ബസ്സ്റ്റാന്‍ഡില്‍ അഭയംതേടി ബര്‍മീസ് കുടുംബം
text_fieldsകല്‍പറ്റ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ജഴ്സിയണിഞ്ഞ് കല്‍പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ ഇബ്രാഹീം സഹോദരന്മാര്‍ക്കൊപ്പം കളിക്കുന്ന തിരക്കിലാണ്. അഭയാര്‍ഥിയുടെ റോളിലാണെങ്കിലും ഈ ബര്‍മീസ് ബാലന്‍ ഇന്ത്യന്‍ ടീമിന്‍െറ ആരാധകനാണ്. സഹോദരങ്ങളായ ഹസനും അഹ്മദും സാലിമും ഇബ്രാഹീമിനെപ്പോലെ വിരാട് കോഹ്ലിയുടെ ഇഷ്ടക്കാര്‍തന്നെ. അഞ്ചു ദിവസമായി കല്‍പറ്റ ബസ്സ്റ്റാന്‍ഡിലാണ് സഹോദരങ്ങളായ നാലു പിഞ്ചു ബാലന്മാര്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നത്. സ്റ്റാന്‍ഡിന്‍െറ പിറകുവശത്ത് മഴയും തണുപ്പും വകവെക്കാതെ പായ വിരിച്ച്, ബെഡ്ഷീറ്റ് പുതച്ച് ജീവിതം തള്ളിനീക്കുകയാണ് ബര്‍മയില്‍നിന്നുള്ള ഈ അഭയാര്‍ഥി കുടുംബം.
പത്രത്തില്‍നിന്നാണെന്നു പറഞ്ഞപ്പോള്‍ അബ്ദുസ്സലാം ദൈന്യതതോടെ പറഞ്ഞു: ‘ദയവായി ഞങ്ങളെക്കുറിച്ച് വാര്‍ത്ത കൊടുക്കരുത്. പൊലീസ് പിന്നെ ഇവിടെ നില്‍ക്കാന്‍ സമ്മതിച്ചെന്നു വരില്ല.’ അല്‍പനേരത്തെ ആലോചനക്കുശേഷം ‘ഒരു ഗതിയുമില്ലാതായ ഞങ്ങള്‍ക്കിനി എന്തുവരാന്‍’ എന്ന് ആത്മഗതംപോലെ പറഞ്ഞ ശേഷം കഥ പകര്‍ത്താന്‍ സമ്മതിച്ചു. ബര്‍മയിലെ മണ്ഡു ജില്ലയിലെ നാഗ്പുര സ്വദേശിയായ സലാമും കുടുംബവും മൂന്നര വര്‍ഷം മുമ്പാണ് ഇന്ത്യയിലത്തെിയത്. 2016 സെപ്റ്റംബര്‍ 10 വരെ ഇന്ത്യയില്‍ തങ്ങാനുള്ള രേഖകള്‍ ഈ കുടുംബത്തിന്‍െറ പക്കലുണ്ട്.
ജമ്മുവില്‍ കുറച്ചുകാലം ഡ്രൈവറായി ജോലിനോക്കി. പിന്നീട് ചെന്നൈയിലത്തെി. അവിടെ കേളമ്പാക്കത്ത് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അവിടെനിന്നാണ് പരിചയക്കാരനായ ഒരാള്‍ വഴി വയനാട്ടിലത്തെിയത്. കുട്ടികളെ മുട്ടില്‍ വയനാട് മുസ്ലിം യതീംഖാനയില്‍ ചേര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ചില രേഖകള്‍ ശരിയായിക്കിട്ടിയാല്‍ അതു നടക്കും. ‘ഞങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയായിപ്പോയി. കുട്ടികളുടേത് അതുപോലെയാകരുത്. അവരുടെ വിദ്യാഭ്യാസമൊക്കെ മുടങ്ങുന്നതിലാണ് ഏറെ സങ്കടം’ -ഉമ്മ റൈഹാന കണ്ണീര്‍തൂകി.
മുട്ടില്‍ ഓര്‍ഫനേജുകാര്‍ ഏറെ സഹാനുഭൂതിയോടെയാണ് തങ്ങളോട് പെരുമാറിയതെന്ന് സലാം. എന്നാല്‍, രേഖകള്‍ ഉണ്ടെങ്കിലേ കുട്ടികളെ സ്ഥാപനത്തില്‍ ചേര്‍ക്കാന്‍ പറ്റൂ എന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടാണ് രേഖകള്‍ക്കുവേണ്ടിയുള്ള ശ്രമം. ഇവര്‍ക്കൊപ്പം അഞ്ചു ബര്‍മീസ് കുടുംബങ്ങള്‍കൂടി വയനാട്ടിലത്തെിയിട്ടുണ്ട്. മുട്ടിലിനടുത്ത വാര്യാട് ചെറിയ രണ്ടു മുറികളിലായാണ് അവര്‍ അരിഷ്ടിച്ച് കഴിയുന്നത്.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യത്തിനു പുറമെ താമസിക്കാന്‍ ഒരിടവും എന്തെങ്കിലും ജോലിയും കിട്ടിയിരുന്നെങ്കില്‍ എന്ന് സലാമും റൈഹാനയും പറയുന്നു. പണമൊന്നും കൈയിലില്ലാത്ത ഈ കുടുംബത്തിന് റമദാനില്‍ അത്താണിയാകുന്നത് സ്റ്റാന്‍ഡില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും ബര്‍മയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ആശ്രയമരുളുന്നതുപോലെ, കുട്ടികളെ പഠിപ്പിച്ച് മിടുക്കരാക്കാന്‍ കുറച്ചുകാലം ഇവിടെ ജീവിതം തള്ളിനീക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നാണ് ഈ കുടുംബത്തിന്‍െറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
