Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിഷ്കളങ്കതയുടെ നോമ്പ്

നിഷ്കളങ്കതയുടെ നോമ്പ്

text_fields
bookmark_border
നിഷ്കളങ്കതയുടെ നോമ്പ്
cancel

മലപ്പുറത്തെ 70കളിലെ പങ്കുവെക്കലിന്‍െറ മഹത്ത്വവും നന്മയും പകര്‍ന്ന ദിനങ്ങളാണ് എന്നില്‍ നോമ്പിന്‍െറ ഓര്‍മകള്‍ അടയാളപ്പെടുത്തുന്നത്. ‘ഇസ്ലാമിനെക്കുറിച്ച്  ആഴത്തില്‍ ചിന്തിക്കാനും പഠിക്കാനും പ്രേരണയായത് ആചാരാനുഷ്ഠാനങ്ങള്‍ നിറഞ്ഞ ആ നോമ്പുകാലമാണ്. ഒരു ജനതയുടെ ആത്മസമര്‍പ്പണവും ജീവിതത്തോടുള്ള ആഴത്തിലുള്ള സമീപനവും അതിശയമുളവാക്കുന്നതായിരുന്നു. കായംകുളത്തെ കുട്ടിക്കാലത്തിനും തിരുവനന്തപുരത്തെ കോളജ് പഠനകാലത്തിനുമൊന്നും ഇത്തരത്തില്‍ ഒരു കാലം അവകാശപ്പെടാനില്ല. വലിയ സമ്പന്നമായിരുന്നില്ല അന്ന് മലബാറിന്‍െറ കീശ, അവഗണനകള്‍ക്ക് നടുവില്‍ മാറ്റിനിര്‍ത്തപ്പെട്ട സമൂഹമായിരുന്നു. എന്നാല്‍, ആതിഥേയത്വവും സ്നേഹവുംകൊണ്ട് സമൃദ്ധമായ മണ്ണാണ്.

ആദ്യ നോമ്പുകാലം വ്യത്യസ്തമായ അനുഭവങ്ങളുടെ രുചിക്കൂട്ടാണ് വിളമ്പിയത്. സാധാരണക്കാരായ മനുഷ്യരുടെ ഭക്തിയും ആത്മസമര്‍പ്പണവും ഹൃദയത്തെ കൂടുതല്‍ അവരിലേക്ക് ആകര്‍ഷിപ്പിച്ചു. നോമ്പെടുത്തില്ളെങ്കില്‍പോലും അതിന്‍െറ ഭാഗമായിമാറിയിരുന്നു. കോട്ടപ്പടിയിലെ ഗവ. കോളജില്‍ ഞങ്ങള്‍ക്ക് ആഹാരം എത്തിച്ചിരുന്നത് ഹസന്‍ഹാജിയായിരുന്നു. വ്രതം തുടങ്ങിയതോടെ പകലുകള്‍, വിശപ്പിനെ പ്രതിരോധിക്കുന്നവന്‍െറ സമര്‍പ്പണത്തിന്‍െറ നിമിഷങ്ങളെ തൊട്ടറിയിച്ചു. താമസിക്കുന്നിടത്ത് ചെറിയ രീതിയില്‍ പാചകം ആരംഭിച്ചെങ്കിലും വൈകീട്ട് ഹസന്‍ഹാജി കൊണ്ടുവരുന്ന മലബാറിന്‍െറ തനതു വിഭവങ്ങള്‍നിറഞ്ഞ നോമ്പുതുറ ഭക്ഷണമായിരുന്നു സംതൃപ്തി നല്‍കിയിരുന്നത്.

വൈവിധ്യങ്ങള്‍ നിറഞ്ഞ പലഹാരങ്ങള്‍ അറിയുന്നതും കഴിക്കുന്നതും ഈ കാലത്താണ്. നോമ്പിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല ആ ജനത. അത് അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരുമിച്ചു ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉപവസിക്കുന്ന അവര്‍ കൂട്ട ഉപവാസത്തിന്‍െറ വലിയൊരനുഭവവും മാതൃകയുമാണ് സമ്മാനിച്ചത്. മോങ്ങത്തുള്ള മുഹമ്മദ് ഉണ്ണി, തലശ്ശേരിയിലെ മുഹമ്മദ് അലി, കൊടുങ്ങല്ലൂരുകാരന്‍ സലീം എന്നിവരായിരുന്നു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. കോളജിനും ചുറ്റുപാടിനുമെല്ലാം നോമ്പിന്‍െറ അന്തരീക്ഷംതന്നെയായിരുന്നു.  എല്ലാ മതവിഭാഗങ്ങളും മനസ്സുകൊണ്ട് അതില്‍ പങ്കുചേര്‍ന്നു.

ഇഫ്താര്‍ വിരുന്നുകളൊന്നും അന്ന് ഇന്നത്തെ പ്രൗഢിയിലില്ല. സമ്പന്നമല്ലാത്ത ഗ്രാമാന്തരീക്ഷമായിരുന്നു അവിടത്തേത്. ഇവ നടത്തുന്നതാകട്ടെ ചില ഇടത്തരക്കാര്‍ മാത്രം. സാധരണക്കാര്‍ വീടുകളില്‍ കുറവുവരുത്താതെതന്നെ നോമ്പുതുറക്കുന്നതില്‍ ശ്രദ്ധിച്ചു. ഈദ് ആഘോഷവേളകളില്‍ ഞങ്ങളെയും അവര്‍ സന്തോഷത്തില്‍ പങ്കുചേര്‍ത്ത് സല്‍ക്കരിച്ചിരുന്നു. തിരുവനന്തപുരത്ത് ഇങ്ങനെയൊരു പ്രതിഭാസംതന്നെ അന്ന് ഇല്ലായിരുന്നു. പില്‍ക്കാലത്ത്  മന്ത്രിമാരും മറ്റുമാണ് ഒഫീഷ്യലായി ഇഫ്താര്‍ സംഗമങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇന്ന് സാമൂഹിക സാഹചര്യങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ടിട്ടുണ്ട്. ചല സംഘടനകളൊക്കെ വിളിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാറുണ്ട്. വ്രതാനുഷ്ഠാനത്തിന്‍െറ മാത്രമല്ല, ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെകൂടി മാസമായി റമദാന്‍ മാറിയിരിക്കുന്നു. മുസ്ലിം സമൂഹത്തിലുണ്ടായ മുന്നേറ്റങ്ങള്‍ ഇത്തരം പ്രവൃത്തികള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നു.

എല്ലാ മതസ്ഥരെയും അതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്നുണ്ട്. സമകാലീന സമൂഹത്തില്‍ നോമ്പിനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പ്രസക്തിയേറെയാണ്. സാമൂഹികമായ ഉണര്‍വുതന്നെ പ്രതിഫലിപ്പിക്കാന്‍ ഇവക്ക് സാധിക്കുന്നുണ്ട്. മതാതീത ആഘോഷമായി  ഈദ് മാറണം. ഒരു പ്രത്യേക മതത്തിന്‍േറതായി ഒതുക്കിക്കാണാതെ മനുഷ്യനന്മയിലേക്കുള്ള ആത്മീയശക്തിയായി, സാമൂഹിക നന്മയിലേക്ക് ഉതകുന്ന തരത്തില്‍ വിശാല  പരിപ്രേക്ഷ്യം നല്‍കണം.

തയാറാക്കിയത്: മുഹമ്മദ് ഷാമോന്‍

Show Full Article
TAGS:ramadan 
Next Story