Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു വധവും ഒരുപാട്...

ഒരു വധവും ഒരുപാട് കഥകളുമായി ജിഷ കേസ്

text_fields
bookmark_border
ഒരു വധവും ഒരുപാട് കഥകളുമായി ജിഷ കേസ്
cancel

കൊച്ചി: ജിഷ വധം കേരളസമൂഹത്തില്‍ ഉയര്‍ത്തിവിട്ട കഥകള്‍ എണ്ണമറ്റതായിരുന്നു. പൊലീസ്, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരുടെ ഭാവനാവിലാസം പീലിവിടര്‍ത്തിയാടിയ ദിവസങ്ങളാണ് കടന്നുപോയത്. ഈ കഥകളില്‍ ജിഷയുടെ അയല്‍വാസികള്‍, സഹപാഠികള്‍, പെണ്‍ സുഹൃത്ത്, നൃത്താധ്യാപകന്‍, സഹോദരിയുടെ മുന്‍ ഭര്‍ത്താവ്, പഞ്ചായത്ത് അംഗത്തിന്‍െറ സഹോദരന്‍, ക്വട്ടേഷന്‍ സംഘാംഗം, ഉന്നത രാഷ്ട്രീയനേതാവ് തുടങ്ങിയവരെല്ലാം വില്ലന്‍ കഥാപാത്രങ്ങളായി എത്തി.

ചില കഥകളില്‍ നായികയും പ്രതിനായികയുമെല്ലാമായി ജിഷയും അമ്മയും സഹോദരിയുമെല്ലാമത്തെി. പൊലീസിലെ ചിലരും സാമൂഹികമാധ്യമങ്ങളും കഥകള്‍ മെനഞ്ഞപ്പോള്‍ മാധ്യമങ്ങളില്‍ ചിലത് വില്ലന്‍ കഥാപാത്രങ്ങളെ ജയിലഴിക്കുള്ളിലാക്കുകവരെയുണ്ടായി. ആദ്യം കഥ മെനഞ്ഞത് സ്ഥലം പൊലീസ് സ്റ്റേഷനില്‍നിന്നുതന്നെയായിരുന്നു. ജിഷ കൊല്ലപ്പെട്ട ദിവസം പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്റ്റേഷനില്‍നിന്ന് വിവരം നല്‍കി- ‘യുവതി തലക്കടിയേറ്റ് മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം’. സ്വകാര്യ അവയവങ്ങളടക്കം കുത്തിക്കീറുകയും മൃതദേഹത്തോട് കിരാതമായി പെരുമാറുകയും ചെയ്തിട്ടും പൊലീസിന് അത് ‘കൊലപാതകമെന്ന് സംശയിക്കാവുന്ന’ സംഭവം മാത്രമായി. വേണമെങ്കില്‍ ആത്മഹത്യയുമാകാമെന്നും. ഈ വിവരത്തിന്‍െറ വിരലില്‍തൂങ്ങി മാധ്യമങ്ങളില്‍നിന്ന് മൂന്നുദിവസം ജിഷ വധം മറഞ്ഞുനിന്നു. പ്രാദേശിക എഡിഷനുകളില്‍ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുങ്ങുകയും ചെയ്തു.

പിന്നീട് ജിഷയുടെ ലോ കോളജ് സഹപാഠികള്‍ സംശയം തോന്നി അന്വേഷിച്ച് വീട്ടിലത്തെുകയും ഞെട്ടിക്കുന്ന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തപ്പോഴാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊലീസും ഉണര്‍ന്നത്. പിന്നീട്, മുഖം രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടന്നത്. പ്രതിഷേധം വ്യാപകമായപ്പോള്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപംനല്‍കി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെയുള്ളവര്‍ പെരുമ്പാവൂരിലത്തെി. പിന്നീട് കഥകളുടെ കുത്തൊഴുക്കായിരുന്നു. ദിവസവും നിറംപിടിപ്പിച്ച കഥകള്‍ മാധ്യമങ്ങളിലും നിറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കാര്യമായ പ്രചാരം കിട്ടുകയും ചെയ്തു. പ്രതിഷേധം കൈവിടുമെന്നായപ്പോള്‍ ജനത്തെ തണുപ്പിക്കാന്‍ രണ്ട് പൊലീസുകാരെ വേഷംകെട്ടിച്ച സംഭവംവരെ ഉണ്ടായി. പോസ്റ്റ്മോര്‍ട്ടത്തിലെ അപാകതയും വിവാദവിഷയമായി. ഇതോടെ, അന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് വിരമിച്ച ഫോറന്‍സിക് വിദഗ്ധരുമായും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.

ഇതിനിടെ, തെരഞ്ഞെടുപ്പില്‍ ‘ജിഷ എഫക്ട്’കൂടി പ്രതിഫലിച്ച് സംസ്ഥാനത്തൊട്ടാകെ ഇടതുമുന്നണി വിജയിക്കുകയും പെരുമ്പാവൂരില്‍ ഇടത് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തു. പുതിയ മന്ത്രിസഭയുടെ ആദ്യതീരുമാനം അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുക എന്നതായിരുന്നു. അപ്പോഴും പക്ഷേ, കഥകള്‍ തുടര്‍ന്നു. ജിഷയുടെ കാമുകനാണ് പ്രതി എന്നായി പുതിയ കഥകള്‍. ഉന്നത കോണ്‍ഗ്രസ് നേതാവിന്‍െറ മകളാണ് ജിഷയെന്നും പിതൃത്വവും സ്വത്തവകാശവും ചോദിച്ചുചെന്നതിന്‍െറ വൈരാഗ്യത്തില്‍ പ്രഫഷനല്‍ കൊലയാളിയെക്കൊണ്ട് ചെയ്യിച്ചതാണെന്നുമായി മറ്റൊരു കഥ. ഇത് പരാതിയായി മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തുകയും ചെയ്തു.

കണ്ണൂരില്‍നിന്ന് ജിഷയുടെ അയല്‍വാസിയെ പിടികൂടിയതും അയല്‍വാസികളും നിര്‍മാണത്തൊഴിലാളികളുമടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്തതുമെല്ലാം പുതിയ കഥകള്‍ക്ക് ചേരുവകളായി. ജിഷയുടെ ചാരിത്ര്യത്തെ ചോദ്യംചെയ്തും കഥകള്‍ പ്രചരിച്ചു. ഇതിനിടെ, പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഘം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റി രൂക്ഷവിമര്‍ം നടത്തുകയും ചെയ്തു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് രേഖാചിത്രങ്ങള്‍ തയാറാക്കി പുറത്തുവിട്ടതും പുതിയ കഥകള്‍ക്ക് വിഷയമായി. ഓരോ ചിത്രവും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു.

പിന്നീട് പുതിയ സംഘം നിറവും മിഴിവുമുള്ള പുതിയ രേഖാചിത്രം പുറത്തുവിട്ടു. ഇതിനോട് സാമ്യം തോന്നുന്ന യുവാവ് കളമശ്ശേരിയില്‍ ആള്‍ക്കൂട്ട സംശയത്തിന് ഇരയാവുകയും ഇയാളുടെ സിനിമ അവസരം നഷ്ടമായെന്ന് പരാതി ഉയരുകയും ചെയ്തു. അറസ്റ്റിലേക്ക് നീങ്ങിയ ഘട്ടത്തിലും കഥകള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ പിടിയിലായ ആളാണോ പ്രതി എന്ന ചോദ്യമുയര്‍ത്തിയാണ് പുതിയ കഥകള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha murder case
Next Story