മുല്ലപ്പെരിയാര്‍: ഉപസമിതി സന്ദര്‍ശിക്കണമെന്ന് കേരളം; അണക്കെട്ടില്‍ പരിശോധന
text_fields
കുമളി: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉപസമിതി സന്ദര്‍ശിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതിന് ഉന്നതാധികാരസമിതിക്ക് കത്ത് നല്‍കിയതായി ഉപസമിതിയിലെ കേരളത്തിന്‍െറ പ്രതിനിധിയും എക്സിക്യൂട്ടിവ് എന്‍ജിനീയറുമായ ജോര്‍ജ് ദാനിയല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്ഥിതി വിലയിരുത്താന്‍ ജോര്‍ജ് ദാനിയലിന്‍െറ നേതൃത്വത്തില്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. അണക്കെട്ടില്‍നിന്ന് ജലം തുറന്നുവിടുന്ന സ്പില്‍വേ ഷട്ടറുകളില്‍ കേരളത്തെ അറിയിക്കാതെ തമിഴ്നാട് സ്ഥാപിച്ച 10 ഷട്ടര്‍ കണ്ട്രോള് യൂനിറ്റ് സംവിധാനവും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 111.80 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്.
അതിനിടെ, പ്രധാന അണക്കെട്ടിന് മുകളിലെ പാരപ്പറ്റില്‍ അറ്റകുറ്റപ്പണി അനുവദിക്കണമെന്ന തമിഴ്നാടിന്‍െറ ആവശ്യം കേരളം അനുവദിച്ചു. പാരപ്പറ്റിന്െറ ഒരു ഭാഗം താഴ്ന്ന് പൊളിഞ്ഞുകിടക്കുന്നത് ഉയര്ത്തിനിര്മിക്കാനാണ് അനുമതി നല്‍കിയതെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വ്യക്തമാക്കി.
