ഖുര്‍ആന്‍ ആയത്തുകളുടെ വശ്യത
text_fieldsശത്രുക്കള്‍ക്കുപോലും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിതോന്നുന്ന രൂപത്തിലുള്ള ഖുര്‍ആന്‍ സൂക്തങ്ങളുടെ വശ്യതയും മനോഹാരിതയും ഏറെ പ്രസിദ്ധമാണ്. അറബി അറിയാത്തവര്‍ക്കുപോലും ഖുര്‍ആന്‍ പാരായണം കേള്‍ക്കുമ്പോള്‍ ആ വശ്യമനോഹര ശൈലിയുടെ മുന്നില്‍ അല്‍പസമയം ചെലവഴിക്കാതിരിക്കാനാവില്ല. അപ്പോള്‍ പിന്നെ അറബികളുടെ കാര്യം പറയാനില്ലല്ളോ. പ്രവാചകന്‍ മുഹമ്മദ് നബിയെ വധിക്കാന്‍ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ട ഉമറുബ്നുല്‍ ഖത്താബ് പക്ഷേ, തന്‍െറ സഹോദരിയുടെ വീട്ടില്‍നിന്ന് ഖുര്‍ആന്‍ പാരായണം കേട്ടമാത്രയില്‍ ആര്‍ദ്രചിത്തനാവുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്ത സംഭവം സുവിദിതമാണ്.
ആദ്യകാലത്ത് ഇസ്ലാമിന്‍െറ കഠിനശത്രുക്കളായിരുന്ന അബൂസുഫ്യാന്‍, അബൂജഹ്ല്‍, അഖ്നസ് ബിന്‍ശുറൈഖ് എന്നിവര്‍ പാതിരാവില്‍ മുഹമ്മദ് നബിയുടെ ഖുര്‍ആന്‍ പാരായണം ഒളിഞ്ഞുകേള്‍ക്കാന്‍ പാത്തും പതുങ്ങിയും എത്താറുണ്ടായിരുന്നുവത്രേ! വഴിയില്‍ വെച്ച് മൂവരും കണ്ടുമുട്ടിയപ്പോള്‍ ജാള്യത്തോടെ ഇനിയൊരിക്കലും ഇതാവര്‍ക്കില്ളെന്ന് ദൃഢനിശ്ചയം ചെയ്ത് അവര്‍ പിരിഞ്ഞു. പക്ഷേ, തങ്ങളുടെ പ്രതിജ്ഞ പാലിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പിറ്റേന്നും അതേ സമയമായപ്പോള്‍ അവര്‍ ഓരോരുത്തരും ഖുര്‍ആന്‍ കേള്‍ക്കാന്‍ പുറപ്പെട്ടു. അപരന്‍ ഏതായാലും വരില്ല എന്ന സമാധാനത്തിലാണ് ഓരോരുത്തരും എത്തിയത്. പരസ്പരം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അബൂസുഫ്യാന്‍ പറഞ്ഞു: ‘ഒരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കുകയില്ല എന്ന് ഉറപ്പിച്ചതായിരുന്നു ഞാന്‍. എന്നാല്‍, രാത്രിയായപ്പോഴേക്കും എന്‍െറ കാലുകള്‍ നിയന്ത്രണത്തിലല്ലാതായി. ഞാന്‍ ഞാനറിയാതെ ഇറങ്ങിനടക്കുകയായിരുന്നു. ഏതോ ഒരു ആകര്‍ഷണ ശക്തിക്കടിമപ്പെട്ടതുപോലെ. ഏതായായലും ജനങ്ങളിതറിഞ്ഞാല്‍ വളരെ മോശമാണ്. ഇത് പരമരഹസ്യമായിരിക്കട്ടെ. ഇനി ഇത് ഒരിക്കലും നാം ആവര്‍ത്തിക്കാന്‍ പാടില്ല’. അവര്‍ക്ക് പിന്നെയും അത് പാലിക്കാന്‍ കഴിഞ്ഞില്ല എന്നത് ചരിത്രസത്യം.
അറബിക്കവികളില്‍ പ്രമുഖനും ഖുറൈശികളില്‍ പ്രമാണിയുമായിരുന്നു വലീദ്ബ്നുമുഗീറ. മുഹമ്മദ് നബിയുടെ ഖുര്‍ആന്‍ പാരായണം കേട്ടതിനുശേഷം അദ്ദേഹം ഖുറൈശികളോട് പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! അവന്‍െറ വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. ഒരു സവിശേഷ സൗന്ദര്യമുണ്ട്. അറബിസാഹിത്യം സമ്പന്നമാണ്. അതിന്‍െറ സമസ്ത ശിഖരങ്ങളും എനിക്കറിയാം. എന്നാല്‍, അല്ലാഹുവിന്‍െറ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു. ഈ മനുഷ്യന്‍െറ വാക്കുകള്‍ക്ക് അവയെക്കാളേറെ ശക്തിയും ഓജസ്സുമുണ്ട്. വല്ലാത്തൊരു വശീകരണ ശക്തി! അനവദ്യമായ സൗന്ദര്യം! ആ വാക്കുകള്‍ മനസ്സില്‍ ഇടിമുഴക്കവും പൊട്ടിത്തെറിയുമുണ്ടാക്കുന്നു.
ഞാന്‍ ഇന്നോളം കേട്ട വാക്കുകളെക്കാളെല്ലാം അവ ഉല്‍കൃഷ്ടമാണ്, അസദൃശമാണ്’. ഖുറൈശികളില്‍ ആയിരം നാവുള്ള ഉത്ബത്തുബ്ന് റബീഅ പ്രവാചകനെ ശകാരിക്കാനും പരിഹസിക്കാനും ചെന്നതായിരുന്നു. ശകാരങ്ങളും പരിഹാസവചനങ്ങളും കേട്ടശേഷം പ്രവാചകന്‍ സൂറത്ത് ഫുസ്സ്വിലത്തിലെ ആദ്യ ഭാഗം പതുക്കെ പാരായണം ചെയ്തു. അത് കേട്ടപ്പോള്‍ ഉത്ബത്ത് വിസ്മയഭരിതനായി. താക്കീത് കേട്ടപ്പോള്‍ പേടിച്ചുവിറച്ചു. ദയവുചെയ്ത് പാരായണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് തിരിച്ചുനടന്നു. തന്നെ കാത്തുനില്‍ക്കുന്ന ഖുറൈശികളുടെ അടുത്തത്തെിയ ഉത്ബത്തിന്‍െറ മുഖം വിവര്‍ണമായതുകണ്ട് അവര്‍ ചോദിച്ചു: എന്തു പറ്റി ഉത്ബത്ത്? ‘ഞാനിപ്പോള്‍ എന്‍െറ ജീവിതത്തില്‍ ഇതുവരെ കേള്‍ക്കാത്ത ചില കാര്യങ്ങള്‍ കേട്ടു. അത് മാരണമല്ല, ആഭിചാരക്രിയയുമല്ല. ഞാന്‍ പറയുന്നത് കേള്‍ക്കുക.
മുഹമ്മദിനെ അവന്‍െറ പാട്ടിന് വിട്ടേക്കുക. ഞാന്‍ ഇപ്പോള്‍ കേട്ട വാക്കുകള്‍ കാലം കനകംപോലെ സൂക്ഷിക്കാന്‍ പോകുന്ന ഒന്നാണ്. നാളെ ആ വാക്കുകള്‍ നിങ്ങളുടെ മനസ്സുകളിലും പ്രസാദമായി പ്രസരിക്കും. നാം പ്രചരിപ്പിക്കുന്നതുപോലെ നുണയും അസത്യവുമല്ല ആ വാക്കുകള്‍. മന്ത്രവും മറിമായവും കവടിനിരത്തിപ്പറയലുമൊന്നുമല്ല അത്. ഹൃദയഹാരിയായ പവിത്രവചസ്സുകളാണവ. അവ എന്‍െറ മനസ്സിനെ ഇപ്പോഴും വിരുന്നൂട്ടുന്നു’. ഖുറൈശികള്‍ പറഞ്ഞു: ‘താങ്കളും ആ വായാടിയുടെ വാഗ്വിലാസത്തില്‍ പെട്ടുപോയി അല്ളേ’. കഅ്ബയുടെ പരിസരത്തുവെച്ച് പ്രവാചകന്‍ സൂറത്തുന്നജ്മ് പാരായണം ചെയ്തപ്പോള്‍ ഖുറൈശികള്‍ ഒന്നടങ്കം സാഷ്ടാംഗം നമിച്ച സംഭവവും ചരിത്രത്തില്‍ കാണാം. ഖുര്‍ആന്‍ കേട്ടമാത്രയില്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരായ എത്രയോ ആളുകളുണ്ട്. ഉമര്‍ ഒരുദാഹരണം മാത്രം.
അല്ലാഹു പറയുന്നു: ‘ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ ശ്രവിക്കുമ്പോള്‍ സത്യം മനസ്സിലാക്കിയത് കാരണം അവരുടെ നയനങ്ങള്‍ വഴിഞ്ഞൊഴുകുന്നത് നിനക്ക് കാണാം. അപ്പോള്‍ അവര്‍ പറഞ്ഞുപോകുന്നു. നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍പെടുത്തേണമേ’ (വി.ഖു. 5:83). ‘ഖുര്‍ആനിന്‍െറ ഈ വശ്യതകൊണ്ടാണ് അത് പാരായണം ചെയ്യുന്നിടത്ത് നിങ്ങള്‍ ബഹളമുണ്ടാക്കണമെന്ന് ഖുറൈശികള്‍ ആവശ്യപ്പെട്ടത്’ (വി.ഖു. 41:26). പക്ഷേ, ഈ അപശബ്ദങ്ങളും ബഹളങ്ങളുമൊന്നും ജനങ്ങളെ ഖുര്‍ആനില്‍നിന്ന് ശ്രദ്ധതെറ്റിക്കാന്‍ പര്യാപ്തമായിരുന്നില്ല.
സമ്പാദനം: ഫൈസല്‍ മഞ്ചേരി