മഅ്ദനിയെ കാത്ത് തോട്ടുവാല്‍ വീട്ടില്‍ മാതാപിതാക്കള്‍
text_fieldsശാസ്താംകോട്ട: പരമോന്നത നീതിപീഠത്തിന്‍െറ കാരുണ്യത്താല്‍ അബ്ദുന്നാസിര്‍ മഅ്ദനി ദിവസങ്ങള്‍ക്കകം മൈനാഗപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തുന്നത് മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് വൃദ്ധമാതാപിതാക്കള്‍. വിവിധ രോഗങ്ങളാല്‍ ശയ്യാവലംബികളായ തോട്ടുവാല്‍ മന്‍സിലില്‍ ടി.എ. അബ്ദുസ്സമദ് മാസ്റ്ററും ഭാര്യ അസ്മാബീവിയും മകന്‍െറ വരവ് വിശുദ്ധ റമദാന്‍െറ പുണ്യമായാണ് കാണുന്നത്. ഉമ്മയെ കാണാനാണ് സുപ്രീം കോടതി അബ്ദുന്നാസിര്‍ മഅ്ദനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ശ്വാസകോശ അര്‍ബുദം ബാധിച്ച മാതാവ് മൂന്നുവര്‍ഷമായി തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സയിലാണ്. കഴിഞ്ഞ നവംബറില്‍ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ മേജര്‍ ശസ്ത്രക്രിയക്ക് വിധേയയാവുകയും ചെയ്തു. ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍പോലുമാവാത്ത സ്ഥിതിയിലാണ് ഇവര്‍. അടുത്ത മുറിയില്‍ പക്ഷാഘാതം ബാധിച്ച് ഇടതുവശം തളര്‍ന്ന് പിതാവ് അബ്ദുസ്സമദ് മാസ്റ്ററുമുണ്ട്. പരസഹായമില്ലാതെ നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ കഴിയാത്ത ഈ മുന്‍ പ്രഥമാധ്യാപകന്‍ വീല്‍ചെയറിലും കട്ടിലിലുമാണ്.
1998 മാര്‍ച്ച് 31 മുതല്‍ 2007 ആഗസ്റ്റ് ഒന്നുവരെയുള്ള മഅ്ദനിയുടെ ആദ്യ ജയില്‍വാസകാലത്ത് നീതിതേടി ഏറെ അലഞ്ഞിരുന്നു സമദ് മാസ്റ്റര്‍. രണ്ടാം ജയില്‍വാസം തുടങ്ങുന്നതിന് അഞ്ചുനാള്‍ മുമ്പ് 2010 ആഗസ്റ്റ് 12നാണ് അന്‍വാര്‍ശ്ശേരിയില്‍വെച്ച് പക്ഷാഘാതം വന്ന് ഇദ്ദേഹം വീണത്. 17ാം തീയതി മകനെ കര്‍ണാടക പൊലീസ് കൊണ്ടുപോകുമ്പോള്‍ ഈ ബാപ്പ തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു. കാല്‍നൂറ്റാണ്ടിലേറെയായി നിരവധി യാതനകളും വെല്ലുവിളികളും അനുഭവിച്ചവരാണ് ഈ മാതാപിതാക്കള്‍. ഇതിനകം കാരാഗൃഹത്തില്‍ 15 വര്‍ഷത്തിലധികം ജീവിച്ചുതീര്‍ക്കാന്‍ നിര്‍ബന്ധിതനായ മഅ്ദനി എന്ന 51കാരന്‍ ഉമ്മയേയും ബാപ്പയേയും ഒരു നോക്ക് കാണാനത്തെുമ്പോള്‍, കാലം കാത്തുവെച്ച മുഹൂര്‍ത്തത്തിനായുള്ള കാത്തിരിപ്പിലാണ് തോട്ടുവാല്‍ വീടും പിന്നെ നാടും.
വിധിയില്‍ സന്തോഷം –മഅ്ദനി
ബംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ‘മാധ്യമത്തോട്’ പറഞ്ഞു. സര്‍വശക്തന് സ്തുതി. നാട്ടിലത്തെി കുടുംബത്തോടൊപ്പവും അന്‍വാര്‍ശേരിയിലെ മക്കളോടൊപ്പവും പെരുന്നാള്‍ ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
നാട്ടിലുള്ള സമയത്തെല്ലാം അന്‍വാര്‍ശേരിയിലെ കുട്ടികളോടൊത്താണ് പെരുന്നാളിന് ഭക്ഷണം കഴിച്ചിരുന്നത്. രോഗബാധിതയായ ഉമ്മയെ കാണാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്.
നാട്ടിലേക്ക് പോകാനുള്ള സമയവും തീയതിയും തീരുമാനിക്കേണ്ടത് ബംഗളൂരുവിലെ വിചാരണ കോടതിയാണ്.
സുപ്രീംകോടതിയുടെ പകര്‍പ്പ് വെള്ളിയാഴ്ച കൈയില്‍ കിട്ടും. ശനിയാഴ്ച വിചാരണ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കും. കോടതിയാണ് ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
വിധിയുടെ പകര്‍പ്പ് കിട്ടിയശേഷം എത്ര ദിവസത്തേക്ക് ജാമ്യത്തില്‍ ഇളവ് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. തിങ്കളാഴ്ചയോടെ പോകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസവും വിചാരണക്കത്തെണമെന്ന നിബന്ധന ഒഴിവാക്കിയത് വലിയ ആശ്വാസമായി. കടുത്ത ശാരീരിക അവശതകള്‍ക്കിടയിലും ഏറെ പ്രയാസപ്പെട്ടാണ് കോടതിയില്‍ പോകുന്നത്. കര്‍ണാടക സര്‍ക്കാറിന്‍െറ കടുത്ത എതിര്‍പ്പ് മറികടന്നാണ് കോടതി ഇളവ് നല്‍കിയത്. ഒരു വര്‍ഷത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി പ്രോസിക്യൂഷന് കര്‍ശന നിര്‍ദേശം നല്‍കിയത് പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
