Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗരോര്‍ജ പദ്ധതി...

സൗരോര്‍ജ പദ്ധതി നിര്‍മാണം: കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയില്‍ ആദിവാസികള്‍

text_fields
bookmark_border
സൗരോര്‍ജ പദ്ധതി നിര്‍മാണം: കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയില്‍ ആദിവാസികള്‍
cancel

കാഞ്ഞിരപ്പൊയില്‍ (കാസര്‍കോട്): ‘കെടക്കുന്ന ജാഗെ സോളാറ്കാര് കൊണ്ടോയാല്  ഞാങ്ങൊ ഇനി ഏടപ്പോവും സാറേ... ? ’ ഓലക്കുടിലിന്‍െറ അരികില്‍ സ്ഥാപിച്ച മഞ്ഞച്ചായം തേച്ച അടയാളക്കല്ല് ചൂണ്ടിക്കാട്ടി പുളിയനടുക്കം ആദിവാസി കോളനിയിലെ എഴുപത്തഞ്ചുകാരി ചെറിയ കാരിച്ചി ചോദിക്കുന്നു.
സങ്കടത്തില്‍ മുങ്ങിയ ചോദ്യത്തിന് മറുപടി നല്‍കേണ്ടത് കെ.എസ്.ഇ.ബി അധികൃതരോ റവന്യൂ വകുപ്പോ എന്ന് ഇവര്‍ക്കറിയില്ല. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതവേഗത്തില്‍ പുരോഗമിക്കുമ്പോള്‍ 10ഓളം ആദിവാസി കുടുംബങ്ങള്‍ കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയിലാണ്.

മടിക്കൈ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട കാഞ്ഞിരപ്പൊയിലിനടുത്ത് പുളിയനടുക്കം കോളനിയിലെ ആദിവാസികളാണ് പതിറ്റാണ്ടുകളായി കഴിയുന്ന മണ്ണ് വിട്ടൊഴിഞ്ഞ് പോകേണ്ടിവരുമെന്ന ആശങ്കയില്‍ കഴിയുന്നത്. വര്‍ഷങ്ങളായി കൈവശമുള്ള കിടപ്പാടത്തിന് പട്ടയം കിട്ടാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. കെ.എസ്.ഇ.ബിക്ക് വേണ്ടി 30 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനശേഷിയുള്ള സൗരോര്‍ജ പ്ളാന്‍റ് സ്ഥാപിക്കുന്ന വെള്ളുട ചുണ്ടപാറയുടെ സമീപത്താണ് പുളിയനടുക്കം കോളനി. പ്ളാന്‍റിനുവേണ്ടി ഇവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന മേഖലയും അളന്ന് തിട്ടപ്പെടുത്തി മഞ്ഞച്ചായമടിച്ച അടയാളക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. താമസക്കാരായ ആദിവാസികളെ പുനരധിവസിപ്പിക്കുകയോ പകരം ഭൂമി നല്‍കുകയോ ചെയ്യാതെയാണ് റവന്യൂ വകുപ്പ് കെ.എസ്.ഇ.ബിക്ക് ഭൂമി കൈമാറിയത്. ആദിവാസി വിഭാഗമായ മാവിലന്‍ സമുദായത്തില്‍പ്പെട്ട ചെറിയ കാരിച്ചി, മാക്കം, തമ്പായി, ഉണ്ണി, വെള്ള തുടങ്ങി പത്തോളം പേരുടെ താമസസ്ഥലത്തിന് ചുറ്റുമാണ് അടയാളക്കല്ലുകള്‍ സ്ഥാപിച്ചത്.

ചെറിയ കാരിച്ചിയും മകള്‍ സുമതിയും അവരുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനും താമസിക്കുന്ന ഓലക്കുടിലിന്‍െറ അരികിലും മഞ്ഞച്ചായം തേച്ച കല്ല് സ്ഥാപിച്ചിട്ടുണ്ട്. കുടില്‍ സ്ഥിതിചെയ്യുന്ന 16 സെന്‍റ് ഭൂമി പട്ടയം നല്‍കുന്നതിനായി വില്ളേജ് ഓഫിസ് അധികൃതര്‍ അളന്നുതിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.  
എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടയം കിട്ടിയില്ല. പകരം ഒഴിപ്പിക്കല്‍ ഭീഷണിയാണുണ്ടായത്. ഭൂമിക്ക് രേഖയില്ളെന്ന കാരണം പറഞ്ഞ് പഞ്ചായത്തിന്‍െറ ആനുകൂല്യങ്ങളൊക്കെയും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. വീട്ടുനമ്പര്‍ നല്‍കാത്തതിനാല്‍ വൈദ്യുതി കണക്ഷനും അനുവദിക്കുന്നില്ല. കുഞ്ഞമ്പു, തമ്പായി ദമ്പതികളുടെ കുടുംബം താമസിക്കുന്ന വീടിന്‍െറ മൂന്ന് ഭാഗത്തും അടയാളക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. 30 വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്ന കുടുംബത്തിന് 50 സെന്‍റ് ഭൂമി അനുവദിക്കുമെന്ന് റവന്യൂ അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനായി നാലുവര്‍ഷം മുമ്പ് ഭൂമി അളന്നുതിരിക്കുകയും ചെയ്തതാണ്.

ഏറ്റെടുത്ത ഭൂമിയില്‍ താമസക്കാരില്ളെന്ന് കെ.എസ്.ഇ.ബി

മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറ വില്ളേജില്‍ സൗരോര്‍ജ പ്ളാന്‍റ് സ്ഥാപിക്കാന്‍ ഏറ്റെടുത്ത ഭൂമിയില്‍ താമസക്കാരുള്ളതായി അറിയില്ളെന്ന് കെ.എസ്.ഇ.ബി അധികൃതര്‍. വെള്ളുടയില്‍ പ്ളാന്‍റ് നിര്‍മാണം നടക്കുന്നതിന് സമീപം മൂന്ന് വീടുകളുണ്ട്. അവര്‍ പട്ടയം ലഭിച്ചവരാണ്. അവര്‍ക്ക് അവിടെ താമസം തുടരാം. മറ്റാരും അവിടെ താമസിക്കുന്നില്ളെന്നും കെ.എസ്.ഇ.ബി സോളാര്‍ പ്രൊജക്ട് എക്സിക്യൂട്ടിവ് ഓഫിസര്‍ അഗസ്റ്റിന്‍ തോമസ് പറഞ്ഞു.  അമ്പലത്തറ വില്ളേജില്‍ 500 ഏക്കര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് കെ.എസ്.ഇ.ബിക്ക് പാട്ടത്തിന് നല്‍കിയത്.  25 വര്‍ഷത്തേക്കാണ് പാട്ടം. വെള്ളുടയില്‍ 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ളാന്‍റിന് 121 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. റീസര്‍വേ നമ്പര്‍ 100, 146/1, 146/2, 95 എന്നിവയില്‍  നാല് ബ്ളോക്കുകളായാണ് പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നത്. ഇവിടങ്ങളിലൊന്നും താമസക്കാരോ കൈയേറ്റക്കാരോ ഇല്ളെന്നാണ് കെ.എസ്.ഇ.ബിയുടെ ഭാഷ്യം.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പട്ടയം നല്‍കുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പരേതനായ തേറിന്‍െറ ഭാര്യ മാക്കവും മകന്‍ ഉണ്ണികൃഷ്ണനും 30 വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നവരാണ്. 15 സെന്‍റ് ഭൂമിയിലുണ്ടായിരുന്ന ഓലപ്പുര ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ഒറ്റമുറിക്കൂര പണിതാണ് ഇവര്‍ കഴിയുന്നത്. അതിന്‍െറ മൂലയിലാണ് സൗരോര്‍ജ പ്ളാന്‍റിന് ഭൂമി ഏറ്റെടുത്തതായി കാണിക്കുന്ന അടയാളക്കല്ല് വെച്ചത്. മറ്റു കുടുംബങ്ങളുടെ അവസ്ഥയും സമാനമാണ്. പ്ളാന്‍റ് സ്ഥാപിക്കുന്നതോടെ ഏറ്റെടുത്ത ഭൂമി ചുറ്റുമതിലും കമ്പിവേലിയും കെട്ടി സുരക്ഷിതമാക്കും. ഇതോടെ സഞ്ചാര സ്വാതന്ത്ര്യംപോലും ഇല്ലാതായേക്കുമെന്നത് കോളനിവാസികളെ അലട്ടുന്നു. ഭൂമി ഏറ്റെടുക്കുന്ന കാര്യം തങ്ങളെ ആരും അറിയിച്ചില്ളെന്നും അടയാളം സ്ഥാപിക്കാനത്തെിയ ഉദ്യോഗസ്ഥര്‍ ചോദിച്ചതിനൊന്നും മറുപടി നല്‍കിയില്ളെന്നും ഇവര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kseb plant
Next Story