ആദിവാസികളുടെ പേരില്‍ തട്ടിപ്പ്
text_fieldsകൊച്ചി: ഫയര്‍ ലൈന്‍ സ്ഥാപിക്കുന്നതിന്‍െറ പേരില്‍ ആദിവാസികളെ വഞ്ചിച്ച് വനം ഉദ്യോഗസ്ഥര്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ ഉടന്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി.
ചാലക്കുടി വനമേഖലയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തത് ചൂണ്ടിക്കാട്ടി തൃശൂരിലെ പരിസ്ഥിതി സംരക്ഷണ സൊസൈറ്റി സെക്രട്ടറി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്.
തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവു പ്രകാരം അന്വേഷണം നടത്തി 2015 ഒക്ടോബറില്‍ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയതാണ്. എന്നാല്‍, ഡയറക്ടര്‍ സൂക്ഷ്മപരിശോധന നടത്തി റിപ്പോര്‍ട്ട് മടക്കി നല്‍കാത്തതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച വനസംരക്ഷണ സമിതി ആദിവാസികളുടെ നേതൃത്വത്തില്‍ വനമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ഷംതോറും കാട്ടുതീ പ്രതിരോധത്തിന്‍െറ ഭാഗമായി കാട് വെട്ടിയുള്ള ഫയര്‍ ലൈന്‍ ജോലികള്‍ ചെയ്യാറുണ്ട്. നിയമപ്രകാരം ഈ ജോലികള്‍ വനസംരക്ഷണ സമിതി കണ്‍വീനറുടെ നേതൃത്വത്തില്‍ ആദിവാസികളാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍, ഇവര്‍ക്ക് അസൗകര്യമാണെന്ന് എഴുതി വാങ്ങിയശേഷം സ്വകാര്യ കക്ഷികളെക്കൊണ്ട് ജോലിയുടെ ടെണ്ടര്‍ ഏറ്റെടുപ്പിക്കുകയാണെന്നാണ് ഹരജിക്കാരുടെ ആരോപണം. പിന്നീട് ആദിവാസികളെക്കൊണ്ടുതന്നെ ജോലികള്‍ ചെയ്യിക്കും.
2000ത്തോളം കി.മീറ്റര്‍ വരുന്ന ജോലികള്‍ വര്‍ഷംതോറും ചെയ്യാറുണ്ട്. കിലോ മീറ്ററിന് 13500 രൂപ വീതമാണ് കൂലി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, 6000 രൂപ മാത്രം സമിതിക്ക് നല്‍കി ബാക്കി തുക കൈക്കലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് 2012 ജൂണില്‍ വിജിലന്‍സിന് പരാതി നല്‍കിയത്.
പഴയ കേസെന്ന നിലയില്‍ എത്രയും വേഗം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
