൊലീസുകാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയ സംഭവമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി. കെമാല്‍പാഷ കേസ് റദ്ദാക്കി ഉത്തരവിട്ടത്.
തനിക്കെതിരെ കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച സൈനികന്‍ കായംകുളം കൃഷ്ണപുരം സ്വദേശി പുരുഷോത്തമന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരനെതിരെ അനാവശ്യ കേസെടുത്ത കുറത്തികാട് എസ്.ഐ ആയിരുന്ന ഇ.ഡി. ബിജുവിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
ഹരജിക്കാരന്‍ 2014 ആഗസ്റ്റ് 26ന് ബൈക്കില്‍ യാത്ര ചെയ്യവേ എസ്.ഐ ബിജു ബൈക്കിന് കൈകാണിച്ചു നിര്‍ത്തുകയായിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു. ഓടിപ്പോയ മോഷ്ടാവിനെ പിടിക്കാന്‍ തന്നോടൊപ്പമുള്ള പൊലീസുകാരനെ ബൈക്കില്‍ കയറ്റി സഹായിക്കണമെന്ന് എസ്.ഐ ആവശ്യപ്പെട്ടു. ഇത് പുരുഷോത്തമന്‍ നിരസിച്ചു. തുടര്‍ന്ന് എസ്.ഐ ഭീഷണിപ്പെടുത്തുകയും ബൈക്ക് പിടിച്ചെടുത്ത് സ്റ്റേഷനിലത്തെിച്ച് മൂന്നുമണിക്കൂറോളം നിര്‍ത്തുകയും ചെയ്തു.
പൊലീസിന്‍െറ ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചെന്ന് ചൂണ്ടികാട്ടി പുരുഷോത്തമനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. മാവേലിക്കര ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മനുഷ്യാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്ന് പുനരന്വേഷണം നടത്തി. എങ്കിലും ഹരജിക്കാരന്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി വീണ്ടും കുറ്റപത്രം നല്‍കി. ഇതേ തുടര്‍ന്നാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചത്. എസ്.ഐയുടെ ഭാഗത്തുനിന്ന് ഹരജിക്കാരന് നേരെയുണ്ടായത് വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്.ഐയുടെ വാദങ്ങള്‍ മുഴുവന്‍ അംഗീകരിച്ചാലും ഹരജിക്കാരന്‍ ചെയ്ത കുറ്റമെന്തെന്ന് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമല്ല.
പൊലീസിന് പ്രതിയെ പിടികൂടാന്‍ ഗതാഗത സംവിധാനം ഒരുക്കാന്‍ ഒരു പൗരന് ബാധ്യതയില്ല. ഇതിന്‍െറ പേരില്‍ ഭീഷണിപ്പെടുത്തുകയും ബൈക്ക് പിടിച്ചെടുക്കുകയും അനാവശ്യമായി കേസെടുക്കുകയും ചെയ്ത എസ്. ഐയുടെ നടപടി ഗൗരവത്തോടെ കാണേണ്ടതാണ്. കുറ്റകൃത്യമെന്തെന്ന് വ്യക്തമല്ലാതെ നല്‍കിയ അന്തിമ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കേസിലെ നടപടികള്‍ തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗമാകും. ഈ സാഹചര്യത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടും അതിലുള്ള നടപടികളും റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കി. എസ്.ഐക്കെതിരെ നടപടിക്കായി ഉത്തരവ് ഡി.ജി.പിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
