മലപ്പുറത്ത് ഒരു ഡിഫ്തീരിയ കേസ് കൂടി
text_fieldsമലപ്പുറം: ഡിഫ്തീരിയയെന്ന് സംശയിക്കുന്ന ഒരു കേസ് കൂടി ബുധനാഴ്ച മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പരപ്പനങ്ങാടിയില്‍ പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്ത കുട്ടിയിലാണ് ഡിഫ്തീരിയ ബാധയെന്ന് സംശയം. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണം ഉള്‍പ്പെടെ പത്തായി. ചൊവ്വാഴ്ച ഇരിമ്പിളിയം, ചെറുകാവ്, പുളിക്കല്‍, പയ്യനങ്ങാടി എന്നിവിടങ്ങളിലെ നാല് കുട്ടികളില്‍ ഡിഫ്തീരിയ ലക്ഷണം കണ്ടത്തെിയിരുന്നു. ഇതില്‍ ചെറുകാവിലെ 12കാരനില്‍ രോഗം സ്ഥിരീകരിച്ചു. അതേസമയം, പ്രതിരോധ കുത്തിവെപ്പ് നടപടികളും ബോധവത്കരണവും ജില്ലയില്‍ പുരോഗമിക്കുകയാണ്.
ആരോഗ്യവകുപ്പിന്‍െറ കുത്തിവെപ്പ് ഊര്‍ജിതപ്പെടുത്തല്‍ കാമ്പയിന്‍െറ ഭാഗമായി ജില്ലയിലെ 100 കേന്ദ്രങ്ങളിലായി 3194 കുട്ടികള്‍ക്ക് ബുധനാഴ്ച കുത്തിവെപ്പ് നല്‍കി. ഇതോടെ മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ 6007 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, മത-സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്ത മുഴുവന്‍ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് വരെ പദ്ധതി തുടരും.