Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനന്മ ചെയ്താല്‍ പകരം...

നന്മ ചെയ്താല്‍ പകരം നന്മ

text_fields
bookmark_border
നന്മ ചെയ്താല്‍ പകരം നന്മ
cancel

തോട്ടം കാവല്‍ക്കാരനായ യുവാവ് ഉച്ചഭക്ഷണമായ റൊട്ടി തിന്നുകയാണ്. എവിടെനിന്നോ ഒരു നായ അവന്‍െറ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വാലാട്ടി യുവാവിന്‍െറ കണ്ണിലേക്ക് ആര്‍ത്തിയോടെ നോക്കുന്നു. അവന് ദയ തോന്നി. റൊട്ടി മുറിച്ച് ഒരു കഷണം വായിലിടുമ്പോള്‍ മറ്റൊരു കഷണം നായക്ക് ഇട്ടുകൊടുക്കുന്നു. അന്നേരം ആ വഴി ഒരു യാത്രക്കാരന്‍ കടന്നുവന്നു -പ്രവാചകന്‍െറ പൗത്രന്‍ ഹസന്‍ ഇബ്നു അലി. അദ്ദേഹം രംഗം കൗതുകത്തോടെ നോക്കിനിന്നു. ‘എന്താണ് ഈ നായക്ക് റൊട്ടി കൊടുക്കാന്‍ നിന്നെ പ്രേരിപ്പിച്ചത്?’ -ഹസന്‍ ചോദിച്ചു. ‘അത് വായിലേക്ക് നോക്കിനില്‍ക്കുന്നു. അപ്പോള്‍ അതിന് കൊടുക്കാതെ ഞാന്‍ എങ്ങനെ തിന്നും’? - മറുപടി കേട്ടയുടന്‍ ഹസന്‍ തോട്ടമുടമയുടെ വീട്ടിലേക്ക് പോയി. പണംകൊടുത്ത് അടിമയായ ആ യുവാവിനെ സ്വതന്ത്രനാക്കി. പിന്നെ തോട്ടം വിലക്കുവാങ്ങി അതവന് ദാനമായി നല്‍കി.

നായ - ഇസ്ലാമിക വിധിപ്രകാരം അത് തലയിട്ട പാത്രം വൃത്തിയാകാന്‍ ഏഴുപ്രാവശ്യം കഴുകണം. ചീത്ത മനുഷ്യരെ നായയോട് ഉപമിക്കുക സാധാരണം. ഈ മിണ്ടാപ്രാണിക്ക് വിശപ്പടക്കാന്‍ റൊട്ടി കൊടുക്കുമ്പോള്‍ ആ സദ്കൃത്യം ആരെങ്കിലും കാണണമെന്ന് യുവാവ് കൊതിച്ചില്ല, പ്രതീക്ഷിച്ചതുമില്ല. മറിച്ച് നായയോട് സ്നേഹവും ദയയും തോന്നി. അതിന് വിശപ്പടക്കാന്‍ കൊടുക്കേണ്ടത് തന്‍െറ കടമയാണെന്ന് കണ്ടു.

ഒരു വിശ്വാസിയുടെ മനസ്സ് എപ്പോഴും ഇങ്ങനെയായിരിക്കണം. താന്‍ വിശപ്പടക്കുമ്പോള്‍ വിശന്നുവലയുന്നവരെപ്പറ്റി ചിന്തയുണ്ടാകണം. ‘അണുത്തൂക്കം നന്മ ആരെങ്കിലും ചെയ്താല്‍ അത് അവന്‍ കാണും’ -ഖുര്‍ആന്‍ വാഗ്ദത്തം ചെയ്യുന്നു. എന്നാല്‍, ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാള്‍ നന്മ ചെയ്യുമ്പോള്‍ ദൈവപ്രീതിയല്ലാതെ മറ്റൊരു താല്‍പര്യവും ഉള്ളിലുണ്ടാകാന്‍ പാടില്ല. മാനുഷികമായ ഒരു കടമ നിര്‍വഹിക്കുകയാണെന്ന വിചാരം മാത്രം. ഇങ്ങനെ ശുദ്ധമായ മനസ്സോടെ നന്മ ചെയ്താല്‍ നന്മ തിരിച്ചുകിട്ടുകതന്നെ ചെയ്യും. ഇഹലോകത്തും അവര്‍ ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും അതിന്‍െറ സ്വാഭാവിക ഗുണം ലഭിച്ചെന്നു വരും. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ പറയാനുണ്ട്.

ഒരു ബ്രിട്ടീഷ് സമ്പന്നകുടുംബം വാരാന്ത്യ വിശ്രമത്തിനായി ഗ്രാമത്തിലെ ഒരു തോട്ടത്തിലത്തെി. കുടുംബത്തിലെ രണ്ട് കൊച്ചുകുട്ടികള്‍ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് അടുത്തുള്ള ഒരു കുളത്തില്‍ നീന്താനിറങ്ങി. ഒരു കുട്ടി വെള്ളത്തിനടിയിലേക്ക് താഴുന്നു. തോട്ടക്കാരന്‍െറ പുത്രനായ ബാലന്‍ ഈ രംഗം കണ്ടു. അവന്‍ കുളത്തിലേക്ക് എടുത്തുചാടി കുട്ടിയെ മരണത്തില്‍നിന്ന് രക്ഷിച്ചു. കഥയറിഞ്ഞ സമ്പന്നകുടുംബത്തിന് അവന് എന്തെങ്കിലും പാരിതോഷികം കൊടുക്കണമെന്ന് നിര്‍ബന്ധം. ബാലന്‍െറ പിതാവിനോട് സംസാരിച്ചു. അവന് പഠിക്കാന്‍ വലിയ മോഹമാണ്. വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ചെയ്താല്‍ മതി -അയാള്‍ പറഞ്ഞു.

അവര്‍ അപ്രകാരം ചെയ്തു. ആ ദരിദ്ര ബാലനാണ് പിന്നീട് വലിയ ശാസ്ത്രജ്ഞനായി മാറിയ, പെന്‍സിലിന്‍ കണ്ടുപിടിച്ച ഡോ. അലക്സാണ്ടര്‍ ഫ്ളെമിങ്. ആ ബാലന്‍ രക്ഷിച്ച കുട്ടിയാണ് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഉയര്‍ന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍.  ഒരു ഭൗതിക താല്‍പര്യവുമില്ലാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക. നോമ്പ് അതിന് പ്രചോദനമേകട്ടെ. ഇങ്ങനെ നന്മ ചെയ്യുന്നവര്‍ക്ക് ദൈവം എത്രയോ ഇരട്ടി ഗുണങ്ങള്‍ പകരമായി തരും. നന്മ പ്രവര്‍ത്തിക്കുന്നതിന്‍െറ പ്രതിഫലം നന്മയല്ലാതെ മറ്റെന്തെങ്കിലുമാണോ? -ഖുര്‍ആന്‍ ചോദിക്കുന്നു.

Show Full Article
TAGS:ramadan Dharmapatha 
Next Story