യദുവിന്‍െറ ഭാവി ചോദ്യമാക്കി നന്ദിനി ജീവിതത്തോട് പൊരുതി മരിച്ചു
text_fieldsതൃശൂര്‍: നിലച്ച വൃക്കകളും തകരാറിലായ ഹൃദയവും മുറിച്ചുനീക്കപ്പെട്ട കാലുമായി അഗ്നിപരീക്ഷണങ്ങള്‍ താണ്ടിയ എഴുത്തുകാരി തൃശൂര്‍ അയ്യന്തോള്‍ സ്വദേശിനി നന്ദിനി സി.മേനോന്‍ (45) ഓട്ടിസം ബാധിച്ച കുഞ്ഞിനെ അനാഥമാക്കി ജീവിതത്തോട് വിട പറഞ്ഞപ്പോള്‍ വെളിവായത്സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത. അവര്‍ക്ക് ജോലി കൊടുക്കാന്‍ മന്ത്രിസഭ എടുത്ത തീരുമാനം ഫയലില്‍ ഉറങ്ങുമ്പോഴാണ് സര്‍ക്കാറിന്‍െറ ദയ കാത്ത് നില്‍ക്കാതെ നന്ദിനി അന്ത്യനിദ്ര പൂകിയത്. ഓട്ടിസം ബാധിച്ച മകന്‍ യദുകൃഷ്ണന്‍െറ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി.
നന്ദിനി മേനോന്‍െറ അന്ത്യം വെള്ളിയാഴ്ച തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഏറക്കാലമായി രോഗങ്ങളുടെ പിടിയിലമര്‍ന്ന അവര്‍ അമല ആശുപത്രിയില്‍വെച്ച് ഡയാലിസിസിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. കടുത്ത രോഗപീഡകളുടെ പിടിയിലായിരുന്ന നന്ദിനിക്ക് കാലടി സംസ്കൃത സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ കഴിഞ്ഞ ജനുവരി 20ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിനോട് ഇതേക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആ ഫയല്‍ അവര്‍ തൊട്ടിട്ടില്ല.
സംസ്കൃത സര്‍വകലാശാലയില്‍ അധ്യാപകനായിരിക്കെ മരിച്ച ഭര്‍ത്താവിന്‍െറ ജോലി ആശ്രിത നിയമനംവഴി ലഭിക്കാനുള്ള നന്ദിനിയുടെ അര്‍ഹത സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തഴഞ്ഞതാണ്. അത് കിട്ടാനുള്ള പോരാട്ടം വൃഥാവിലായി. ഇതിനിടെയാണ് രോഗം ജീവിതത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയത്.
നന്ദിനിയുടെയും മകന്‍െറയും ദയനീയ അവസ്ഥയെക്കുറിച്ചുള്ള മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നന്ദിനിക്ക് ജോലി നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പറഞ്ഞെങ്കിലും നടപടികളിലേക്ക് കടന്നില്ല. പിന്നീട് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധിയുടെ സമ്മര്‍ദത്തത്തെുടര്‍ന്നായിരുന്നു നേരിട്ട് മന്ത്രിസഭാ യോഗത്തിലേക്ക് ഫയല്‍ എത്തിയത്. മാനുഷിക പരിഗണന നല്‍കി സാങ്കേതിക തടസ്സങ്ങള്‍ മറികടക്കാന്‍ മന്ത്രിസഭ അടിയന്തര നിര്‍ദേശവും നല്‍കി. എന്നാല്‍, നടപടിക്രമം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥ വൃന്ദം തയാറായില്ല.
ആരോഗ്യസ്ഥിതി അതീവ ദുഷ്കരമായ സമയത്തു പോലും സാമൂഹിക പ്രവര്‍ത്തനം അവസാനിപ്പിക്കാതിരുന്ന നന്ദിനി, തന്‍െറ കണ്ണുകള്‍ മരണാനന്തരം ദാനം ചെയ്തു. അമ്മയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലുള്ള യദുകൃഷ്ണനെ മരണം അറിയിച്ചിട്ടില്ല.
പ്രശസ്ത ഇന്ത്യന്‍- ഇംഗ്ളീഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷിന്‍െറ ‘കൊല്‍ക്കത്ത ക്രോമസോം’ ഉള്‍പ്പെടെ നാലു പ്രമുഖ കൃതികള്‍ നന്ദിനി മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. വൃക്കരോഗികള്‍ക്ക് സഹായമേകുന്ന സാമൂഹിക പ്രവര്‍ത്തകയായും അഭിഭാഷകയായും അധ്യാപികയായും പ്രവര്‍ത്തിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
