നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടി –തോമസ് ഐസക്
text_fields
തിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. നികുതി വകുപ്പില്‍ അശ്രദ്ധയും അഴിമതിയും ഒരു തലത്തിലും വെച്ചുപൊറുപ്പിക്കില്ല. വാണിജ്യ നികുതി വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നികുതി പിരിവില്‍ ഈ സാമ്പത്തിക വര്‍ഷം 20 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നികുതി പിരിവില്‍ കുറവുവരുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. 2011-12ല്‍ 20ഉം, 2012-13ല്‍ 19ഉം ശതമാനമായിരുന്നു വളര്‍ച്ച. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 12 ശതമാനമായി കുറഞ്ഞു.
നികുതി ചോര്‍ച്ചയും മന്ദഗതിയിലെ പരിശോധനയും വിലയിരുത്തലുമായപ്പോള്‍ നികുതി പിരിവില്‍ വീഴ്ച വന്നിട്ടുണ്ട്. നികുതി വരുമാന ചോര്‍ച്ച തടയുന്നതിന്‍െറയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‍െറയും ഭാഗമായി ‘അഴിമതിരഹിത ചെക്പോസ്റ്റ് ദൗത്യം’ സംസ്ഥാന സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കും. കാര്യക്ഷമത വര്‍ധിപ്പിക്കാനായി എല്ലാ ചെക്പോസ്റ്റുകളും ആധുനീകരിക്കും.
ആധുനീകരണത്തിനും വിവരശേഖരണത്തിനുള്ള സ്വയംനിയന്ത്രിത സംവിധാനമൊരുക്കാനും നിര്‍വഹണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുമടക്കം വിശദ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വാണിജ്യനികുതി കമീഷണറോട് ആവശ്യപ്പെട്ടു. ഏതാനും വര്‍ഷങ്ങളായി ആയിരക്കണക്കിന് കേസുകള്‍ പരിശോധനക്കും വിലയിരുത്തലിനുമായി കെട്ടിക്കിടക്കുകയാണ്.
ബന്ധപ്പെട്ട ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കും വിലയിരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കുമായി ഒരു കൂട്ടം കേസുകള്‍ വകുപ്പ് നല്‍കിയിട്ടുണ്ട്. ഇവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. വ്യാപാരികള്‍ക്ക് ഒരുവിധ പീഡനവും ഉണ്ടാകില്ല. വ്യാപാരികള്‍ക്ക് പരാതിയുണ്ടെങ്കില്‍ അവ സര്‍ക്കാറില്‍ സമര്‍പ്പിക്കണം. നികുതി പിരിവ് ഊര്‍ജിതമാക്കാനും ഈ സാമ്പത്തിക വര്‍ഷം നിശ്ചയിച്ച 20 ശതമാനം വളര്‍ച്ച കൈവരിക്കാനും സമഗ്ര സമീപനംവേണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ നികുതിവകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറി മാരപാണ്ഡ്യന്‍, കമീഷണര്‍ രാജന്‍ ഖൊബ്രഗഡെ, ഉന്നത ഉദ്യോഗസ്ഥര്‍ തടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
