Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപദവി വേണമെങ്കില്‍...

പദവി വേണമെങ്കില്‍ കുറിപ്പ് നല്‍കേണ്ടതില്ല; നേരിട്ടുപറയാൻ സ്വാത​്രന്ത്യമുണ്ട് – വിഎസ്​

text_fields
bookmark_border
പദവി വേണമെങ്കില്‍ കുറിപ്പ് നല്‍കേണ്ടതില്ല; നേരിട്ടുപറയാൻ സ്വാത​്രന്ത്യമുണ്ട് – വിഎസ്​
cancel

തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ ചോദിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കുറിപ്പുനല്‍കിയെന്ന വാർത്ത കള്ളമാണെന്ന്​ വിഎസ്​ അച്യുതാനന്ദൻ. കേരളത്തിൽ ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടെന്ന് അവകാശപ്പെടുന്ന പത്രം പ്രചരിപ്പിക്കുന്ന കള്ളമാണ്​ ഇതെന്നും വി.എസ്​ ​ഫേസ്​ബുക്​ പോസ്​റ്റിൽ പറഞ്ഞു.

 ‘ഏത് നേതാക്കളോടും എന്തുകാര്യവും നേരിട്ടുപറയാനും എന്തെങ്കിലും എഴുതിക്കൊടുക്കേണ്ടി വന്നാല്‍ അതിനും സ്വാത​്രന്ത്യമുണ്ട്. ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കില്‍ പുതിയ എല്‍.ഡി.എഫ്  സര്‍ക്കാറി​െൻറ സത്യപ്രതിജ്ഞ നടക്കുന്നതിനിടയില്‍ യെച്ചൂരിക്ക് കുറിപ്പ് നല്‍കേണ്ടതില്ല. അന്നും അതിനുമുമ്പുള്ള ദിവസങ്ങളിലും  യെച്ചൂരിയുമായി പലതവണ കൂടിക്കണ്ടിരുന്നു. അപ്പോഴൊന്നും നല്‍കാതെ, സത്യപ്രതിജ്ഞാചടങ്ങില്‍ കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങള്‍ എഴുതിനല്‍കി എന്നത്​ വിചിത്രഭാവനയാണ്​.  ഊരും പേരുമെഴുതാതെ വെള്ളക്കടലാസില്‍ ആരെയോ കൊണ്ട് കൈപ്പടയിലെഴുതിപ്പിച്ചായിരിക്കുമോ എന്നൊന്നും ചിന്തിക്കാതെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു ആ പത്രം. പല അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ വന്നിട്ടുണ്ടെന്നും അത് കൈമാറി എന്നുമാണ് യെച്ചൂരി പറഞ്ഞത് . അല്ലാതെ ഞാന്‍ ഏതെങ്കിലും പദവി ആവശ്യപ്പെട്ട് കുറിപ്പു നല്‍കി എന്ന് ആ സഖാവ് പറഞ്ഞിട്ടില്ല’ –ഫേസ്​ബുക്​ പോസ്​റ്റിൽ വി.എസ്​ വ്യക്തമാക്കി.

ഫേസ്​ബുക്​ പോസ്​റ്റി​​െൻറ പൂർണരൂപം:


ഞാന്‍ ഇന്ന് പുതിയ വാടകവീട്ടിലേക്ക് താമസം മാറുകയാണ്.മുമ്പേ തീരുമാനിച്ചതാണിത്. അതനുസരിച്ച് പ്രതിപക്ഷനേതാവിന്റെ ഓഫീസിലെയും വസതിയിലെയും സ്റ്റാഫിനോട് ഇക്കാര്യം പറഞ്ഞിട്ട് ദിവസങ്ങളായി.
ഇന്നലെ ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ കൊടുത്ത വാര്‍ത്ത നിങ്ങള്‍ കണ്ടുകാണും - 'വീടുമാറ്റം വൈകിപ്പിച്ച് വി.എസ്' എന്നാണ് അതിന്റെ തലക്കെട്ട്. എന്നോടോ എന്റെ രണ്ടുഡസനില്‍ കുറയാത്ത സ്റ്റാഫില്‍ ആരോടെങ്കിലുമോ ചോദിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു വ്യാജവാര്‍ത്ത അവര്‍ക്ക് കൊടുക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍, വാര്‍ത്ത പ്രത്യേകിച്ചും ഇടതുപക്ഷക്കാരെയും അതില്‍തന്നെ വി.എസ്. അച്യുതാനന്ദനെയും സംബന്ധിച്ചാവുമ്പോള്‍ എത്രത്തോളം കള്ളമായാലും കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലാണിപ്പോള്‍ ആ പത്രവും അവരുടെ ചാനലും.

ഇന്ന് ഒന്നാം പേജില്‍ ആ പത്രം മറ്റൊരു നുണ പ്രസിദ്ധീകരിച്ചിട്ടുണ്ട് 'പദവി, ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍:വി.എസ് സമ്മതിച്ചു' എന്നാണതിന്റെ തലക്കെട്ട് .പൂര്‍ണമായും അസംബന്ധമാണിത്. ഇതേക്കുറിച്ച് സി.പി.എമ്മിന്റെ ഒരു ഘടകത്തിലുമുള്ള ആരും എന്നോട് സംസാരിക്കുകയോ ഞാന്‍ എന്തെങ്കിലും മറുപടി പറയുകയോ ചെയ്തിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരം വാര്‍ത്ത പടച്ചുവിടുന്നവര്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന് വരുത്തിവയ്ക്കുന്ന കെടുതികള്‍ ചര്‍ച്ച ചെയ്യണമെന്ന് പൊതുസമൂഹത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഞാന്‍ സ്ഥാനമാനങ്ങള്‍ ചോദിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സഖാവ് സീതാറാംയെച്ചൂരിക്ക് കുറിപ്പുനല്‍കി എന്ന കള്ളം പ്രചരിപ്പിക്കാന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടെന്ന് അവകാശപ്പെടുന്ന പത്രം നടത്തിവരുന്ന ശ്രമങ്ങള്‍ മാധ്യമഗവേഷകര്‍ ഭാവിയില്‍ പഠനവിഷയമാക്കുമെന്ന് ഉറപ്പാണ്. യെ്ച്ചൂരിക്ക് ഞാന്‍ ഒരു കുറിപ്പുനല്‍കുന്നത്, അതും എനിക്ക് ഏതെങ്കിലും സ്ഥാനമാനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഊരുംപേരുമൊന്നുമെഴുതാതെ ഒരു വെള്ളക്കടലാസില്‍ ആരെയോ കൊണ്ട് കൈപ്പടയിലെഴുതിപ്പിച്ചായിരിക്കുമോ എന്നൊന്നും ചിന്തിക്കാതെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു ആ പത്രം. എനിക്ക് ഔപചാരിക വിദ്യാഭ്യാസം കാര്യമായിട്ടില്ലെങ്കിലും മലയാളത്തിലും അത്യാവശ്യം ഇംഗ്ലീഷിലും എഴുതാനും വായിക്കാനും ഇപ്പോഴും കഴിവുണ്ട്. ഞാന്‍കൂടി നട്ടുനനച്ചുണ്ടാക്കിയ സി.പി.എം എന്ന മഹാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഏത് നേതാക്കളോടും എന്തുകാര്യവും നേരിട്ടുപറയാനും എന്തെങ്കിലും എഴുതിക്കൊടുക്കേണ്ടി വന്നാല്‍ അതിനും എനിക്ക് സ്വാതന്ത്യവുമുണ്ട്. എനിക്ക് ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കില്‍ പുതിയ ഒരു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടയില്‍ യെച്ചൂരിക്ക് എന്തെങ്കിലും കുറിപ്പ് നല്‍കേണ്ടതില്ല.അന്നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഞാനും യെച്ചൂരിയുംമാത്രമായും അല്ലാതെയും പലതവണ കൂടിക്കണ്ടിരുന്നു.അപ്പോഴൊന്നും നല്‍കാതെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങള്‍ എഴുതിനല്‍കുന്നത് എന്ന വിചിത്രഭാവനയുടെ ഉളുപ്പില്ലായ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല. .യെച്ചൂരിതന്നെ ഇതുസംബന്ധിച്ചു പറഞ്ഞത് പല അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ വന്നിട്ടുണ്ടെന്നും അത് കൈമാറി എന്നുമാണ്. അല്ലാതെ ഞാന്‍ ഏതെങ്കിലും പദവി ആവശ്യപ്പെട്ട് കുറിപ്പു നല്‍കി എന്ന് ആ സഖാവ് പറഞ്ഞിട്ടില്ല.

മുമ്പ്, 'നിലമറന്ന് വി.എസ്' എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ പ്രധാനവാര്‍ത്ത പ്രസിദ്ധീകരിച്ച പത്രമാണിത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട കോടതിരേഖ നിയമസഭയില്‍ വായിച്ചതിനായിരുന്നു ഈ ഹാലിളക്കം. ഞാന്‍ അന്ന് പ്രസംഗിച്ചത് സത്യമായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു.വി.എസ് അച്യുതാനന്ദന്റെ മകനെയും മകളെയും ബന്ധുക്കളെയും അപമാനിക്കുന്ന വിധത്തില്‍ എത്ര വാര്‍ത്ത കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇതേ പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു? അതൊക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമായിരുന്നു. ഈ പത്രവും അതിന്റെ ചാനലും യു.ഡി.എഫ് സര്‍ക്കാരും തലകുത്തി നിന്നിട്ടും അതിലൊന്നിന്റെ പേരിലെങ്കിലും നടപടി എടുക്കാനായോ?എനിക്കോ എന്റെ കുടുംബാംഗങ്ങളുടെയോ പേരില്‍ വഴിവിട്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ നിയമസഭയിലും പുറത്തും ഞാന്‍ വെല്ലുവിളിച്ചതുമാണല്ലോ. എന്നിട്ടെന്തായി? അതേസമയം, ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളില്‍ ചിലരുടെ 'കൃത്യങ്ങള്‍' ആ പത്രത്തില്‍ വരാത്തത് സോഷ്യല്‍മീഡിയയില്‍ പാട്ടാണ്. ഉമ്മന്‍ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് എനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ വാര്‍ത്ത കൊടുത്ത പത്രം നാറിയില്ലേ? കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍വന്നാല്‍ ആത്മഹത്യചെയ്യുമെന്ന് പണ്ടുപറഞ്ഞതാണ് ഈ പത്രത്തിന്റെ പ്രധാനി. അന്ന് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാവാത്ത ആ പത്രം മാദ്ധ്യമവൃത്തികേടുകളുടെ പര്യായമായി മലയാളിക്ക് അപമാനമായി തുടരുകയാണ്. തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഞാന്‍ ഇക്കാര്യം ഒരു പത്രത്തില്‍ എഴുതിയ 'ജനപക്ഷം' എന്ന പംക്തിയില്‍ വിശദീകരിച്ചിട്ടുണ്ട്.( അത് ഇതിന്റെ ചുവടെ കൊടുക്കുന്നു) മാനസപുത്രനായ ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷനേതൃസ്ഥാനംപോലും ഇല്ലെന്നറിഞ്ഞതോടെ നിലതെറ്റിയ ആ പത്രം അതിന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ വിവേചനശക്തിയുടെമേലാണ് കുതിരകേറുന്നത്.

ഒരു കാര്യം വ്യക്തമാക്കട്ടെ - കഴിഞ്ഞ ഏഴര പതിറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരു ഘട്ടത്തിലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്ന് എനിക്ക് ചങ്കൂറ്റത്തോടെ പറയാന്‍ കഴിയും. എന്റെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ചില സ്ഥാനമാനങ്ങള്‍ പ്രസ്ഥാനം തന്നിട്ടുണ്ട് ; അത് അഭിമാനത്തോടെ സ്വീകരിച്ചിട്ടുമുണ്ട്. എന്തെങ്കിലും സ്ഥാനമാനങങള്‍ കിട്ടുമെന്ന് കരുതിയല്ല ഞാന്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ഇനിയും ജനങ്ങളോടൊപ്പം അവരിലൊരാളായി ഞാന്‍ ഉണ്ടാകും.

Show Full Article
TAGS:vs achuthanandan ldf kerala cpm kerala 
Next Story