പത്രപ്രവർത്തകർക്കു നേരെയുള്ള മർദ്ദനം അപലപനീയമെന്ന് കുമ്മനം
text_fieldsകോട്ടയം: ഒറ്റപ്പാലത്ത് കോടതി വളപ്പിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അക്രമം അപലപനീയമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രതികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും കുമ്മനം വ്യക്തമാക്കി. പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള അക്രമങ്ങൾ പാർട്ടി പ്രോൽസാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് നേരെ പാർട്ടി നടപടിയെടുക്കുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും കുമ്മനം രാജശേഖരൻ ഒഴിഞ്ഞ് മാറുകയും ചെയ്തു.
അക്രമത്തെ ബി.ജെ.പി–ആർ.എസ്.എസ് ജില്ലാ നേതൃത്വം അപലപിച്ചിട്ടില്ല. അതേസമയം അക്രമം നടത്തിയ പ്രതികളെ പിടികൂടാൻ ഇത് വരെ പൊലീസിനായിട്ടില്ല. നെല്ലായ സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകർക്കു നേരെയാണ് ഒറ്റപ്പാലം കോടതി വളപ്പിൽ ആക്രമണമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാം കുമാർ, റിപ്പോർട്ടർ ചാനലിലെ ശ്രീജിത്ത്, പ്രാദേശിക ലേഖകൻ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ക്യാമറകളും മൊബൈൽ ഫോണും നിലത്തെറിഞ്ഞ് നശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. ഒരു എം.എല്‍.എയും കേന്ദ്രത്തില്‍ ഭരണവുമില്ലാത്ത സമയത്തും വെട്ടിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരെ തീര്‍ത്തു കളയുമെന്നും അക്രമികൾ ഭീഷണി മുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
