ജീവനക്കാരോട് രാഷ്ട്രീയ പ്രതികാര നടപടി ഉണ്ടാകില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ പരിഗണനയില്‍ ജീവനക്കാരോട് ആനുകൂല്യമോ പ്രതികാര നടപടിയോ ഉണ്ടാകില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. സംഘടനകള്‍ക്ക് പ്രക്ഷോഭം നടത്തേണ്ടിവരും. അതിന്‍െറ പേരില്‍ പ്രതികാരത്തിനില്ല.
ന്യായമായ ആവശ്യങ്ങളില്‍ ചര്‍ച്ച നടത്തും. സ്ഥലംമാറ്റ പരാതികളില്‍ പരിശോധിക്കേണ്ടത് പരിശോധിക്കും, തിരുത്തേണ്ടത് തിരുത്തും. മാനദണ്ഡം ലംഘിച്ച് വ്യാപകമായി സ്ഥലം മാറ്റുന്നെന്നാരോപിച്ച് പി.ടി. തോമസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയത്തെുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് ഒഴിവാക്കി.
അതേസമയം മുഖ്യമന്ത്രി നടത്തിയ സ്ഥലജലവിഭ്രമ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ബഹളംവെച്ചു. വാക്കിന്‍െറ അര്‍ഥം പോയി പഠിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. സെല്‍ഭരണത്തിന് തുടക്കമിടുകയാണെങ്കില്‍ തീക്കളിയാണെന്ന് പറഞ്ഞ പി.ടി. തോമസിന്, താന്‍ മുഖ്യമന്ത്രിയായാണ് സംസാരിക്കുന്നതെന്നും സംശയം വേണ്ടെന്നുമായിരുന്നു പിണറായിയുടെ മറുപടി. അഞ്ചരലക്ഷം ജീവനക്കാരില്‍ സ്വാഭാവികമായ സ്ഥലംമാറ്റം വേണ്ടിവരും. തിരുത്തേണ്ടവ തിരുത്താന്‍ തുറന്ന മനസ്സേയുള്ളൂ. സെക്രട്ടേറിയറ്റിലെ സംഘടനാ നേതാവിന്‍െറ സ്ഥലം മാറ്റത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു. മുമ്പുള്ള പോലെ മനുഷ്യത്വരഹിത നടപടി സ്വീകരിക്കുന്ന സര്‍ക്കാറല്ല ഇത്. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തും.
ജീവനക്കാര്‍ ഏത് സംഘടനയില്‍പെട്ടവരാണെങ്കിലും സര്‍ക്കാറിന്‍െറ ഭാഗമാണ്. എല്ലാവരെയും ഒരേ കണ്ണോടെ മാത്രമേ കാണൂ. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഇക്കാര്യത്തില്‍ നടന്നത് കടുത്ത ചട്ടലംഘനമാണെന്ന് കോടതിവിധി തന്നെയുണ്ടായിട്ടുണ്ട്. അത് ഇവിടെ ചാര്‍ത്താന്‍
നോക്കേണ്ട.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചേര്‍ന്ന ആദ്യ നിയമസഭാസമ്മേളനത്തില്‍ സമാനസ്വഭാവമുള്ള എ.കെ. ബാലന്‍െറ അടിയന്തരപ്രമേയ നോട്ടീസിന് അന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഉദ്ധരിച്ചാണ് പിണറായി പ്രതിപക്ഷത്തെ നേരിട്ടത്. കടുത്ത രോഗികളെപ്പോലും മാനദണ്ഡമില്ലാതെ സ്ഥലംമാറ്റുന്നെന്ന പി.ടി. തോമസിന്‍െറ ആരോപണത്തിനും പിണറായി പഴയ സഭാരേഖകള്‍ ഉദ്ധരിച്ച് മറുപടി നല്‍കി.
3000ലധികം ജീവനക്കാരെ മാനദണ്ഡമില്ലാതെ സ്ഥലം മാറ്റിയെന്ന് തോമസ് ആരോപിച്ചു. മാനദണ്ഡങ്ങള്‍ മറികടന്നായിരുന്നു ഇത്. ഐ.സി.യുവില്‍ കിടക്കുന്ന രോഗിക്ക് ഓക്സിജന്‍ മാറ്റുന്ന രീതിയാണ് നടന്നത്. 90,000 ജീവനക്കാരുള്ള സംഘടനയിലുള്ളവരെ ഭയപ്പെടുത്തി വിരട്ടാമെന്ന് കരുതിയാല്‍ തോറ്റുപോകും. ചട്ടവിരുദ്ധനടപടി മാത്രമല്ല, ഇത് ചരിത്രത്തില്‍ ആദ്യവുമാണ്. ഭരണസാമര്‍ഥ്യം കാട്ടേണ്ടത് ജീവനക്കാരെ സ്ഥലംമാറ്റിയല്ല. മനുഷ്യത്വത്തിന്‍െറ കണികയെങ്കിലുമുണ്ടെങ്കില്‍ ഈ നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനാണ് സ്ഥലജലവിഭ്രാന്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യാപകമായ സ്ഥലംമാറ്റമാണ് നടക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെന്നത് മാത്രമാണ് ഇതിന് ആധാരം. ഇത് സിവില്‍ സര്‍വിസില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സ്ഥലംമാറ്റങ്ങള്‍ പരിശോധിക്കുകയും നീതിപൂര്‍വമല്ലാത്തവ പിന്‍വലിക്കുകയും വേണം. മുഖ്യമന്ത്രിയുടെ മറുപടി മാനിച്ച് ഇറങ്ങിപ്പോകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
