എല്ലാ ബസുകൾക്കും ഇനിമുതൽ വാതിൽ നിർബന്ധം
text_fieldsതിരുവനന്തപുരം: അടുത്ത മാസം ഒന്ന് മുതല്‍ എല്ലാ സ്വകാര്യബസുകള്‍ക്കും വാതില്‍ നിര്‍ബന്ധമാക്കി ഗതാഗതവകുപ്പ് ഉത്തരവിറക്കി. വാതില്‍ ഇല്ലാത്തതിനാല്‍ ബസ്സുകളില്‍ നിന്നും യാത്രക്കാര്‍ റോഡില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബസുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.
വാതിലുകള്‍ നിര്‍ബന്ധമാണെന്ന നിബന്ധനയില്‍ നിന്ന് സിറ്റി ബസുകള്‍ ഒഴിവായതിനാല്‍ നിലവിലെ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്താണ് സിറ്റി, ടൗണ്‍ സര്‍വ്വീസ് ഉള്‍പ്പെടയുള്ള ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്. വാതിലുകള്‍ അടക്കാതെയും തുറന്ന് കെട്ടി വച്ചും സര്‍വീസ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ് ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരും. ഉത്തരവ് നടപ്പാക്കാത്ത ബസുകൾക്കെതിരെ കര്‍ശന നടപടിയെടുക്കാനും കമീഷണര്‍ നിര്‍ദേശം നല്‍കി.
വാതിലുകളില്ലാതെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നിരവധി പരാതികള്‍ ഗതാഗതവകുപ്പിന് മുന്നിലെത്തിയിരുന്നു. സ്കൂള്‍ കുട്ടികള്‍ അപകടത്തില്‍ പെട്ട നിരവധി സംഭവങ്ങള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാരുടെ എണ്ണം കുറക്കാനായാണ് സ്വകാര്യബസുടമകള്‍ ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത്. വാതിലുകള്‍ നിര്‍ബന്ധമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഹൈകോടതിയും സര്‍ക്കാരിന് നിർദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
