അഞ്ജുവിന്‍െറ രാജിക്ക് പിന്നില്‍ സഹോദരനെതിരായ മന്ത്രിയുടെ രഹസ്യാന്വേഷണം
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്നുള്ള അഞ്ജു ബോബി ജോര്‍ജിന്‍െറ രാജിക്ക് പിന്നില്‍ സഹോദരനെതിരായ മന്ത്രിയുടെ രഹസ്യാന്വേഷണം. താന്‍ വലിഞ്ഞുകയറി വന്നതല്ളെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവെക്കൂ എന്നുമായിരുന്നു നേരത്തേയുള്ള നിലപാട്. എന്നാല്‍, താനടക്കമുള്ളവരെ അഴിമതിക്കാരായി ചിത്രീകരിക്കാന്‍ കരുക്കള്‍ നീക്കി തുടങ്ങിയെന്നറിഞ്ഞതോടെയാണ് ഒരു മുഴം നീട്ടിയെറിയാന്‍ അവര്‍ തയാറായത്. സ്വയം രാജിവെക്കുന്നതോടൊപ്പം സഹോദരന്‍െറ രാജി കൂടി പ്രഖ്യാപിക്കുക വഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോപണങ്ങളെ തടയിടുകയാണ് ലക്ഷ്യം.
തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തത്തെിയ അഞ്ജുവിനെതിരെ മൃദുസമീപനമാണ് മന്ത്രി ഇ.പി. ജയരാജന്‍ കൈക്കൊണ്ടിരുന്നത്. നിലവിലെ ഭരണസമിതിക്കെതിരെ മന്ത്രി അഴിമതി ആരോപിച്ചെന്നും തന്നെ ആക്ഷേപിച്ചെന്നും അഞ്ജു ആരോപിക്കുമ്പോഴും ഒരു പരാമര്‍ശവും മന്ത്രി ജയരാജന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. മന്ത്രിക്ക് എഴുതിയ കത്ത് മാധ്യമങ്ങളിലൂടെ പരസ്യമാക്കിയപ്പോഴും മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല. അഞ്ജുവിനെ നേരിട്ട് ആക്രമിക്കുന്നത് തനിക്കും സര്‍ക്കാറിനും ദോഷകരമാവുമെന്നും പൊതുവികാരം സര്‍ക്കാറിനെതിരാവുമെന്നും മനസ്സിലാക്കിയായിരുന്നു ഈ നിലപാട്.
എന്നാല്‍, തനിക്കെതിരെ പരസ്യമായി രംഗത്തുവന്ന അഞ്ജുവിനെതിരെ രഹസ്യമായി മന്ത്രിയും നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ആറുമാസത്തെ ഭരണസമിതി തീരുമാനങ്ങളും നിയമനങ്ങളും അദ്ദേഹം പരിശോധിച്ചു. ഇതിലാണ് അഞ്ജുവിന്‍െറ സഹോദരന്‍ അജിത്ത് മാര്‍ക്കോസിന് അസിസ്റ്റന്‍റ് സെക്രട്ടറി (ടെക്നിക്കല്‍) ആയിരിക്കാന്‍ മതിയായ യോഗ്യതയില്ളെന്ന് കണ്ടത്തെിയത്. സ്പോര്‍ട്സ് രംഗത്തുള്ള ഒരു അനുഭവ പരിചയവും അജിത്ത് ബയോഡാറ്റയില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ പുറത്താന്‍ സര്‍ക്കാര്‍ കോപ്പുകൂട്ടുന്നതിനിടെയാണ് രാജിയുമായി അഞ്ജു എത്തിയത്.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ കായികനിയമഭേദഗതി കൊണ്ടുവന്ന് ഭരണസമിതിയെ പിരിച്ചുവിടാനായിരുന്നു സര്‍ക്കാര്‍ തന്ത്രം. ഇങ്ങനെ അപമാനിച്ച് പുറത്താക്കുന്നതിനെക്കാള്‍ നല്ലത് സ്വയം രാജിവെക്കുന്നതാണെന്ന് ബുധനാഴ്ച കൂടിയ അഡ്മിനിട്രേറ്റിവ് ബോര്‍ഡ് യോഗത്തില്‍ അഞ്ജു അറിയിച്ചു. ഇതിനത്തെുടര്‍ന്നാണ് പ്രസിഡന്‍റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് അംഗങ്ങളും രാജിക്ക് തയാറായത്.