കള്ളവോട്ട് ചെയ്യണമെന്ന് നിർദേശം; കെ. സുധാകരനെതിരെ കേസെടുത്തു
text_fieldsകാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണവേളയിൽ കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ കേസെടുത്തു. ഹോസ്ദുർഗ് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം ബേക്കൽ പോലീസാണ് കേസെടുത്തത്. ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമനായിരുന്നു സുധാകരനെതിരെ പരാതി നൽകിയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്നായിരുന്നു പരാതി. ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ ചേര്‍ന്ന ബൂത്ത് തല കുടുംബയോഗത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.പി.എം എത്രമാത്രം വോട്ട് ചെയ്യുന്നുവോ അത്രയും വോട്ട് നമ്മളും ചെയ്യണമെന്നായിരുന്നു സുധാകരന്‍റെ ആഹ്വാനം. കുടുംബയോഗത്തിൽ പങ്കെടുത്ത ഒരാൾ സംഭവം മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.
സംഭവം ശ്രദ്ധയിൽപ്പെട്ട കുഞ്ഞിരാമൻ എം.എൽ.എ സുധാകരനെതിരെ ഉദുമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരാതി സ്വീകരിക്കാൻ പോലീസ് തയാറാകാത്തതിനെത്തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കോടതി കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. ഐ.പി.സി 171(എഫ്) അനുസരിച്ച് പ്രേരണാക്കുറ്റമാണ് സുധാകരനെതിരെ ചുമത്തിയത്.
എന്നാൽ, ഇടതുമുന്നണി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ തടയണമെന്നാണ് താൻ ആഹ്വാനം ചെയ്തതെന്നാണ് കെ.സുധാകരന്‍റെ വിശദീകരണം. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.