Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ജയരാജന്...

മന്ത്രി ജയരാജന് അഞ്ജുവിന്‍റെ തുറന്ന കത്ത്

text_fields
bookmark_border
മന്ത്രി ജയരാജന് അഞ്ജുവിന്‍റെ തുറന്ന കത്ത്
cancel

കോഴിക്കോട്: സംസ്ഥാന സ്പോർട്സ് കൗൺസിൽ പിരിച്ചുവിടാൻ ഇടതു സർക്കാർ തീരുമാനം എടുക്കുമെന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കായിക മന്ത്രി ഇ.പി ജയരാജന് പ്രസിഡന്‍റ് അഞ്ജു ബേബി ജോർജിന്‍റെ തുറന്ന കത്ത്. തന്‍റെ സഹോദരന്‍റേത് ഉള്‍പ്പെടെ കായിക രംഗത്തെ എല്ലാ നിയമനങ്ങളെക്കുറിച്ച് സംശുദ്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് കത്തിൽ അഞ്ജു ആവശ്യപ്പെടുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെയോ അതിന് മുമ്പത്തെയോ നിയമനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ചെലവുകളും സമഗ്രമായ അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണം. അന്വേഷണത്തിന്‍റെ ചുമതല വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിന് നൽകണം. സ്‌പോര്‍ട്‌സ് വികസനത്തിന് സർക്കാർ പുറത്തിറക്കിയ ലോട്ടറി അഴിമതിയുടെ ബമ്പറാണ്. സ്പോർട്സ് ലോട്ടറി വിറ്റഴിച്ച ഇനത്തിൽ കൗണ്‍സിലിന്‍റെ അക്കൗണ്ടിലെത്താനുള്ള രണ്ട് കോടി രൂപ ഇതുവരെ എത്തിയിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം വേണം. വിമാനയാത്രാ ഇനത്തിൽ താൻ കൈപ്പറ്റിയ 40,000 രൂപ തിരിച്ചടക്കുന്നതായും അഞ്ജു തുറന്ന കത്തിൽ വ്യക്തമാക്കുന്നു.

കത്തിന്‍റെ പൂർണരൂപം:

ബഹുമാനപ്പെട്ട സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ സാറിന്,

ആശ്വാസം, പ്രതീക്ഷ, ആശങ്ക തുടങ്ങിയ സമ്മിശ്ര വികാരങ്ങളുടെ തിരത്തള്ളലിലാണ് അങ്ങേയ്ക്കു ഞാന്‍ ഈ കുറിപ്പെഴുതുന്നത്. അഞ്ജുവിനെ നേരിട്ടു കുറ്റപ്പെടുത്തിയിട്ടില്ല എന്ന വാക്ക് ആശ്വാസം തരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ചില സ്ഥാനങ്ങള്‍ നോട്ടമിട്ടവരുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ചാണോ നീക്കങ്ങള്‍ എന്ന സംശയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ആറു മാസം മാത്രം ഭരണത്തിലിരുന്ന ഞങ്ങളുടെ ഭരണ സമിതിയെ അഴിമതിക്കാരെന്നു മുദ്രകുത്തി കുരിശില്‍ തറക്കുകയും ദീര്‍ഘകാലം തലപ്പത്തിരുന്നവര്‍ അതുകണ്ടു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്ന അപേക്ഷയുണ്ട്.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിയുണ്ടെന്ന ആരോപണം സാര്‍ എന്നോടു പറഞ്ഞിരുന്നു. എന്‍റെ കാലത്താണ് അഴിമതി നടന്നതെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അതുകൊണ്ടാവാം അങ്ങ് അത്ര രൂക്ഷമായി എന്നോടു പ്രതികരിച്ചത്. ശരിയാണു സാര്‍, അഴിമതി അന്വേഷിക്കണമെന്നു തന്നെയാണ് എന്‍റെയും അഭിപ്രായം. അതു കഴിഞ്ഞ ആറുമാസത്തേക്കു മാത്രമായി പരിമിതപ്പെടുത്തരുത്. കഴിഞ്ഞ പത്തു വര്‍ഷത്തെയോ അതിനു പിന്നിലെ വരെയോ നിയമനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ചെലവുകളും സമഗ്രമായ അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണം. അതിനു തക്കതായ ശിക്ഷയും ഉറപ്പുവരുത്തണം. സര്‍ക്കാരും കായിക ഭരണരംഗത്തുള്ളവരും കായികതാരങ്ങളുമെല്ലാം യോജിച്ച പ്രവര്‍ത്തനമാണ് അഴിമതിക്കെതിരെ രൂപപ്പെടേണ്ടത്. സാര്‍ തുടക്കമിടുന്ന ഏതു പോരാട്ടത്തിനും എന്‍റെ പിന്തുണ ഉറപ്പു തരുന്നു.

സാര്‍ പറഞ്ഞതു ശരിയാണ്. കൗണ്‍സിലുമായി ബന്ധപ്പെട്ട പല മേഖലകളിലും ചില അനഭലഷണീയ രീതികള്‍ നിലനില്‍ക്കുന്നുണ്ട്. ഒളിംപിക്‌സ് ഉള്‍പ്പടെ ലോകവേദികളില്‍ അഭിമാനത്തിന്‍റെ കൊടിക്കൂറ പാറിക്കാന്‍ പറ്റിയ താരങ്ങളെ ഒരുക്കേണ്ടവര്‍ അഴിമതിയുടെ ആഴങ്ങളില്‍ നീന്തിത്തുടിച്ചതിനു നിത്യസ്മാരകം പോലെ ഒട്ടേറെ പ്രേതാലയങ്ങള്‍ നാട്ടിലെങ്ങുമുണ്ടു സാര്‍. ആറു വര്‍ഷം മാത്രം പഴക്കമുള്ള മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് സെന്‍റര്‍ കെട്ടിടം സാറും ഒന്നു നേരില്‍ കാണണം. അതു കെട്ടിപ്പൊക്കിയത് ഇഷ്ടികകൊണ്ടാണോ, അഴിമതിയുടെ ചൂളയില്‍ ചുട്ടെടുത്ത അധമമനസു കൊണ്ടാണോയെന്നു സംശയിച്ചു പോകും. ചോര്‍ന്നൊലിക്കുന്ന കെട്ടിടവും കനാല്‍ ബണ്ട് പോലെ കോണ്‍ക്രീറ്റ് ചെയ്ത ട്രാക്കും. ഇത് ആരുടെ ഉള്ളില്‍ ഉടലെടുത്ത ആശയമാണെങ്കിലും അഴിമതിയുടെ ആമാശയം അവര്‍ നിറച്ചിട്ടുണ്ടാവും; ഉറപ്പ്.

സ്‌പോര്‍ട്‌സ് വികസനത്തിന് ഒരു ലോട്ടറിയുടെ കാര്യം സാറിന് ഓര്‍മയുണ്ടോ. 24 കോടി പിരിച്ചു. 22 കോടി ചെലവായി എഴുതിത്തള്ളി. ബാക്കി രണ്ടു കോടി രൂപ ഇതുവരെ കൗണ്‍സില്‍ അക്കൗണ്ടിലെത്തിയിട്ടില്ല. ഇതിനെക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ സാര്‍. എന്‍റെ കൂടി പടംവച്ചടിച്ച ലോട്ടറിയില്‍ നിന്നാണ് ചിലര്‍ക്ക് അഴിമതിയുടെ ബമ്പറടിച്ചത്. വമ്പന്‍ പദ്ധതിയായി കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക് ടര്‍ഫ്. കേരളത്തില്‍ പലേടത്തുമുണ്ട്. ഓരോന്നിന്‍റെയും ചെലവ് 25 ലക്ഷം രൂപ. കെട്ടിടങ്ങളുടെ മേല്‍ക്കൂരക്കെന്ന പോലെ കോണ്‍ക്രീറ്റിനു മുകളില്‍ ചുവന്ന ചായം തേച്ചു വച്ചിരിക്കുന്നു ! നിലവാരമുള്ള വിദേശ പരിശീലന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ള എന്നെ ഏറെ വേദനിപ്പിച്ചു സാര്‍ ആ കാഴ്ചകള്‍.

എന്‍റെ ഓഫിസില്‍ നിന്ന് ഇ മെയില്‍ ചോര്‍ത്തിയിരുന്നു. കൗണ്‍സിലിന്‍റെ തീരുമാനങ്ങള്‍ അറിഞ്ഞ് അഴിമതിക്കു കളമൊരുക്കാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിച്ചിരുവെന്നു ഞാന്‍ സംശയിക്കുന്നു. ചോര്‍ച്ച കണ്ടെത്തിയ ഉടനെ സൈബര്‍ സെല്ലിനു പരാതി നല്‍കി. അതിന്‍റെ നടപടികളും മുന്നോട്ടു കൊണ്ടുപോകണം സാര്‍. വിദേശ പരിശീലനത്തിനെന്ന പേരില്‍ പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്‍റെ നിബന്ധനകളില്‍ പറയുന്നതു പ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്ടോ, കേരള സ്‌പോര്‍ട്‌സിന് സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അഴിമതിയുടെ കള്ളിയില്‍ തന്നെ ഉള്‍പ്പെടുത്തണം.

ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ കല്യാണ മണ്ഡപങ്ങളായി രൂപപ്പെടുത്തിയത്, പിരപ്പന്‍കോ സ്വിമ്മിങ് പൂള്‍ നിര്‍മാണം, മഹാരാജാസ് കോളജിലെ ട്രാക്കവുമായി ബന്ധപ്പെട്ട് 25 ലക്ഷം നഷ്ടമായത് തുടങ്ങി ഞാന്‍ മനസിലാക്കിയ ഒട്ടേറെ അഴിമതികളുണ്ട്. കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ വരെ അഴിമതി നിലനില്‍ക്കുണ്ടെന്നു അറിയുമ്പോള്‍ കായിക കേരളം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടതാണ്.

ഇതെല്ലാം നേരില്‍ കണ്ടു മനസുമടുത്താണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എത്തിക്‌സ് കമ്മിഷന്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. അതിന്‍റെ പരിധിയില്‍ അഴിമതി, താരങ്ങളോടുള്ള പീഢനം, സ്വഭാവദൂഷ്യം, കായികരംഗവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. അന്നു സാറിനെ കാണാന്‍ വരുമ്പോള്‍ ഇതിന്‍റെ ഡ്രാഫ്റ്റും! ഞങ്ങളുടെ പക്കലുണ്ടായിരുന്നു. പക്ഷേ, അങ്ങയുടെ രോഷപ്രകടനത്തിനിടെ ഇത്തരം കാര്യങ്ങള്‍ പ്രസക്തമല്ലാതെ പോയി.

കൗണ്‍സിലിലെ ചില അനാവശ്യ രീതികള്‍ക്കു മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ക്കു ഞാന്‍ തുടക്കം കുറിച്ചിരുന്നു. കൗണ്‍സിലിലെ എല്ലാവരെയും കൂട്ടി ചില ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തു. കായിക താരങ്ങള്‍, പരിശീലകര്‍, ഭാരവാഹികള്‍, ജനപ്രതിധികള്‍ എന്നിവരുമായി സിറ്റിങ് നടത്തി. ബാക്കി ജില്ലകളിലും കൂടി സിറ്റിങ് പൂര്‍ത്തിയാക്കി കൗണ്‍സില്‍ ഭരണത്തിലെ സമഗ്രമായ ഉടച്ചുവാര്‍ക്കലിനുള്ള ശ്രമത്തിലയിരുന്നു ഞങ്ങള്‍. ഈ സന്ദര്‍ശനങ്ങള്‍ക്കിടെയാണ് ഞാന്‍ മുന്‍പു സൂചിപ്പിച്ച ഒട്ടേറെ അഴിമതികള്‍ നേരിട്ടു മനസിലാക്കിയത്.

ഇത് ഒളിമ്പിക്‌സ് വര്‍ഷമാണല്ലോ. നമ്മുടെ കൗണ്‍സില്‍ അംഗമായ ശ്രീജേഷാണ് ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ നെടുന്തൂണ്‍. കൗണ്‍സിലിനിത് അഭിമാന നിമിഷമാണ്. എന്നാല്‍ ഒളിംപിക് ഹോക്കി മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡറിക്‌സിന്‍റെ വീടുനിര്‍മാണത്തിനു കൗണ്‍സില്‍ പണം അനുവദിച്ചെങ്കിലും ചില പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. അതില്‍ അങ്ങയുടെ ശ്രദ്ധ അടിയന്തിരമായി പതിയണം എന്നഭ്യര്‍ഥിക്കുന്നു. ഒളിംപിക്‌സിന്‍റെ കാര്യം പറഞ്ഞതുകൊണ്ട് ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. കൗണ്‍സിലില്‍ നിന്ന് സര്‍ക്കാര്‍ ചെലവില്‍ ഒളിംപിക്‌സ് കാണാനുളള ശ്രമങ്ങള്‍ ഇത്തവണയും ഉണ്ടാവും. സ്വന്തം മികവുകൊണ്ട് ഒളിംപിക്‌സുകളില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഞാന്‍ ഈ നീക്കങ്ങളെ ഒരു കാരണവശാലും പിന്തുണയ്ക്കില്ല. മുന്‍ പ്രസിഡന്റിന്റെ കാലത്തെ യാത്രയ്ക്കു തന്നെ ഏഴു ലക്ഷത്തിലധികം രൂപ ചെലവായി. അധികം കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാന്‍ ഏറെ ശ്രമം നടത്തേണ്ടി വന്നു. പലിശ സഹിതം തിരിച്ചടപ്പിച്ചുവെന്നതു വേറെ കാര്യം. യാത്രക്കായി ലക്ഷങ്ങള്‍ കൗണ്‍സിലിന്‍റെ അക്കൗണ്ടില്‍ നിന്നു ചെലവിടുന്നതല്ലാതെ, അവിടെ കണ്ട എന്തെങ്കിലും നല്ല കാര്യം കേരള കായിക രംഗത്തു പകര്‍ത്താന്‍ ശ്രമിച്ചതായി എനിക്കു തോന്നിയിട്ടില്ല.

ബംഗളൂരുവില്‍ താമസിക്കുന്ന ഞാന്‍ സ്‌പോര്‍ട്‌സ് ഭരണത്തില്‍ എന്തു ചെയ്തുവെന്ന സംശയം ചിലര്‍ അങ്ങയുടെ മുന്നില്‍ ഉന്നയിച്ചു കാണുമല്ലോ. മികച്ച താരങ്ങള്‍ക്കു മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എയര്‍ ടിക്കറ്റ്, തീവണ്ടിയില്‍ എസി ടിക്കറ്റ്, അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്, എലീറ്റ് പരിശീലന പദ്ധതി, ക്വാളിറ്റി ട്രെയ്‌നിങ് കിറ്റ്, ഹോസ്റ്റലുകളുടെ നവീകരണം, പരിശീലകരുടെ റിഫ്രഷര്‍ കോഴ്‌സുകള്‍, സ്‌പോര്‍ട്‌സ് ഡേ തുടങ്ങിയവയെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിലെ ചില പദ്ധതികള്‍ മാത്രം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു കൊണ്ട് ഭരണതലത്തില്‍ ചില താമസങ്ങള്‍ പിന്നീടുണ്ടായതു ഞങ്ങളുടെ പരിഷ്‌കരണ വേഗത്തെയും കുറച്ചു.

കായിക രംഗത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും (എന്‍റെ സഹോദരന്‍റേത് ഉള്‍പ്പടെ) സംശുദ്ധവും സുതാര്യവുമായ അന്വേഷണം വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസ് സാറിന്‍റേതു പോലുള്ള സംശുദ്ധ വ്യക്തിത്വങ്ങളുടെ കീഴില്‍ നടക്കണം എന്നാവശ്യപ്പെടുന്നതിനൊപ്പം എല്ലാ നിയമനങ്ങളും പി.എസ്‌.സിക്കു വിടണമെന്ന നിര്‍ദേശവും ഞാന്‍ മുന്നോട്ടുവെക്കുന്നു. അങ്ങേക്കൊപ്പം അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഞാന്‍ ഒപ്പമുണ്ട്.

വിമാനം കയറിപ്പറക്കുന്ന ഒരു ആക്ഷേപത്തെക്കുറിച്ചു കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. മുന്‍ഗണനാ ക്രമത്തിലുള്ള കായിക ഇനങ്ങളിലെ താരങ്ങള്‍ക്കു ദേശീയ മല്‍സരങ്ങള്‍ക്കു വിമാനടിക്കറ്റ് അനുവദിച്ചതു ഞാനും കൂടി ഉള്‍പ്പെട്ട സമിതിയാണ്. കായിക രംഗത്തു വളര്‍ന്നു വരുന്ന താരങ്ങള്‍ക്കു പോലും ആത്മവിശ്വാസത്തോടെ മല്‍സരങ്ങളെ സമീപിക്കാനുള്ള പിന്തുണ ഒരുക്കിയ ഒരു ഒളിമ്പ്യനാണ് ആറു മാസത്തിനിടെ 40,000 രൂപ കൈപ്പറ്റിയതിന്‍റെ പേരില്‍ നാണം കെടുത്തുന്ന ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നത്. വ്യക്തമായ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആ തുക സ്വീകരിച്ചത് എന്നതു പോലും ബന്ധപ്പെട്ടവര്‍ കണക്കിലെടുത്തില്ല.

സമാന പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടവര്‍ ആറുമാസത്തിനുള്ളില്‍ യാത്രാപ്പടിയായി എത്ര തുക കൈപ്പറ്റിയിട്ടുണ്ടാവും എന്നു കൂടി അങ്ങ് അന്വേഷിക്കണം. എന്തായാലും 40,000 രൂപയുടെ പേരില്‍ കളങ്കപ്പെടുത്താനുളളതല്ല തപസ്യപോലെ കണ്ടു കായികരംഗത്തു ഞാന്‍ സൃഷ്ടിച്ചെടുത്ത നേട്ടങ്ങളും പ്രതിച്ഛായയും. വിക്ടറി സ്റ്റാന്‍ഡില്‍ വികാരത്തള്ളളില്‍ നില്‍ക്കുമ്പോള്‍, നൂറു കോടിയിലേറെപ്പേര്‍ക്കു വേണ്ടി ഈ നേട്ടം കൊയ്യാന്‍ ദൈവം അവസരം തന്നല്ലോയെന്നാണു കരുതിയിട്ടുള്ളത്. മൂവര്‍ണക്കൊടിയിലേക്കു കണ്ണുപായിച്ച്, കണ്ണീരു നിറച്ചു നിന്നിട്ടുള്ള ഒരാള്‍ക്കു കായികരംഗത്തെ വിറ്റു തിന്നാനാവില്ല സാര്‍. ദൈവത്തെയും കായിക രംഗത്തെയും മറന്ന് ഒരു പ്രവര്‍ത്തി ഈ ജീവിതത്തിലുണ്ടാവില്ല. ആ 40,000 രൂപ ഞാന്‍ തിരിച്ചടക്കുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം ശമ്പളമില്ലാത്ത ജോലിയാണെന്ന് കൂടി അങ്ങ് മനസിലാക്കണം.

സ്‌നേഹപൂര്‍വം,
പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anju boby georgeep jayarajansports council kerala
Next Story