പി. ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്യാൻ തുടങ്ങി
text_fieldsകണ്ണൂർ: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ സംഘം ചോദ്യം ചെയ്യാൻ തുടങ്ങി. ജയിലിൽവെച്ച് എസ്.പി ജോസ് മോഹന്‍റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ഡി.വൈ.എസ്.പി ഹരി ഒാം പ്രകാശും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ജയിലിലെത്തി ചോദ്യം ചെയ്യാൻ ഉപയോഗിക്കുന്ന മുറിയിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ജയിൽ സൂപ്രണ്ടുമായി സി.ബി.ഐ എസ്.പി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചോദ്യം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ ജയരാജനെ കസ്റ്റഡിയിൽ കിട്ടാൻ സി.ബി.ഐ വീണ്ടും കോടതിയെ സമീപിച്ചേക്കും.
രാവിലെ 10 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ജയരാജനെ 12 മണിയോടെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചത്. പ്രത്യേക ആംബുലൻസിൽ റോഡ് മാർഗമായിരുന്നു യാത്ര. കണ്ണൂർ എ.ആർ ക്യാമ്പിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം അനുഗമിച്ചിരുന്നു. രാവിലെ കണ്ണൂരിൽ നിന്നുള്ള ഡോക്ടർമാർ കോഴിക്കോട് എത്തി ജയരാജനെ പരിശോധിച്ച ശേഷമാണ് ഡിസ്ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടത്.
ബുധനാഴ്ച രാവിലെ മുതല്‍ മൂന്നു ദിവസത്തേക്ക് ജയിലിലോ ആശുപത്രിയിലോ ജയരാജനെ ചോദ്യംചെയ്യാനുള്ള അനുമതിയാണ് സി.ബി.ഐക്ക് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നല്‍കിയത്. കോടതി ഒരു മാസം റിമാന്‍ഡ് ചെയ്തെങ്കിലും ജയരാജന്‍ ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ല. ചികിത്സക്കായി പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലും തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ കോളജിലുമായി കഴിയുകയായിരുന്ന ജയരാജന്‍റെ റിമാന്‍ഡ് കാലാവധി മാര്‍ച്ച് 11ന് തീരാനിരിക്കെയാണ് മൂന്നു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചത്.
ജയരാജന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഉപാധികളോടെ കോടതി അനുവദിച്ചത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെയാണ് ചോദ്യം ചെയ്യലിനുള്ള സമയം. അതേസമയം, ചോദ്യം ചെയ്യുന്ന സമയത്ത് ഡോക്ടറുടെ സാന്നിദ്ധ്യം വേണമെന്ന ജയരാജന്‍റെ അപേക്ഷ കോടതി അംഗീകരിച്ചില്ല.
2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പ്രതികളാണുള്ളത്. മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നു ഫെബ്രുവരി 11നാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
