ഐ.ജിയുടെ മകന്‍ ഒൗദ്യോഗിക വാഹനം ഓടിച്ചത് എ.ഡി.ജി.പി അന്വേഷിക്കും
text_fieldsതൃശൂര്‍: രാമവര്‍മപുരത്തെ കേരള പൊലിസ് അക്കാദമിയില്‍ ഐ.ജി സുരേഷ് രാജ് പുരോഹിതിന്‍െറ പ്രായപൂര്‍ത്തിയാവാത്ത മകന്‍ ഐ.ജിയുടെ ഒൗദ്യോഗിക വാഹനം ഓടിച്ചതിനെക്കുറിച്ച് എ.ഡി.ജി.പി രാജേഷ് ദിവാന്‍ അന്വേഷിക്കും. സംഭവം പുറത്തായതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടത്.
അക്കാദമി കോമ്പൗണ്ടില്‍ ഐ.ജിയുടെ കൊടിവെച്ച വാഹനം മകന്‍ ഓടിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ സഹിതമാണ് പുറത്തായത്. വാഹനത്തിന്‍െറ ഡ്രൈവറെ സമീപത്ത് ഇരുത്തിയാണ് പ്ളസ്വണ്‍ വിദ്യാര്‍ഥിയായ മകന്‍ വാഹനം ഓടിക്കുന്നത്. അഞ്ച് മിനിറ്റ് വീതമുള്ള മൂന്ന് വീഡിയോ ദൃശ്യങ്ങളുടെ തെളിവ് സഹിതം അക്കാദമിയിലെ ചില പൊലിസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. മൂന്ന് ദൃശ്യങ്ങളില്‍ വ്യത്യസ്ത വാഹനങ്ങള്‍ ഓടിക്കുന്നതായാണ് കാണുന്നത്. അതിലൊന്ന് തൃശൂര്‍ റേഞ്ച് ഐ.ജിയുടെ വാഹനമാണ്. സുരേഷ് രാജ് പുരോഹിതിന് കുറച്ചു കാലം റേഞ്ച് ഐ.ജിയുടെ ചുമതലയുണ്ടായിരുന്നു.
അക്കാദമി കാന്‍റീനില്‍ ബീഫിന് അപ്രഖ്യാപിത നിരോധം ഏര്‍പ്പെടുത്തിയ ഐ.ജിയുടെ നടപടി ഏറെ വിവാദമാവുകയും എം.ബി. രാജേഷ് എം.പി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. അക്കാദമിയില്‍ ഐ.ജിയുടെ വാഹനം കടന്നു പോകുമ്പോള്‍ മറ്റെതെങ്കിലും വാഹനങ്ങളോ പൊലിസുകാരെയോ വഴിയില്‍ കാണരുതെന്നും വിലക്കുണ്ടത്രെ. പൊലിസ് അക്കാദമിയുടെ ഒൗദ്യോഗിക വാഹനം പൊലിസുകാരുടെ ബന്ധുക്കള്‍ ഓടിക്കാന്‍ പ്രത്യേകാനുമതി വേണം. ഐ.ജിയുടെ മകന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അത്തരം അനുമതിക്കും വഴിയില്ല.
തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിസാം പ്രായപൂര്‍ത്തിയാവാത്ത മകനെക്കൊണ്ട് ഫെരാരി കാര്‍ ഓടിച്ചതിന് പൊലിസ് കേസെടുത്തിരുന്നു. കാര്‍ ഓടിക്കുന്നതിന്‍െറ യൂട്യൂബ് ദൃശ്യങ്ങള്‍ വെച്ചാണ് കേസെടുത്തത്. ഇവിടെ പൊലിസിലെ ഉന്നതനാണ് അത്തരം കൃത്യം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
