യുവജനവോട്ട് കൂടുതലും ലഭിച്ചത് എല്‍.ഡി.എഫിനെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം
text_fields
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവജനങ്ങളുടെ വോട്ടിന്‍െറ ഗുണം ഏറെ എല്‍.ഡി.എഫിനാണ് ലഭിച്ചതെന്ന് ബി.ജെ.പി സംസ്ഥാനനേതൃത്വത്തോട് കേന്ദ്രനേതൃത്വം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്വന്തം നേട്ടമെന്നും തോറ്റാല്‍ ഉത്തരവാദിത്തം പാര്‍ട്ടിക്കുമെന്ന സമീപനം നേതാക്കള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗത്തില്‍ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറി ബി. എല്‍. സന്തോഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ലഭിച്ചതുപോലുള്ള പിന്തുണ യുവജനങ്ങളില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് ലഭിച്ചില്ല.
അതേസമയം, ഫലപ്രഖ്യാപനത്തിന് ശേഷം ചില നേതാക്കളില്‍ നിന്ന് പുറത്തുവന്ന വിവാദപരാമര്‍ശങ്ങള്‍ സൂചിപ്പിക്കാതെയും സന്തോഷ് സംസ്ഥാനനേതാക്കളെ ‘ഗുണദോഷിച്ചു’. പാര്‍ട്ടിക്കെതിരെ പരസ്യമായി വിമര്‍ശം ഉന്നയിക്കുന്ന സ്വഭാവം ശരിയല്ല. നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എം.എല്‍.എയായ ഒ. രാജഗോപാലിന് എന്ത് നിലപാട് സ്വീകരിക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കാത്തതിനെതിരെയും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു. രാജഗോപാല്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് കരുതിയതെന്ന് കുമ്മനം രാജശേഖരന്‍ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.