ആദ്യദിനം 16.71 കോടിയുടെ ചന്ദന ലേലം
text_fieldsമറയൂര്‍: പ്രശസ്തമായ മറയൂര്‍ ചന്ദന ലേലത്തില്‍ ആദ്യ ദിവസം 16.71 കോടിയുടെ വ്യാപാരം. 25.421 ടണ്‍ ചന്ദനമാണ് ഇ-ലേലത്തിലൂടെ വിറ്റഴിച്ചത്. രണ്ടു ഘട്ടങ്ങളായി നടന്ന ലേലം രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ നീണ്ടു. പതിവുപോലെ ഇത്തവണയും കര്‍ണാടക സോപ്സ് കമ്പനിയാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത് -17.27 ടണ്‍. ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ക്ളാസ് ആറ് ബാഗ്രിദാദ് ചന്ദനത്തിനാണ് -കിലോക്ക് 16,800 രൂപ. മലപ്പുറത്തെ ആലത്തൂര്‍ പെരുംതൃക്കോവില്‍ ദേവസ്വമാണ് ഈ വില നല്‍കിയത്. എട്ട് ദേവസ്വം ബോര്‍ഡുകളും രണ്ട് ആയുര്‍വേദ മരുന്ന് നിര്‍മാണക്കമ്പനികളും മൂന്ന് സ്വകാര്യ കമ്പനികളും ഉള്‍പ്പെടെ 13 കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. മൂന്ന് മണിവരെയുള്ള ആദ്യഘട്ടത്തില്‍ ഏഴു കോടിയുടെ ലേലമാണ് നടന്നത്. ലേലം വെള്ളിയാഴ്ചയും തുടരും. കോട്ടക്കല്‍ ആര്യവൈദ്യശാല, കൊച്ചിന്‍ ആസ്ഥാനമായ അംബുജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദിക് എന്നിവയാണ് ലേലത്തില്‍ പങ്കെടുത്ത ആയുര്‍വേദ മരുന്ന് നിര്‍മാണക്കമ്പനികള്‍.