Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ജു ബോബി ജോർജ്...

അഞ്ജു ബോബി ജോർജ് രാജിവെച്ചു

text_fields
bookmark_border
അഞ്ജു ബോബി ജോർജ് രാജിവെച്ചു
cancel

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് രാജിവെച്ചു. ഇന്നു ചേർന്ന സ്പോർട്സ് കൗൺസിൽ ഭരണസമിതി യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനെ കൂടാതെ വോളിബാൾ താരം ടോം ജോസഫ് അടക്കമുള്ള ഭരണസമിതിയിലെ 12 അംഗങ്ങളും രാജിവെച്ചിട്ടുണ്ട്.

അപമാനം സഹിച്ച് പ്രസിഡന്‍റ് പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അഞ്ജു ബേബി ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പോർട്സിന് പാർട്ടിയോ മതമോ ഇല്ല. സ്പോർട്സിനെ തകർക്കാം, എന്നാൽ കായികതാരങ്ങളെ തോൽപിക്കാനാവില്ല. സർക്കാറിന്‍റെ നിർദേശ പ്രകാരമാണ് സഹോദരൻ അജിത്ത് മർകോസിനെ പരിശീലകനായി നിയമിച്ചത്. കൗൺസിൽ നേരിട്ടു നടത്തിയ നിയമനമായിരുന്നില്ല. അഞ്ച് മെഡലുകൾ കിട്ടിയ കോച്ച് എന്ന നിലയിലാണ് അജിത്തിനെ നിയമിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അജിത്ത് മർകോസും രാജിവെക്കുമെന്നും അഞ്ജു വ്യക്തമാക്കി.

ഈ നൂറ്റാണ്ടിൽ കായിക താരങ്ങളോട് ചെയ്ത ഏറ്റവും വലിയ അഴിമതിയാണ് സ്പോർട്സ് ലോട്ടറി. ലോട്ടറിയുടെ പേരിൽ വലിയ വാഗ്ദാനങ്ങളാണ് കായിക താരങ്ങൾക്ക് അധികാരികൾ നൽകിയത്. എന്നാൽ, ഇതുവരെ ഒന്നും നടന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ കള്ളത്തരം കാണിച്ചിട്ടുണ്ട്. ഇതിന് പിന്നിലെ കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല. ഇക്കാര്യങ്ങൾ ജനങ്ങളറിയണമെന്നും സത്യം മാധ്യമങ്ങൾ പുറത്തു കൊണ്ടു വരണമെന്നും അഞ്ജു ആവശ്യപ്പെട്ടു.

കായിക മേഖലയുമായി ബന്ധപ്പെട്ട അഴിമതി, സ്വജനപക്ഷപാതം അടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കാനുള്ള എത്തിക്സ് കമ്മിറ്റിക്ക് രൂപം നൽകാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. എത്തിക്സ് കമ്മിറ്റി രൂപീകരിക്കാൻ കൗൺസിൽ നടത്തിയ നീക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സ്ഥാപക അംഗം ജി.വി രാജയെ കരയിപ്പിച്ച് പറഞ്ഞുവിട്ട പ്രസ്ഥാനമാണ് സ്പോർട്സ് കൗൺസിലെന്നും അഞ്ജു ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തും ജില്ലകളിലും നടന്നിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് വിജിലൻസ് ഡയറക്ടറെ കൊണ്ട് അന്വേഷണം നടത്താൻ ഇന്നു ചേർന്ന ഭരണസമിതിയോഗം തീരുമാനിച്ചു. എൽ.ഡി.എഫ് സർക്കാറിന്‍റെ കാലാവധി പൂർത്തിയായിട്ടും കഴിഞ്ഞ 10 വർഷമായി 14 ജില്ലാ സ്പോർട്സ് കൗൺസിലിന്‍റെയും നേതൃത്വം നൽകിയിരുന്നത് ഇടത് അനുഭാവമുള്ള സ്റ്റാൻഡിങ് കമ്മിറ്റികളായിരുന്നു. കഴിഞ്ഞ ആറു മാസത്തെ കൗൺസിലിന്‍റെ പ്രവർത്തനങ്ങൾ അന്വേഷിക്കുമെന്നാണ് കായിക മന്ത്രി ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, 2006 നവംബർ മുതൽ 2016 ജൂൺ വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും വിജിലൻസ് അന്വേഷിക്കണമെന്നും രാജിവെച്ച ഭരണസമിതിയംഗങ്ങൾ ആവശ്യപ്പെട്ടു.  

കായിക മന്ത്രി ഇ.പി ജയരാജനും അഞ്ജു ബോബി ജോർജും തമ്മിൽ നിലനിന്ന ദിവസങ്ങൾ നീണ്ട അസ്വാരസ്യങ്ങൾ മാധ്യമങ്ങളിൽ നേരത്തെ വാർത്തയായിരുന്നു. ജയരാജനെതിരെ അഞ്ജു ബോബി ജോർജ് മുഖ്യമന്ത്രിക്കു പരാതി നൽകുകയും ചെയ്തു. സ്‌പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നും പരുഷമായി സംസാരിച്ചെന്നുമായിരുന്നു അഞ്ജുവിന്‍റെ പരാതി.

അതേസമയം, അഞ്ജു ബോബി ജോർജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവർ സന്തോഷത്തോടെയാണ് പോയതെന്നും  ജയരാജൻ പ്രതികരിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറിന് ബംഗളൂരുവിൽ നിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നതിനെയും മന്ത്രി വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ep jayarajananju baby george
Next Story