കലാഭവൻ മണിക്ക് വിട; സംസ്കാരം വൈകിട്ട് അഞ്ചിന്
text_fieldsതൃശൂർ: ഞായറാഴ്ച അന്തരിച്ച നടൻ കലാഭവൻ മണിക്ക് കലാ കേരളത്തിന്‍റെ വിട. മണിയുടെ സംസ്കാരം വൈകിട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പിൽ നടക്കും. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ഭൗതികശരീരം തൃശൂരിലും ചാലക്കുടിയിലും പൊതുദർശനത്തിന് വെക്കും. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
രാവിലെ ഒമ്പതിനു ശേഷം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജില്‍ തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം 11.30ഓടെ പൂര്‍ത്തിയായി. മെഡിക്കല്‍ കോളജ് വളപ്പില്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് ആരാധകര്‍ക്കു വേണ്ടി അവിടെയും തുടര്‍ന്ന് തൃശൂരില്‍ സംഗീത നാടക അക്കാദമി ഹാളിലും ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു. തുടർന്ന് ചാലക്കുടിക്ക് കൊണ്ടു പോയ ഭൗതികശരീരത്തിൽ മുനിസിപ്പല്‍ ഓഫീസ് സമുച്ചയം, ബോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാം.
ശേഷം ചേനത്തുനാട്ടിലെ വസതിയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. രാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയിരുന്നു.
അതേസമയം, കരൾ രോഗബാധയെ തുടർന്നാണ് മരണമെങ്കിലും മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയ സംഭവത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശന്‍റെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണസംഘം മണി സുഹൃത്തുകൾക്കൊപ്പം ചെലവഴിച്ച വീടിന് 500 മീറ്റർ അകലെയുള്ള ഔട്ട്ഹൗസ് പരിശോധിച്ചു. സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധർ സാംപ്ൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് പരിശോധന പൂർത്തിയാക്കിയ ശേഷം സ്ഥലം പൊലീസ് സീൽ ചെയ്തു. അന്ന് മണിയോടൊപ്പം ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ ചോദ്യം ചെയ്തു വരികയാണ്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ലഭിച്ച ശേഷമെ അന്തിമ നിഗമനത്തിൽ എത്താൻ കഴിയൂ.
അമിതമായി മെഥനോളിന്‍റെ അംശം ശരീരത്തില്‍ കണ്ടെത്തിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ ആശുപത്രി അധികൃതര്‍ ഇക്കാര്യം ചേരാനല്ലൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എറണാകുളം നോര്‍ത് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ചാലക്കുടി പൊലീസിന് സന്ദേശം കൈമാറി. ഇക്കാര്യം ഡോക്ടറുമായി ചാലക്കുടി സി.ഐയും സംഘവും കൂടിക്കാഴ്ച നടത്തി സ്ഥിരീകരിച്ച ശേഷമാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്ന നിലയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
