‘ബില്‍ ഡിസ്കൗണ്ടിങ് സ്കീം’ നിര്‍ത്തണമെന്ന് ആര്‍.ബി.ഐ
text_fields
കൊച്ചി: യു.ഡി.എഫ് സര്‍ക്കാര്‍ ബാങ്കുകളുമായി ചേര്‍ന്ന് കരാറുകാര്‍ക്കായി നടപ്പാക്കിയ ബില്‍ ഡിസ്കൗണ്ടിങ് സ്കീം നിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്‍െറ നിര്‍ദേശം. ആറ് മാസത്തെ അവധിയില്‍ പത്ത് ശതമാനം പലിശ നിരക്കില്‍ കരാറുകാര്‍ക്ക് ബാങ്കുകളില്‍ നിന്ന് ബില്‍ തുക ഡിസ്കൗണ്ട് ചെയ്തെടുക്കാന്‍ കഴിയുന്ന സ്കീം ആണ് ബുധനാഴ്ച റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ വഴി തടഞ്ഞത്. ജോലി തീര്‍ത്തശേഷവും ബില്‍ തുക കിട്ടാന്‍ അനന്തമായി കാത്തിരിക്കേണ്ടി വരുകയും കരാറുകാരുടെ കുടിശ്ശിക ആയിരക്കണക്കിന് കോടി രൂപയിലേക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സമയത്ത് പണം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നത്.
ബാങ്കുകള്‍ക്ക് അഞ്ച് ശതമാനം പലിശ മുന്‍കൂര്‍ നല്‍കിയായിരുന്നു ബില്‍ ഡിസ്കൗണ്ടിങ്. ശേഷിച്ച അഞ്ച് ശതമാനം പലിശയും ബില്‍ തുകയും കൃത്യദിവസം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ലഭ്യമാക്കുന്നതുമായിരുന്നു പദ്ധതി. ഒരു ദിവസമെങ്കിലും വൈകിയാല്‍ 18 ശതമാനം പിഴപ്പലിശ ബാങ്കിന് നല്‍കാമെന്നും കരാര്‍ ചെയ്താണ് പദ്ധതി നടപ്പാക്കിയത്. കോടികളുടെ ക്രയവിക്രയം നടക്കുക വഴി ബാങ്കുകള്‍ക്കും പലിശയില്‍ പാതി കരാറുകാര്‍ വഹിക്കുന്നതിലൂടെ സര്‍ക്കാറിനും ഗുണകരമായിരുന്നു പദ്ധതിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനോടകം 2500 കോടി രൂപ ബില്‍ ഡിസ്കൗണ്ട് മുഖേന കരാറുകാര്‍ കൈപ്പറ്റി. ഇതില്‍ 2200 കോടിയും പലിശയും സര്‍ക്കാര്‍ തവണകള്‍ തെറ്റാതെ ബാങ്കുകള്‍ക്ക് നല്‍കി. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ബാക്കി തുകയും പലിശയും ബാങ്കുകള്‍ക്ക് നല്‍കുന്നതിന് ഉത്തരവും ധനവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടപാടിലൂടെ ലഭിക്കുന്ന പലിശ താരതമ്യേന പ്രാഥമിക ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറവാണെന്നതടക്കം കാരണങ്ങളാലാണ് റിസര്‍വ് ബാങ്കിന്‍െറ ഇടപെടലുണ്ടായതെന്നാണ് സൂചന. അതേസമയം, ചെറുകിട കോണ്‍ട്രാക്ടര്‍മാര്‍ക്ക് പ്രോത്സാഹനമായ സ്കീം കോര്‍പറേറ്റ് ഇടപെടലില്‍ അട്ടിമറിക്കപ്പെടുന്നതിന്‍െറ സൂചനയാണ് റിസര്‍വ് ബാങ്ക് ഉത്തരവെന്നാണ് കരാറുകാര്‍ ആരോപിക്കുന്നത്. ഒന്നര മാസത്തിനുള്ളില്‍ കരാറുകാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 1500 കോടി രൂപ റിസര്‍വ് ബാങ്ക് നടപടി മൂലം മരവിക്കുന്നത് നിര്‍മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
നടപടി പുന:പരിശോധിക്കണമെന്ന്
കൊച്ചി: ബില്‍ ഡിസ്കൗണ്ടിങ് പദ്ധതിക്കെതിരെ റിസര്‍വ് ബാങ്ക് സ്വീകരിച്ച നിലപാട് പുന$പരിശോധിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് ലാഭകരമായും വികസനത്തിന് ഗുണകരമായും നടന്നുവന്ന ബില്‍ ഡിസ്കൗണ്ടിങ് പദ്ധതിക്കെതിരെ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടി ദുരൂഹമാണെന്നും ഇതില്‍ കോര്‍പറേറ്റ് ഇടപെടല്‍ സംശയിക്കുന്നെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ്് കണ്ണമ്പിള്ളി ആരോപിച്ചു. കുത്തകകളില്‍നിന്നും ലക്ഷക്കണക്കിന് കോടിയുടെ വായ്പ തുകകള്‍ തിരികെ കിട്ടാതെ എഴുതിത്തള്ളേണ്ടി വരുന്ന സാഹചര്യത്തിലും ചെറുകിട ഇടത്തരം കരാറുകാരെ സഹായിക്കുന്ന നൂറുശതമാനം സര്‍ക്കാര്‍ ജാമ്യത്തില്‍ നടക്കുന്ന ബില്‍ ഡിസ്കൗണ്ടിങ് പദ്ധതി തകിടം മറിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിഷയത്തില്‍ കേന്ദ്ര ധനമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും അസോസിയേഷന്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബില്‍ഡിസ്കൗണ്ടിങ് പദ്ധതി മുന്നറിയിപ്പില്ലാതെ മുടങ്ങുന്ന സാഹചര്യത്തില്‍ കരാറുകാര്‍ കടക്കെണിയിലാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഗവണ്‍മെന്‍റ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഹരിദാസ്, ജില്ലാ പ്രസിഡന്‍റ് കെ.ഡി. ജോര്‍ജ്, പി.സി. കുര്യന്‍, അനൂപ് കുമാര്‍ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.