കുട്ടനാട്ടില്‍ 400ഓളം ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ ഉത്തരവ്
text_fieldsതിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം-2008 അട്ടിമറിച്ച് കുട്ടനാട്ടില്‍ കുമരകം മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നെല്‍വയല്‍ നികത്താല്‍ റവന്യൂവകുപ്പിന്‍െറ ഉത്തരവ്. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേയാണ് ഉത്തരവിറക്കിയത്. നേരത്തേ വന്‍കിടപദ്ധതികള്‍ക്ക് 10 ഏക്കറിലധികം നെല്‍വയല്‍ നികത്താന്‍ നിയമഭേദഗതിക്ക് കരട് തയാറാക്കിയെങ്കിലും മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് കെ.പി.സി.സി ഇടപെട്ട് അതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. കുട്ടനാട്ടിലെ റിസോര്‍ട്ടിന് നെല്‍വയല്‍ നികത്താനാണ് നിയമഭേദഗതിയെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
മാര്‍ച്ച് ഒന്നിനിറങ്ങിയ റവന്യൂവകുപ്പിന്‍െറ ഉത്തരവ് ഇക്കാര്യം സാധൂകരിക്കുന്നു. റക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴിലെ 34 സബ്സിഡിയറി കമ്പനികളുടെ പേരില്‍ കോട്ടയം താലൂക്കില്‍ കുമരകം വില്ളേജില്‍ 420 ഏക്കറോളം നെല്‍വയല്‍ മെത്രാന്‍ കായലില്‍ നേരത്തേ വാങ്ങിയിരുന്നു. സര്‍വേ നമ്പര്‍ 362നും 403നുമിടക്കുള്ള 378 ഏക്കര്‍ നിലമാണ് 2007-08 കാലത്ത് കമ്പനി വാങ്ങിയത്. 2007 മുതല്‍ ഇവിടെ നെല്‍കൃഷി ചെയ്യാന്‍ കമ്പനി അനുവദിച്ചിരുന്നില്ല.
2009ല്‍ കമ്പനി കുമരകം ടൂറിസ്റ്റ് റിസോര്‍ട്ട് വില്ളേജ് എന്ന പദ്ധതി നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിനെ സമീപിച്ചിരുന്നു. അഞ്ചുതവണ അപേക്ഷിച്ചിട്ടും സര്‍ക്കാര്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കിയില്ല. പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന പദ്ധതി അനുവദിക്കാനാവില്ളെന്ന് സര്‍ക്കാര്‍ അന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍, കമ്പനി ഇപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദമായി ടൂറിസം പദ്ധതി നടപ്പാക്കാനെന്ന പേരിലാണ് സര്‍ക്കാറിനെ സമീപിച്ചത്. ഫാം ടൂറിസം ഉള്‍പ്പെടെ ‘കുമരകം ഇക്കോടൂറിസം വില്ളേജ്’ എന്നാണ് പുതിയ പദ്ധതിയുടെ പേര്. പഴയപദ്ധതി പോലെയല്ല, പരിസ്ഥിതിസൗഹാര്‍ദപദ്ധതിയായാണ് ഇപ്പോഴത്തേതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇവിടെ നെല്‍കൃഷി ചെയ്യാന്‍ സാധിക്കില്ളെന്നും പദ്ധതി ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഉത്തരവിലുണ്ട്.
2200 കോടി രൂപ നിക്ഷേപം വരുന്ന പദ്ധതി സംസ്ഥാന ടൂറിസത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിത്തരുമെന്നും ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നതിന് അനുകൂലമായി കോട്ടയം ജില്ലാ കലക്ടര്‍ ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നുമാണ് സര്‍ക്കാറിന്‍െറ വാദം. എന്നാല്‍ മെത്രാന്‍ കായല്‍, പൊന്നാടന്‍ കായല്‍ തുടങ്ങിയ തരിശ് പാടശേഖരങ്ങള്‍ കൃഷിചെയ്യാന്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുമ്പോഴാണ് ടൂറിസംപദ്ധതിക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
