വാട്ടര്‍ സ്കൂട്ടര്‍ മറിഞ്ഞ് ഒരാളെ കായലില്‍ കാണാതായി
text_fieldsകൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ ബോള്‍ഗാട്ടി പാലസിനു സമീപം വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി ഒരാളെ കായലില്‍ കാണാതായി.
രണ്ടുപേരെ രക്ഷപ്പെടുത്തി. പട്ടാമ്പി പള്ളിപ്പുറം കൈതംപറമ്പത്ത് വീട്ടില്‍ വിശ്വനാഥന്‍െറ മകന്‍ വിനീഷിനെയാണ് (24) കാണാതായത്.
പരിക്കുകളോടെ രക്ഷപ്പെട്ട കണ്ണൂര്‍ ആലക്കോട് നാരോലിക്കടവ് കുര്യന്‍െറ മകനും ചിറ്റൂര്‍ വടുതലയില്‍ താമസക്കാരനുമായ ജോമോന്‍ (34), സേലം കള്ളക്കുറിശി സ്വദേശി ഗോവിന്ദരാജു (32) എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിനീഷിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചക്ക് 12.15ഓടെയാണ് അപകടം. മറൈന്‍ഡ്രൈവില്‍ ജി.സി.ഡി.എ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സിയിലെ ജീവനക്കാരാണ് മൂവരും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നേവിഗേഷന്‍ കോര്‍പറേഷന്‍െറ (കെ.എസ്.ഐ.എന്‍.സി) ഉടമസ്ഥതയിലുള്ളതാണ് വാട്ടര്‍ സ്കൂട്ടര്‍.
ഒരു വര്‍ഷത്തെ കരാറില്‍ കെ.എസ്.ഐ.എന്‍.സിയില്‍നിന്ന് പരസ്യ ഏജന്‍സി വാടകക്കെടുത്ത ഇതിന്‍െറ കാര്‍ബറേറ്റര്‍ തകരാറായതിനെ തുടര്‍ന്ന് മെക്കാനിക്കല്‍ എന്‍ജിനീയര്‍ പരിശോധന നടത്തുകയും അറ്റകുറ്റപ്പണിക്കുശേഷം രണ്ടു തവണ ട്രയല്‍ നടത്തുകയും ചെയ്തിരുന്നു. യു ടേണ്‍ എടുക്കുന്നതിനിടെ ശക്തമായ ഓളത്തില്‍പെട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ജോമോനാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്കൂട്ടര്‍ ഓട്ടം തുടങ്ങി 100 മീറ്റര്‍ പിന്നിടുന്നതിനു മുമ്പേ നിയന്ത്രണംവിട്ട് മൂവരും കായലിലേക്ക് തെറിച്ചുവീണു. ജോമോന്‍ ബോട്ടില്‍തന്നെ അള്ളിപ്പിടിച്ച ശേഷം സമീപത്തുണ്ടായിരുന്ന ഗോവിന്ദരാജുവിന്‍െറ അടുത്തേക്ക് നീന്തിയത്തെി ബോട്ട് അടുപ്പിച്ചുകൊടുത്തു. ഇതിനകം വിനീഷ് വെള്ളത്തില്‍ മുങ്ങിയിരുന്നു.അമിത വേഗവും പരിചയക്കുറവുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം.