സീനിയറായ പട്ടികവര്‍ഗക്കാരന് ഓഡിറ്റ് ഡയറക്ടറുടെ ചുമതല നല്‍കാതെ അട്ടിമറി
text_fieldsതൃശൂര്‍: ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്‍െറ ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ സര്‍ക്കാറിന്‍െറ ‘മെല്ളെപ്പോക്ക്’. ജോയന്‍റ് ഡയറക്ടര്‍മാരില്‍ ഏറ്റവും സീനിയറായ ഡി. സാങ്കി ഉള്‍പ്പെടെ രണ്ടുപേരെ മറികടന്ന് ഒരുമാസമായി മറ്റൊരാള്‍ക്ക് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുകയാണ്. ഡയറക്ടര്‍ തസ്തികയിലേക്ക് സാങ്കിയെ നിയമിക്കണമെന്ന് നിര്‍ദേശം പോയെങ്കിലും ഒരുമാസമായിട്ടും തീരുമാനം എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ നിയമനം നീളും. ഭരണാനുകൂല സംഘടനക്ക് അനഭിമതനായതാണ് സാങ്കിയുടെ ‘അയോഗ്യത’യത്രേ. ഒരു സര്‍ക്കാര്‍ വകുപ്പില്‍ ഗോത്രവര്‍ഗക്കാരനായ ഒരാള്‍ മേധാവിയുടെ ചുമതലയില്‍ എത്താനുള്ള സാധ്യതയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്.
ഡയറക്ടറായിരുന്ന ടി. ഭാസി കഴിഞ്ഞ ജനുവരി 31ന് വിരമിച്ച ഒഴിവില്‍ സ്വാഭാവികമായും നിയമിക്കപ്പെടേണ്ടത് സാങ്കിയാണ്. 2010 ജൂലൈ 31ന് ജോയന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച സാങ്കി നിലവിലുള്ള 16 ജോയന്‍റ് ഡയറക്ടര്‍മാരില്‍ ഏറ്റവും സീനിയറാണ്. സാങ്കിക്ക് തൊട്ടുതാഴെ സീനിയോറിറ്റിയുള്ള കെ.ജി. മിനിമോളും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നാണ്. എന്നാല്‍, സീനിയോറിറ്റി പട്ടികയില്‍ മിനിമോള്‍ക്കും താഴെയുള്ള ഇ.കെ. പ്രകാശനാണ് ഒരുമാസമായി ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. പ്രകാശന്‍ ഭരണാനുകൂല സംഘടനയില്‍ അംഗമാണ്.
ഓഡിറ്റ് വകുപ്പില്‍ മുകള്‍ത്തട്ടില്‍ പട്ടികവര്‍ഗ പ്രതിനിധ്യവും അനുപാതവും ഉറപ്പാക്കാന്‍ 1999ല്‍ പി.എസ്.സി പരീക്ഷയും അഭിമുഖവും നടത്തിയാണ് സാങ്കിയെയും മിനിമോളെയും ഓഡിറ്റ് ഓഫിസര്‍മാരായി നിയമിച്ചത്. വകുപ്പില്‍ ഏറ്റവും സമര്‍ഥനെന്ന് പേരുള്ള സാങ്കി തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും വിദഗ്ധനാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പരിശീലന കേന്ദ്രമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനില്‍ (കില) ഫാക്കല്‍റ്റിയുമാണ്. സാങ്കിയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തഴയുന്നത് രണ്ടാം തവണയാണ്. 2014ല്‍ ഇവരെക്കാളെല്ലാം ജൂനിയറായ ടി.ജെ. വര്‍ഗീസിനെയാണ് ഡയറക്ടറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
