യെമൻ ഭീകരാക്രമണം: രക്ഷപ്പെട്ട സിസ്റ്റർ സാലി യു.എ.ഇയിലെത്തി
text_fieldsന്യൂഡൽഹി: യെമനിൽ ഭീകരരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളി സിസ്റ്റർ സാലി യു.എ.ഇയിലെത്തി. സിസ്റ്റർ സുരക്ഷിതയാണെന്ന് യു.എ.ഇയിലെ അംബാസഡർ അറിയിച്ചു. ജിബൂട്ടിയിലെ ക്യാംപ് ഒാഫീസ് വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമത്തെ തുടർന്നാണ് യെമനിൽ നിന്ന് സിസ്റ്റർ സാലിക്ക് നാട്ടിലേക്ക് പുറപ്പെടാൻ സാധിച്ചത്.
സിസ്റ്റർ സാലിയെ യെമനിൽ നിന്ന് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. യാത്രാവിവരം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നര വർഷമായി യെമനിലെ മിഷനറീസ് ഒാഫ് ചാരിറ്റി വൃദ്ധ സദനത്തിലെ സൂപ്പീരിയറാണ് സിസ്റ്റർ സാലി. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയാണ്. ഭീകരരുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് സിസ്റ്റർ രക്ഷപ്പെട്ടത്.
അതേസമയം, വൃദ്ധ സദനത്തിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ജിബൂട്ടിയിലെ ക്യാംപ് ഒാഫീസ് വഴി വിദേശകാര്യ മന്ത്രാലയം നടത്തുകയാണ്.
മാർച്ച് നാലിനാണ് 80 പേർ താമസിക്കുന്ന തെക്കൻ യെമനിലെ വൃദ്ധ സദനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. വെടിവെപ്പിൽ നാല് കന്യാസ്ത്രീകൾ അടക്കം 16 പേർ കൊല്ലപ്പെട്ടു. റാഞ്ചി സ്വദേശി സിസ്റ്റർ അൻസലവും രണ്ട് റുവാണ്ടക്കാരും ഒരു കെനിയക്കാരിയുമാണ് മരിച്ച കന്യാസ്ത്രീകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
