വി.എസിന്‍െറ പദവി നീണ്ടേക്കും
text_fields
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് പ്രത്യേക കാബിനറ്റ് പദവി അനുവദിക്കുന്നതില്‍ തീരുമാനം നീണ്ടേക്കും. സി.പി.എം-എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വവും മന്ത്രിസഭയും ഇക്കാര്യം ഉടന്‍ പരിഗണിക്കില്ളെന്നാണ് സൂചന. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രാഥമിക അവലോകനത്തിന് സി.പി.എം നേതൃയോഗം ചൊവ്വാഴ്ച ആരംഭിക്കും.
വി.എസിന് പദവി നല്‍കണമെന്ന ധാരണ സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിലുണ്ടെങ്കിലും നയപരവും നിയമപരവുമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രം അത് മതിയെന്ന നിലപാടുമുണ്ട്. അതുകൊണ്ടുതന്നെ ജൂണ്‍ ഏഴിലെ സംസ്ഥാന സെക്രട്ടേറിയറ്റും 10, 11 തീയതികളിലെ സംസ്ഥാന സമിതിയും തെരഞ്ഞെടുപ്പ് അവലോകനം മാത്രമായി ചുരുങ്ങാനാണ് സാധ്യത.
വി.എസിന്‍െറ പദവി സംബന്ധിച്ച് തീരുമാനമെടുക്കണമെങ്കില്‍ ആദ്യം എല്‍.ഡി.എഫില്‍ ധാരണയാകേണ്ടതുണ്ട്. അവര്‍ നയപരമായ തീരുമാനമെടുക്കാതെ സര്‍ക്കാറിന് നടപ്പാക്കാനാവില്ല. എല്‍.ഡി.എഫിലോ സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലോ അനൗദ്യോഗികമായി പോലും ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല.
വി.എസിനെപോലെ മുതിര്‍ന്ന നേതാവിന് പദവി നല്‍കുന്നതില്‍ സി.പി.ഐക്ക് തത്ത്വത്തില്‍ എതിര്‍പ്പില്ളെങ്കിലും എല്‍.ഡി.എഫ് നേതൃയോഗം വിളിച്ചുചേര്‍ത്ത് മറ്റ് ഘടകകക്ഷികളുമായും ധാരണയില്‍ എത്തേണ്ടതുണ്ട്. പുതിയ പദവി വി.എസിന് നിശ്ചയിക്കുമ്പോള്‍ ജനപ്രതിനിധിയായതിനാല്‍ സാമ്പത്തികനേട്ടം ഉണ്ടാകുന്ന പദവി വഹിക്കുന്നത് മൂലമുണ്ടായേക്കാവുന്ന നിയമപ്രശ്നം ഉള്‍പ്പെടെ പരിഹരിക്കണം. പുതിയ കാബിനറ്റ് പദവി രൂപവത്കരിച്ചാല്‍തന്നെ അത് എന്താകണം, അധികാരപരിധി തുടങ്ങിയവയിലൊക്കെ തീരുമാനമാവേണ്ടതുണ്ട്.
സര്‍ക്കാറിന് പുറത്ത് മറ്റൊരു അധികാരകേന്ദ്രം ഉണ്ടാകുന്നതിനോട് ഘടകകക്ഷികള്‍ക്കും താല്‍പര്യമില്ല. വി.എസില്‍ നിന്ന് ഇതുവരെ പദവി സംബന്ധിച്ച് എതിരഭിപ്രായം സി.പി.എം നേതൃത്വത്തിനും ലഭിച്ചിട്ടില്ല.
വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എടുക്കുന്നത് സംബന്ധിച്ച നിര്‍ദേശമൊന്നും കേന്ദ്രനേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ളെങ്കിലും അതും അപ്രായോഗികമാണ്.
അദ്ദേഹം നിലവില്‍ സംസ്ഥാനത്ത് സി.പി.എമ്മിലെ ഒരു ഘടകത്തിലും തെരഞ്ഞെടുക്കപ്പെട്ട അംഗമല്ല. സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്നത് കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലക്ക് മാത്രമാണ്. 80 വയസ്സ് കഴിഞ്ഞവരെ സി.പി.എം സംസ്ഥാനസമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇതിനത്തെുടര്‍ന്ന് പാലോളി മുഹമ്മദ്കുട്ടി, എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന സമിതിയില്‍ ക്ഷണിതാക്കള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ വി.എസിനെ സെക്രട്ടേറിയറ്റില്‍ എടുക്കുന്നതില്‍ നേതൃത്വത്തിന് നിരവധി തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.