ലൈംഗികാതിക്രമക്കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി
text_fieldsതിരുവനന്തപുരം: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാതിക്രമക്കേസുകളുടെ വിചാരണക്ക് തലസ്ഥാനത്തും പ്രത്യേക കോടതി വരുന്നു. ഇത്തരം കേസുകള്‍ മാത്രം പരിഗണിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കോടതിയാണിത്. എറണാകുളത്താണ് ആദ്യകോടതി സ്ഥാപിച്ചത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത 1275 കേസുകളാണ് ആദ്യഘട്ടത്തില്‍ കോടതി പരിഗണിക്കുക. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളും പുതിയ കോടതിയുടെ പരിഗണനയിലേക്ക് മാറ്റും.
നേരത്തേ കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിഗണിച്ചിരുന്നത് അഡീഷനല്‍ ജില്ലാ ജഡ്ജി കെ.പി. ഇന്ദിരയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുളള കാലയളവില്‍ മാത്രം 128 കേസുകളാണ് തീര്‍പ്പ് കല്‍പിച്ചത്. വിചാരണ പൂര്‍ത്തിയായ 11 കേസുകളില്‍ വിധി പറയാനുമുണ്ട്. പുതിയ കോടതിയിലെ ജഡ്ജിയായി ജില്ലാ ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനെ നിയമിച്ചു.
ജില്ലാ കോടതി സമുച്ചയത്തിലെ കോടതി ഹാളില്‍ ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ജില്ലാ ജഡ്ജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
