യൂനിവേഴ്സിറ്റി കോളജിനെ മികവിന്‍െറ കേന്ദ്രമാക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിനെ ദേശീയ-അന്തര്‍ദേശീയ തരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മികവിന്‍െറ കേന്ദ്രമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂനിവേഴ്സിറ്റി കോളജിന്‍െറ ശതോത്തത സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജിന്‍െറ മഹത്ത്വം ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമല്ല, സംസ്ഥാനത്തിന്‍െറ മുഴുവന്‍ വികാരമാണ്. യൂനിവേഴ്സിറ്റി കോളജിനെ കൊന്നുകുഴിച്ചുമൂടണമെന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങിയ ഒരു കൂട്ടര്‍ ഇന്നാട്ടിലുണ്ടായിരുന്നു. കോളജിന്‍െറ അഭ്യുദയകാംക്ഷികള്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ചാണ് ഈ നീക്കത്തെ പരാജയപ്പെടുത്തിയതും കോളജിന്‍െറ പ്രൗഢി നിലനിര്‍ത്തിയതും.
കോളജിന് സാമ്പത്തികം പ്രശ്നമാകുമെന്ന് തോന്നുന്നില്ല. സര്‍ക്കാറിന് അതിന്‍േറതായ പരിമിതികളുണ്ട്. പൂര്‍വവിദ്യാര്‍ഥികളുടെയും വിവിധ കൂട്ടായ്മകളുടെയും ഫണ്ടുകള്‍ പ്രയോജനപ്പെടുത്താനാകണം. അതിനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നിലുണ്ടാകും. സകലതും സര്‍ക്കാര്‍ വഹിക്കണമെന്ന് പറയുന്ന് പ്രയാസമാണ്. സര്‍ക്കാര്‍ കോളജ് എന്നനിലയില്‍ മറ്റു സഹായങ്ങള്‍ സ്വീകരിക്കില്ല എന്ന നിലപാട് വേണ്ട. തെറ്റായ നിലക്ക് ഒന്നും സ്വീകരിക്കരുതെന്നേയുള്ളൂ. വിദ്യാഭ്യാസ മേഖലയില്‍ അത്യാധുനിക സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തിയുള്ള വളര്‍ച്ചയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൗലിക സങ്കല്‍പ്പങ്ങള്‍ നിലനിര്‍ത്തി ഉന്നത വിദ്യാഭ്യാസ മേഖല ആധുനീകരിക്കുകയും ഗവേഷണ മേഖല ജനകീയമാക്കുകയും ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസാന്തരീക്ഷം സജീവമായിരുന്ന കാലത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയായിരുന്നു. കച്ചവടവത്കരണവും വര്‍ഗീയതയുമാണ് ഈ മൂല്യങ്ങള്‍ക്ക് പോറലേല്‍പ്പിച്ചത്. കേരളത്തിന്‍െറ വിദ്യാഭ്യാസ തനിമ നിലനിര്‍ത്തിയേ പരിഷ്കരണങ്ങളുണ്ടാകൂ. സര്‍വകലാശാലകളിലെ ഗവേഷണങ്ങളെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും വിധം പ്രയോഗവത്കരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒ.എന്‍.വി സ്മരണയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. സംഘാടക സമിതി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ മുഖ്യമന്ത്രിയെ ആദരിച്ചു.
എന്‍.എസ്. മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ എം.എസ്. വിനയചന്ദ്രന്‍, ഡോ.പി.എസ് ശ്രീകല, ജി.സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കോളജ് അങ്കണത്തിലെ മുത്തശ്ശി മാവിന് സമീപത്ത് മുഖ്യമന്ത്രി വൃക്ഷത്തൈ നട്ടു. ദേശീയ-അന്തര്‍ദേശീയ സെമിനാറുകള്‍, ചരിത്ര ശാസ്ത്രപ്രദര്‍ശനങ്ങള്‍, പുസ്തകോത്സവം തുടങ്ങി വിവിധ പരിപാടികളോടെ ഡിസംബര്‍ വരെയാണ് ആഘോഷങ്ങള്‍.