Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീലങ്കന്‍...

ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്കിടയിലെ ആദ്യ ഐ.എ.എസുകാരന്‍ ഇനി കോഴിക്കോട്ട്

text_fields
bookmark_border
ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്കിടയിലെ ആദ്യ ഐ.എ.എസുകാരന്‍ ഇനി കോഴിക്കോട്ട്
cancel

കോഴിക്കോട്: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ചേരമ്പാടിയിലെ പടച്ചേരി ഗ്രാമത്തില്‍നിന്ന് ഇനി കോഴിക്കോടിനൊരു അസി. കലക്ടര്‍. കെ. ഇന്‍പശേഖരനെന്ന 28കാരനാണ് തിങ്കളാഴ്ച കോഴിക്കോട് അസിസ്റ്റന്‍റ് കലക്ടറായി ചുമതലയേറ്റത്. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്കിടയില്‍നിന്നുള്ള ആദ്യത്തെ സിവില്‍ സര്‍വിസുകാരനായ ഇന്‍പശേഖറിന്‍െറ ആദ്യ നിയോഗം കോഴിക്കോടായതില്‍ കേരളത്തിനും അഭിമാനിക്കാം. ചെറുകിടകര്‍ഷകരും തേയിലത്തോട്ടം തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന നീലഗിരിയില്‍നിന്നുള്ള ആദ്യത്തെ ഐ.എ.എസുകാരന്‍ കൂടിയാണിദ്ദേഹം.

സിരിമാവോ ബണ്ഡാരെ നായകെ-ലാല്‍ബഹദൂര്‍ ശാസ്ത്രി ഉടമ്പടി പ്രകാരം ശ്രീലങ്കയില്‍നിന്ന് മാതൃരാജ്യത്തേക്ക് മടങ്ങിയ തമിഴ് കുടുംബങ്ങളെ പുനരധിവസിപ്പിച്ച ഗ്രാമങ്ങളിലൊന്നാണ് പടച്ചേരി. വയനാട് അതിര്‍ത്തിയില്‍നിന്ന് ആറ് കിലോമീറ്റര്‍ മാത്രം ദൂരമുള്ള പ്രദേശം. കാട്ടുമൃഗങ്ങളോടും  ദുരിതങ്ങളോടും പോരടിച്ച് ജീവിച്ച ദലിത് കുടുംബത്തില്‍നിന്നുമാണ് ഇന്‍പശേഖറെന്ന കലക്ടറുണ്ടാകുന്നത്. തയ്യല്‍ തൊഴിലാളിയായ കാളിമുത്തുവിന്‍െറയും തേയിലത്തോട്ടം തൊഴിലാളിയായിരുന്ന ഭൂപതിയുടെയും മൂന്നു മക്കളില്‍ മൂത്തവനായ ഇന്‍പശേഖര്‍ പഠനത്തോടൊപ്പം വായനയിലും ചെറുപ്പം മുതല്‍ തല്‍പരനായിരുന്നു.

വായനശാലകളിലൂടെ പത്രങ്ങളും പുസ്തകങ്ങളും വായിച്ച് അറിവുനേടി. ടാന്‍ടീ സര്‍ക്കാര്‍ സ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചേരമ്പാടി ഗവ. ഹൈസ്കൂളിലും ഗൂഡല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കി. പിന്നീട് കോയമ്പത്തൂര്‍, ഹൈദരബാദ് എന്നിവിടങ്ങളില്‍നിന്നായി അഗ്രികള്‍ച്ചറില്‍ ബിരുദവും ബിരുദാനന്ത ബിരുദവും കരസ്ഥമാക്കി. ഹൈദരബാദിലെ പഠനകാലത്ത് മൂന്നുമാസക്കാലം സൗജന്യ സിവില്‍ സര്‍വിസ് കോച്ചിങ്ങിന് പോയി. പിന്നീട് സ്വന്തം നിലക്ക് പഠിച്ചു. ഇതിനിടെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്‍റിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് 2015ല്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ വിജയിക്കുന്നത്.

കേരളത്തില്‍തന്നെ ആദ്യ നിയമനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അസി. കലക്ടറായി ചുമതലയേറ്റശേഷം ഇന്‍പശേഖര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഏറെ പഠിക്കാനുണ്ട്. നഗരങ്ങളിലെ മാലിന്യനിര്‍മാര്‍ജനം വളരെ പ്രധാനപ്പെട്ടതാണ്. അക്കാദമിയിലെ പഠനകാലത്ത് രാജ്യത്ത് നിലവിലുള്ള വിവിധ മാലിന്യനിര്‍മാര്‍ജന രീതികള്‍ മനസ്സിലാക്കിയിട്ടുണ്ട്. അത്തരം രീതികള്‍ കോഴിക്കോടും നടപ്പാക്കേണ്ടതാണ്. നവമാധ്യമമായാലും മറ്റു രീതികളായാലും ജനങ്ങളുമായി ബന്ധപ്പെടാന്‍ സാങ്കേതികവിദ്യ നല്ലതാണ്. സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും അവരുടെ പ്രശ്നങ്ങള്‍ അറിയാനും അത് സഹായകമാണെന്നും പുതിയ അസി. കലക്ടര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k Inpasekhar ias
Next Story