മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്ന് പറഞ്ഞിട്ടില്ല -മുഖ്യമന്ത്രി
text_fieldsമുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാറിനോ ഇല്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ജില്ലയിലെ എം.എല്‍.എമാര്‍ക്കും എല്‍.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുല്ലപ്പെരിയാര്‍ വിഷയത്തിലെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകണമെന്നാണ് ഞാന്‍ ഡല്‍ഹിയില്‍ പറഞ്ഞത്. സുപ്രീംകോടതിവിധിയില്‍ പറയുന്നപോലെ ഡാമിന് ബലമുണ്ടെന്ന അഭിപ്രായം കേരളത്തിനില്ല. പക്ഷേ, ഡാമിന് ബലമില്ളെന്ന് പറയുമ്പോള്‍ അത് സമര്‍ഥിക്കാന്‍ നമുക്ക് കഴിയണം. അന്താരാഷ്ട്രതലത്തില്‍ നൂറുവര്‍ഷം കഴിഞ്ഞ ഡാമുകളെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുണ്ട്. അത്തരം വിദഗ്ധരുള്‍പ്പെട്ട സമിതിയെ നിയോഗിച്ച് ഡാമിന്‍െറ ബലം പരിശോധിക്കണമെന്ന സംസ്ഥാനത്തിന്‍െറ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു. ഡാമിന്‍െറ ബലത്തെക്കുറിച്ച പരിശോധനയാണ് പ്രധാനം. ഇതാണ് സര്‍ക്കാറിന്‍െറ നിലപാട്. വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍നിലപാട് തന്നെയാണ് സമരസമിതിക്കും’- പിണറായി പറഞ്ഞു.
കേരളത്തിന് ഒറ്റക്ക് കെട്ടിപ്പൊക്കാന്‍ കഴിയുന്നതല്ല മുല്ലപ്പെരിയാര്‍ ഡാം. പുതിയ ഡാം കെട്ടണമെങ്കില്‍ തമിഴ്നാടിന്‍െറ സഹകരണം കൂടിയേ തീരൂ. അതിന് കേന്ദ്രസര്‍ക്കാറും ഇടപെടണം. തമിഴ്നാടുമായി സംഘര്‍ഷത്തിലേക്കല്ല കാര്യങ്ങള്‍പോകേണ്ടത്. ചര്‍ച്ചചെയ്ത് പരിഹരിക്കണം. നാം ഉയര്‍ത്തിയ ഒരു മുദ്രാവാക്യത്തിലും വെള്ളം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. സുപ്രീംകോടതിവിധിയോട് കേരളത്തിന് യോജിപ്പില്ല.
ചില അന്താരാഷ്ട്ര വിദഗ്ധരുടെ പട്ടിക ഇതിനോടകംതന്നെ സര്‍ക്കാര്‍ തയാറാക്കി വരുകയാണ്. ആര്‍ക്കും തള്ളിക്കളയാനാകാത്ത പട്ടികയായിരിക്കും സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ വെക്കുക. അയല്‍ക്കാരുമായി സംഘര്‍ഷം ഉണ്ടാക്കിയതുകൊണ്ട് നമുക്കും അവര്‍ക്കും ഗുണമുണ്ടാകില്ല. എന്നാല്‍, ഇവിടെ സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്ന പലരുമുണ്ട്. നാടിന്‍െറ ഐശ്വര്യവും സമാധാനവും തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.