ഫാസില ഗ്രന്ഥകാരി; ധന്യരായി ജനമൈത്രി പൊലീസ്
text_fieldsകോഴിക്കോട്: വീട്ടുവേലക്കാരിയുടെ ജീവിതത്തില്‍നിന്ന് ഗ്രന്ഥകാരിയിലേക്കുള്ള ദൂരം ഫാസിലക്ക് ഇപ്പോഴും അവിശ്വസനീയമായൊരു സ്വപ്നമാണ്. കൗമാരത്തിന്‍െറ കുതൂഹലതകളില്‍ ദാരിദ്ര്യത്തിന്‍െറ കൈപ്പും കണ്ണീരും അനുഭവിച്ച ബാല്യത്തിലും അവള്‍ക്ക് അക്ഷരങ്ങളോടുള്ള പ്രണയം കടലുപോലെയായിരുന്നു. കഷ്ടപ്പാടുകള്‍ മറക്കാന്‍ അവര്‍ക്ക് കൂട്ടത്തെിയത് പുസ്തകങ്ങളായിരുന്നു. മറ്റുള്ളവരുടെ വേദനകള്‍ സ്വന്തമായി അനുഭവിക്കുന്ന രചനകളോരോന്നും അവളെ എഴുത്തുകാരിയാക്കി.
കോഴിക്കോട്ടെ സാംസ്കാരികരംഗത്തേക്ക് മറ്റൊരു എഴുത്തുകാരിയെ കണ്ടത്തെിയതിന്‍െറ ധന്യതയിലാണ് നടക്കാവ് ജനമൈത്രി പൊലീസ്. ചെറുപ്പം മുതല്‍ പുസ്തകങ്ങളെ സ്നേഹിച്ച സി.കെ. ഫാസില റഷീദ് എന്ന വീട്ടമ്മയാണ് ജനമൈത്രി പൊലീസിന്‍െറ ഇടപെടലിലൂടെ ഗ്രന്ഥകാരിയാവുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള പയ്യാനക്കല്‍ കുഞ്ഞിക്കോയ- ആയിഷാബീ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയവളായി 1983ലാണ് ഫാസില ജനിച്ചത്. ഒരുനേരത്തെ അന്നത്തിന് കഷ്ടപ്പെട്ട ബാല്യത്തിലും എഴുത്തുകാരിയാകണമെന്ന് ആഗ്രഹിച്ച അവള്‍ ചെറുപ്പം മുതല്‍ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. കഷ്ടപ്പാടിന്‍െറ വേദനയും ഒറ്റപ്പെടലും മറക്കാന്‍ അവര്‍ക്ക് ആശയ്രം സ്കൂള്‍ ലൈബ്രറിയും നാട്ടിലെ വായനശാലകളുമായിരുന്നു.
മനസ്സില്‍ തോന്നിയതെല്ലാം കടലാസില്‍ കുത്തിക്കുറിച്ച് വെക്കുമ്പോള്‍ അതിലൊന്നെങ്കിലും അച്ചടിമഷി പുരളുമെന്ന വിദൂര പ്രതീക്ഷ പോലുമില്ലായിരുന്നു ഫാസിലക്ക്. എന്നാലും പഴയ നോട്ട്ബുക്കുകളില്‍ മനസ്സില്‍ തോന്നിയതെല്ലാം എഴുതിവെച്ചു. വിവാഹം കഴിഞ്ഞ് വെസ്റ്റ്ഹില്‍ ഭട്ട് റോഡ് ബീച്ചിലെ അമ്പാട് ഹൗസില്‍ എത്തുമ്പോഴും തന്‍െറ കഥകളും കവിതകളും അടങ്ങിയ ആ നോട്ടുപുസ്തകം ഒരു നിധിപോലെ സൂക്ഷിച്ചു. മൂന്ന് മക്കളായതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. കുട്ടികളുടെ പഠിപ്പ്, ഭക്ഷണം, വസ്ത്രം എല്ലാം താങ്ങാവുന്നതിലും അപ്പുറത്തായതോടെ കുടുംബം പുലര്‍ത്താന്‍ വീട്ടുജോലിക്ക് പോകാന്‍ നിര്‍ബന്ധിതയായി. ഇതിനിടയിലും എഴുത്ത് എന്ന സ്വപ്നം അവള്‍ നെഞ്ചോട് ചേര്‍ത്തു. മക്കള്‍ പഠിക്കുന്ന കച്ചേരി എ.യു.പി സ്കൂളില്‍ നടക്കാവ് ജനമൈത്രി പൊലീസിന്‍െറ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ളാസ് നടത്താന്‍ എസ്.ഐ ജി. ഗോപകുമാറും സംഘവും എത്തിയപ്പോള്‍ കുട്ടികളുടെ രക്ഷാകര്‍ത്താവ് എന്ന നിലയില്‍ ഫാസിലയും അവിടെ ഉണ്ടായിരുന്നു. സ്കൂളിലെ അധ്യാപിക ബിന്ദുവാണ് അവിടെവെച്ച് ഫാസിലയുടെ കാര്യം ജനമൈത്രി പൊലീസിന്‍െറ ശ്രദ്ധയില്‍പെടുത്തിയത്. ജീവിതപ്രതിസന്ധിയില്‍ തളര്‍ത്തിയ ഫാസിലയുടെ കഥകള്‍ വായിച്ച എസ്.ഐ അത് പ്രസിദ്ധീകരിക്കപ്പെടേണ്ടതാണെന്ന് തിരിച്ചറിഞ്ഞു.
അറിയപ്പെടാത്ത വ്യക്തിയായിട്ടും ‘മിന്നുപൂമ്പാറ്റ കണ്ട കാഴ്ചകള്‍’ എന്ന പേരില്‍ പ്രസാധകരായ ലിപി ആ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയാറായതോടെ എഴുത്തുകാരെ സ്നേഹിക്കുന്ന കോഴിക്കോടിന്‍െറ മണ്ണില്‍ മറ്റൊരു എഴുത്തുകാരിയുടെ പിറവിയായിരുന്നു. ജൂണ്‍ 10ന് വൈകീട്ട് ആറിന് ഇംഗ്ളീഷ് പള്ളിക്കുസമീപം പാരിഷ്ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റ എഴുത്തുകാരന്‍ പി.ആര്‍. നാഥന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
