ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ ഭാഗമായെന്ന് വെള്ളാപ്പള്ളി; പ്രഖ്യാപനം ഇന്ന്
text_fieldsന്യൂഡൽഹി: ഭാരത് ധർമ ജന സേന (ബി.ഡി.ജെ.എസ്) എൻ.ഡി.എയുടെ ഭാഗമായെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും. താനും തുഷാറും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. തുഷാർ വെള്ളാപ്പള്ളിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
എത്ര സീറ്റ് വേണമെങ്കിലും നൽകാൻ തയാറാണെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട്. കേരളത്തിൻെറ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിൻെറ അടിസ്ഥാനത്തിലാണ് എൻ.ഡി.എയിൽ ചേരുന്നത്. ബി.ജെ.പിയുടെ കേരളഘടകവുമായി തർക്കമുണ്ടാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ബി.ഡി.ജെ.എസും എൻ.ഡി.എയുമായുള്ള സഖ്യ ചർച്ചക്കാണ് വെള്ളാപ്പള്ളി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയതിന് ശേഷം മതി സംസ്ഥാന ഘടകവുമായി ധാരണയെന്നാണ് ബി.ഡി.ജെ.എസ് തീരുമാനിച്ചത്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും കൈവിട്ടതോടെയാണ് എൻ.ഡി.എയുമായി ബി.ഡി.ജെ.എസ് സഖ്യ സാധ്യത തേടിയത്.
