Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകുതിയിലേറെ സ്കൂളുകള്‍...

പകുതിയിലേറെ സ്കൂളുകള്‍ തുറന്നത് സുരക്ഷാപരിശോധന പൂര്‍ത്തിയാക്കാതെ

text_fields
bookmark_border
പകുതിയിലേറെ സ്കൂളുകള്‍ തുറന്നത് സുരക്ഷാപരിശോധന പൂര്‍ത്തിയാക്കാതെ
cancel

കണ്ണൂര്‍: കാലവര്‍ഷത്തിനുമുമ്പ് നടക്കേണ്ട കെട്ടിട സുരക്ഷാപരിശോധനയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇല്ലാതെയാണ് സംസ്ഥാനത്തെ പകുതിയിലേറെ സ്കൂളുകളില്‍ ഇത്തവണ അധ്യയനം തുടങ്ങിയത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട വിദ്യാഭ്യാസവകുപ്പ് ഓരോ ജില്ലകളിലും ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തി സുരക്ഷാക്രമീകരണം നേരിട്ട് ഒരുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട സ്കൂള്‍ പ്രധാനാധ്യാപകരും മാനേജര്‍മാരും തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെ പരിശോധനക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുമായി മാര്‍ച്ചില്‍തന്നെ അപേക്ഷ നല്‍കിയിരുന്നു.

പക്ഷേ, കെട്ടിടപരിശോധന നടക്കേണ്ടത് ഏപ്രില്‍, മേയ് മാസങ്ങളിലാണ്. നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ പലയിടത്തും പരിശോധന മുടങ്ങുകയായിരുന്നു. പിന്നീട് നടപടികള്‍ ആരംഭിച്ചപ്പോള്‍ കാലവര്‍ഷമാവുകയും ചെയ്തു. സാധാരണ അധ്യയനവര്‍ഷാരംഭത്തില്‍ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കാറില്ളെങ്കിലും ഇത്ര അനന്തമായി നീളുന്നത് അപൂര്‍വമാണ്. ഏറ്റവും കൂടുതല്‍ സ്കൂളുകളും വിദ്യാഭ്യാസ ഉപജില്ലകളുമുള്ള മലപ്പുറം ജില്ലയില്‍ 63 ശതമാനം സ്കൂളുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.

സര്‍ക്കാര്‍ സ്കൂളുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ശേഖരിക്കേണ്ടതും അതനുസരിച്ച് അറ്റകുറ്റപ്പണിക്ക് നേതൃത്വംനല്‍കേണ്ടതും പി.ടി.എയും പ്രധാനാധ്യാപകരുമാണ്. മാനേജ്മെന്‍റ് സ്കൂളുകളുടേത് മാനേജര്‍മാരും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സ്റ്റാഫ് ഫിക്സേഷന്‍ പൂര്‍ത്തിയാക്കേണ്ടതുള്ളൂ എന്ന് നിബന്ധനയുണ്ട്. പക്ഷേ, ഈ നിബന്ധന കാലവര്‍ഷത്തേക്ക് ബാധകമാവാത്തവിധം ജൂലൈ 15നാണ് സ്റ്റാഫ് ഫിക്സേഷന്‍. അപ്പോഴേക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തയാറാക്കാമെന്ന നിലയിലാണ് ചില മാനേജര്‍മാര്‍. എന്നാല്‍, കനത്ത സുരക്ഷാപ്രശ്നമുള്ള സ്കൂളുകളുടെ കാര്യത്തില്‍പോലും ഈ നിലപാടാണ് ചില വിദ്യാഭ്യാസ ജില്ലകളിലുണ്ടായത്.

കാസര്‍കോട് ജില്ലയില്‍ ഭൂരിഭാഗം സ്കൂളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ഇതുസംബന്ധിച്ച് ഹെഡ്മാസ്റ്റര്‍മാരുടെ യോഗംവിളിച്ച് ഗൗരവത്തോടെ പരിശോധിക്കണമെന്ന് ഇന്നലെ ജില്ലാ കലക്ടര്‍ എ.ഇ.ഒമാര്‍ക്ക് ഇ-മെയില്‍ അയച്ചിരിക്കയാണ്. കണ്ണൂര്‍ ജില്ലയിലെ കോട്ടൂര്‍ മാപ്പിള സ്കൂളിലെ കുട്ടികള്‍ ഭാഗ്യത്തിനാണ് വലിയൊരു ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്. ക്ളാസ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നത്. ഇപ്പോഴും ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ തൊട്ടടുത്ത മദ്റസ കെട്ടിടത്തിലാണ് അധ്യയനം തുടരുന്നത്. കോഴിക്കോട് ജില്ലയില്‍ എട്ട് സ്കൂളുകള്‍ സുരക്ഷാഭീഷണിയിലാണെന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസ ആസ്ഥാനത്ത് കിട്ടിയത് അധ്യയനം തുടങ്ങിയശേഷമാണ്.

ഒരോ ജില്ലയിലും പകുതിയിലേറെ സ്കൂളുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ശേഖരിക്കാനുണ്ട്. സ്റ്റാഫ് ഫിക്സേഷന്‍ സമയമാവുമ്പോള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തയാറായിരിക്കും. അപ്പോഴേക്കും കാലവര്‍ഷത്തിന്‍െറ എല്ലാ ദുരിതവും സ്കൂളുകള്‍ അനുഭവിക്കണം. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഉത്കണ്ഠയോടെയാണ് ചില സ്കൂളുകളിലെ അധ്യയനം അധികൃതര്‍ കാണുന്നത്.

Show Full Article
TAGS:education dept
Next Story