നാലുവരിപ്പാത: വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: 45 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കുന്നതിന് നടപടി ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശം. സ്ഥലമേറ്റെടുത്ത ഭാഗങ്ങളില്‍ നിര്‍മാണം എത്രയുംവേഗം ആരംഭിക്കണമെന്നും വിശദ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് അര്‍ഹവും മാന്യവുമായ നഷ്ടപരിഹാരപാക്കേജ് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയപാതവികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര ഹെക്ടര്‍ സ്ഥലമേറ്റെടുക്കേണ്ടിവരും, കുടിയൊഴിപ്പിക്കേണ്ടവരുടെ പട്ടിക, ചെലവ്, കേന്ദ്രഫണ്ട് ലഭ്യമാകാനുള്ള സാധ്യത എന്നിവ ഉള്‍പ്പെടെ വിശദ റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പ്രധാനനഗരങ്ങളില്‍ ബൈപാസ് നിര്‍മാണം, അപകടസാധ്യതയുള്ള ഇടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിശദ പദ്ധതിരേഖ തയാറാക്കണമെന്ന് അദ്ദേഹം പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടു.
പൊതുമരാമത്ത് അഡീഷനല്‍ ചീഫ്സെക്രട്ടറി സുബ്രതോ ബിശ്വാസ്, നാഷനല്‍ ഹൈവേ അതോറിറ്റി റീജനല്‍ ഓഫിസര്‍ രാജീവ് റെഡ്ഡി, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ കെ.പി. പ്രഭാകരന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ്എന്‍ജിനീയര്‍ പി.കെ. സതീശന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ദേശീയപാത 17ന് എറണാകുളം ഇടപ്പള്ളി മുതല്‍ കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി വരെയും ദേശീയപാത 47ന് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെയുമാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. 45 മീറ്ററില്‍ പാത വികസിപ്പിക്കാന്‍ 1329 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് പ്രാഥമികവിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
